'അമ്പരപ്പോടെ നോക്കിനിന്ന പയ്യന് സഞ്ചരിക്കാനുളള ദിശ നൽകിയ വടക്ക് നോക്കിയന്ത്രമാണ് നിശ്ചലമായത്': ലാൽ ജോസ്

Last Updated:

രണ്ട് മാസം മുമ്പ് കണ്ടപ്പോഴും സിനിമയോടുള്ള അടങ്ങാത്ത ആവേശം ശ്രീനിവാസൻ പങ്കുവെച്ചിരുന്നുവെന്നും പുതിയൊരു കഥയുടെ പ്ലോട്ട് അന്ന് അദ്ദേഹം തന്നോട് സംസാരിച്ചിരുന്നുവെന്നും ലാൽ ജോസ് വെളിപ്പെടുത്തി

News18
News18
ശ്രീനിവാസന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴികാട്ടിയെയാണ് നഷ്ടമായതെന്ന് അദ്ദേഹം വികാരാധീനനായി കുറിച്ചു. വെറുമൊരു സംവിധാന സഹായിയായി സിനിമയുടെ പുറംലോകത്ത് നടന്നിരുന്ന തനിക്ക് സ്വതന്ത്ര സംവിധായകനാകാനുള്ള വഴി വെട്ടിത്തെളിച്ചത് ശ്രീനിവാസനാണെന്ന് ലാൽ ജോസ് കുറിച്ചു. ലാൽ ജോസിന്റെ കരിയറിലെ നാഴികക്കല്ലായ ആദ്യ ചിത്രം 'ഒരു മറവത്തൂർ കനവി'ന് തിരക്കഥയൊരുക്കി അദ്ദേഹത്തിന് കരുത്തായത് ശ്രീനിവാസനായിരുന്നു.
രണ്ട് മാസം മുമ്പ് കണ്ടപ്പോഴും സിനിമയോടുള്ള അടങ്ങാത്ത ആവേശം ശ്രീനിവാസൻ പങ്കുവെച്ചിരുന്നുവെന്നും പുതിയൊരു കഥയുടെ പ്ലോട്ട് അന്ന് അദ്ദേഹം തന്നോട് സംസാരിച്ചിരുന്നുവെന്നും ലാൽ ജോസ് വെളിപ്പെടുത്തി. സിനിമ എന്ന മഹാത്ഭുതത്തെ അമ്പരപ്പോടെ നോക്കിനിന്ന ഒറ്റപ്പാലത്തുകാരനായ ഒരു സാധാരണ പയ്യന് കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാനുള്ള ദിശാബോധം നൽകിയത് ശ്രീനിവാസനായിരുന്നു. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ 'വടക്കുനോക്കിയന്ത്രം' എന്നാണ് ലാൽ ജോസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ശ്രീനിയേട്ടന്റെ ശരീരത്തിൽ തീയാളുകയാണിപ്പോൾ..
പതിറ്റാണ്ടുകൾക്ക് മുമ്പ് ആ മുഖത്തിനു മുന്നിൽ ക്ളാപ്പ് ബോർഡും പിടിച്ചുനിന്ന ആ പയ്യൻ ഇപ്പോൾ ഇവിടെ ഒറ്റക്കാണ്. പാവം പാവം രാജകുമാരന്റെ സെറ്റിൽ പ്രിയനടനെ, ആരാധ്യനായ എഴുത്തുകാരനെ ആദ്യമായി അടുത്തുകണ്ടപ്പോൾ അവന്റെയുളളിൽ ഉണർന്ന കൗതുകങ്ങൾ, അദ്ഭുതം, ആരാധന..ശ്രീനിയേട്ടാ, അടുത്തപ്പോൾ അതൊന്നും ഒട്ടും കുറഞ്ഞില്ല.. എത്രേയോ ഇരട്ടിയായി കൂടിയിട്ടേയുളളൂ.ഓരോ തവണ കാണുമ്പോഴും പുതിയ ഒരു ശ്രീനിവാസൻ , പുതിയ ഒരു കാഴ്ചപ്പാട്, പുതിയ ഒരു കഥ. അതായിരുന്നു അദ്ദേഹം. എന്തിന് രണ്ട് മാസം മുമ്പ് കണ്ടപ്പോഴും ഒരു കഥയുടെ പ്ളോട്ടുണ്ടായിരുന്നു അദ്ദേഹത്തിന് പറയാൻ…മുപ്പത് കൊല്ലം മുമ്പ് ലാൽജോസാണ് സംവിധാനം ചെയ്യുന്നതെങ്കിൽ താൻ എഴുതാം എന്ന് അദ്ദേഹം പറഞ്ഞ ആ നിമിഷം! അപ്രന്റീസും ജൂനിയർ അസിസ്റ്റന്റും ഒക്കെയായി ഓടിപാഞ്ഞുനടന്ന ചെറുപ്പക്കാരന് അസോസിയേറ്റ് ഡയറക്ടർ എന്ന കുറേക്കുടി വേതനവും പദവിയും ഉളള പദവിയിലേക്ക് സ്ഥാനകയറ്റം കിട്ടിയിട്ടേയുണ്ടായിരുന്നുളളൂ.. കല്ല്യാണം ജസ്റ്റ് കഴിഞ്ഞിട്ടേയുളളൂ..