Jai Bhim| സൂര്യയുടെ 'ജയ് ഭീമും' തമിഴ്നാട്ടിലെ സിപിഎമ്മും തമ്മിൽ എന്തു ബന്ധം? സിനിമ പറയുന്നത് നടന്ന കാര്യം
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്.
കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സൂര്യ (Suriya) പ്രധാന കഥാപാത്രമായി എത്തിയ 'ജയ് ഭീം' (Jai Bhim) എന്ന തമിഴ് സിനിമ വൻ ജനപ്രീതി നേടിയാണ് മുന്നേറുന്നത്. ടി ജെ ജ്ഞാനവേല്‍ (TJ Gnanavel) കഥയെഴുതി സംവിധാനം ചെയ്ത സിനിമയിൽ മലയാളിക്കും അഭിമാനിക്കാനേറെ. സിനിമയുടെ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്ന മലയാളി നടിമാരാണ്. സിനിമയിലെ പ്രധാന കഥാപാത്രമായ രാജാക്കണ്ണിന്റെ ഭാര്യയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലിജോമോളും (Lijomol) ടീച്ചറുടെ വേഷത്തിലെത്തുന്ന രജിഷ വിജയനും (Rajisha Vijayan). സിനിമ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്.
സിപിഎം രാഷ്ട്രീയം
ട്രെയിലർ പുറത്തിറങ്ങിയത് മുതൽ സിപിഎമ്മുമായുള്ള ബന്ധം ചര്‍ച്ചയായിരുന്നു. സിപിഎമ്മിന്റെ ചെങ്കൊടിയും മുദ്രാവാക്യം വിളിയും കാള്‍ മാര്‍ക്‌സ്, ഏംഗല്‍സ്, പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ എന്നിവരുടെ ചിത്രങ്ങളും സിനിമയിൽ നിറഞ്ഞുനിൽക്കുന്നു. കെട്ടുകഥയല്ല സിനിമ പറയുന്നത് എന്നതാണ് പ്രത്യേകത.
ഇരുളര്‍ വിഭാഗത്തില്‍ പെട്ട രാജാക്കണ്ണ് എന്ന യുവാവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയും അതിക്രൂരമായ ലോക്ക് അപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. രാജാക്കണ്ണിന്റെ ഭാര്യ പാര്‍വ്വതിയ്‌ക്കൊപ്പം നിന്ന് പോരാടി, സത്യം പുറത്തെത്തിച്ച അഡ്വ കെ ചന്ദ്രുവിനെ ആണ് സൂര്യ സിനിമയില്‍ അവതരിപ്പിക്കുന്നത്.
advertisement

സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണൻ
അഡ്വ. കെ ചന്ദ്രു
സിനിമയിൽ സൂര്യ അവതരിപ്പിക്കുന്ന അഡ്വ കെ ചന്ദ്രു യഥാർത്ഥ ജീവിതത്തിൽ പിന്നീട് ന്യായാധിപനായി. നീതിയുടെ പക്ഷത്ത് നിന്ന് അസംഖ്യം വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍, അതിന് മുമ്പ് അദ്ദേഹം തമിഴ്‌നാട്ടിലെ ഇടത് മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. തമിഴ്‌നാട്ടില്‍ എസ്എഫ്‌ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ചന്ദ്രു. അഭിഭാഷക വൃത്തിയില്‍ സജീവമാകുമ്പോഴും സിപിഎം പ്രവര്‍ത്തകനായി നിലകൊണ്ടു. ചന്ദ്രുവിന്റെ രാഷ്ട്രീയം എന്തെന്ന് സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്ന ഒരോ ഫ്രെയിമിലും സംവിധായകൻ ജ്ഞാനവേൽ വ്യക്തമാക്കുന്നു.
advertisement

യഥാർത്ഥത്തില്‍ നടന്നത്
രാജാക്കണ്ണിന്റെ ഭാര്യയുടെ പേര് പാർവതി എന്നായിരുന്നു. എന്നാല്‍, സിനിമയില്‍ അത് സെങ്കെണി എന്നാക്കിയിട്ടുണ്ട്. രാജാക്കണ്ണിനെ തേടിയുള്ള പാർവതിയുടെ പോരാട്ടത്തില്‍ ആദ്യം കണ്ണിചേരുന്നത് പ്രാദേശിക സിപിഎം നേതാവായിരുന്ന ഗോവിന്ദന്‍ ആയിരുന്നു. സിപിഎമ്മിന്റെ കമ്മപുരം താലൂക്ക് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. പാർവതിയ്ക്കും രാജാക്കണ്ണിനും വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ കടുത്ത ശാരീരിക ആക്രമണങ്ങള്‍ക്ക് ഗോവിന്ദൻ ഇരയായിട്ടുണ്ട്. പാർവതിയുടെ പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഗോവിന്ദന്‍ ഒപ്പം ഉണ്ടായിരുന്നു. 13 വര്‍ഷം അദ്ദേഹം ഈ കേസിന് പുറകെ നടന്നു.
advertisement