സംവിധാനം എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് നടപടിയായില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന പേടി..അന്ന് ആ ചെറുപ്പക്കാരന്റെ ഏക ധൈര്യം ശ്രീനിയേട്ടന്റെ ഉളളിന്റെ ഉളളിൽ അടുത്തവർഷങ്ങളിൽ എന്നെങ്കിലും തെളിഞ്ഞേക്കാൻ സാധ്യതയുളള ഒരു ‘കനവ്’ ആയിരിന്നു..രണ്ട് രണ്ടരവർഷം ആ കനവിനായി ഞങ്ങൾ ഒരുമിച്ചിരുന്നു..അത് മറവത്തൂർ കനവായി..ലാൽ ജോസ് സംവിധായകനായി..സിനിമയെ എന്നല്ല, ലോകത്തേയും ജീവിതത്തേയും എല്ലാത്തിനേയും അമ്പരപ്പോടെ മാത്രം നോക്കിനിന്നിരുന്ന ഒറ്റപാലംകാരൻ പയ്യന് അവന്റെ ലോകത്തിലേക്ക് സഞ്ചരിക്കാനുളള ദിശ നൽകിയ വടക്ക് നോക്കിയന്ത്രമാണ് ഇന്നലെ നിശ്ചലമായത്.
advertisement
അദ്ദേഹത്തിന്റെ തിരക്കഥയിൽ ഞങ്ങളൊരുമിച്ച് ഇനിയുമൊരു സിനിമയുണ്ടെന്ന് മറവത്തൂർ കനവ് റിലീസായി എൺപത്തിനാലാം ദിവസം കയ്യടിച്ച് പറഞ്ഞൊരു വാക്ക്..പലവുരു പലകഥകളുമായി ഇരുന്നെങ്കിലും ആ വാക്ക് പാലിക്കാനായില്ല..എങ്കിലും അപാര സുന്ദരമായ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ ഓരത്ത് ഒരു ചെറു മൈൽക്കുറ്റിയായി ഞാനും ഉണ്ടായല്ലോ.. എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും..ശ്രീനിയേട്ടാ വിട!
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'അമ്പരപ്പോടെ നോക്കിനിന്ന പയ്യന് സഞ്ചരിക്കാനുളള ദിശ നൽകിയ വടക്ക് നോക്കിയന്ത്രമാണ് നിശ്ചലമായത്': ലാൽ ജോസ്
Next Article
advertisement
'ഒരു തവണ കൂടി തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
'തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
  • കശുവണ്ടി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചു

  • സർക്കാരിന്‍റെ നിലപാട് കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവും വ്യക്തമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്

  • പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം കോടതിക്ക് നൽകാൻ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു

View All
advertisement