സിപിഎം ഏറ്റെടുത്ത പ്രതിഷേധം
രാജാക്കണ്ണിന്റെ തിരോധാനത്തിന്റെ ഉള്ളറകൾ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആയിരുന്നു. സഖാവ് ഗോവിന്ദനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മപുരം സിപിഎം താലൂക്ക് സെക്രട്ടറി രാജ്‌മോഹനും വിഷയത്തില്‍ ഇടപെടുകയും വിവരങ്ങള്‍ ജില്ലാ കമ്മിറ്റിയെ അറിയിക്കുകയും തുടര്‍പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തു. രാജ്‌മോഹന്റെ ഇടപെടലിനെ തുടര്‍ന്നാണ് രാജാക്കണ്ണിന്റെ തിരോധാനത്തില്‍ ഒരു പൊലീസ് കേസ് തന്നെ ഫയല്‍ ചെയ്യപ്പെട്ടത്.
advertisement
കമ്മപുരം താലൂക്ക് സെക്രട്ടറിയില്‍ നിന്ന് വിവരം ലഭിച്ച വിരുധാചലം ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണന്റെ ഇടപെടലുകളാണ് കേസിന്റെ ആദ്യ ഘട്ടത്തില്‍ ഏറെ നിര്‍ണായകമായത്. വിഷയം സംസ്ഥാന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതും അതുവഴി അഡ്വ ചന്ദ്രുവിലേക്കെത്തിക്കുന്നതും ബാലകൃഷ്ണന്‍ തന്നെയാണ്. ബാലകൃഷ്ണന്‍ ഇപ്പോള്‍ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും ചിദംബരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ്.

'അറിവൊളി ഇയക്കം'
മലയാളിയായ രജിഷ വിജന്‍ ആണ് സിനിമയിൽ ടീച്ചറുടെ വേഷത്തിലെത്തുന്നത്. ഗ്രാമത്തില്‍ 'അറിവൊളി ഇയക്കം' എന്ന വിദ്യാഭ്യാസ മുന്നേറ്റ പരിപാടിയുമായി എത്തിയതയാണ് ടീച്ചർ. സിനിമയില്‍ സെങ്കെണിയെ ഈ പോരാട്ടത്തിന്റെ മുന്നിലേക്കെത്തിക്കുന്നതും എല്ലാത്തിനും ഒപ്പം നില്‍ക്കുന്നതും ടീച്ചര്‍ തന്നെ. രജിഷ അവതരിപ്പിച്ച ഈ കഥാപാത്രവും യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിന് സമാനമായി തമിഴ്‌നാട്ടില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപീതരിച്ച പ്രസ്ഥാനം ആയിരുന്നു 'അറിവൊളി ഇയക്കം'. ആ മുന്നേറ്റം ഇന്നും 'തമിഴ്‌നാട് സയന്‍സ് ഫ്രണ്ട്' എന്ന പേരില്‍ തുടരുന്നു.
advertisement

എന്തുകൊണ്ട് സിപിഎം?
സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്. എന്തുകൊണ്ടാണ് സിനിമയില്‍ സിപിഎമ്മിന് ഇത്രയേറെ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്. ആദ്യം അഭിഷാകനും പിന്നീട് ന്യായാധിപനുമായിമാറിയ ജസ്റ്റിസ് ചന്ദ്രു ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരുന്നു. ഒരു യഥാര്‍ത്ഥ സംഭവം സിനിമയാക്കുമ്പോള്‍, അതിനോട് നീതികാണിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചന്ദ്രുവിന്റെ രാഷ്ട്രീയം സിനിമയിലും ഉണ്ടാകും. താന്‍ ഒരിക്കലും വെള്ളം ചേര്‍ക്കില്ലെന്നും ജ്ഞാനവേല്‍ അഭിമുഖത്തില്‍ പറയുന്നു.
advertisement
സൂര്യയുടേയും ജ്യോതികയുടേയും പ്രൊഡക്ഷന്‍ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് 'ജയ് ഭീം' നിര്‍മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സെങ്കെണിയെ അവതരിപ്പിച്ചിരിക്കുന്നത് മലയാളിയായ ലിജോമോള്‍ ജോസ് ആണ്. പ്രകാശ് രാജ്, റാവു രമേശ്, കെ മണികണ്ഠന്‍ എന്നിവരും പ്രധാന വേഷയത്തില്‍ എത്തുന്നു.

തമിഴ്നാട്ടിലെ ഇടത് രാഷ്ട്രീയം
കേരളം കഴിഞ്ഞാല്‍, ഇടതുപക്ഷത്തിന് പാര്‍ലമെന്ററി രംഗത്ത് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐയ്ക്കും രണ്ട് വീതം എംപിമാരെ സംഭാവന ചെയ്ത ഏക സംസ്ഥാനവും തമിഴ്‌നാട് തന്നെ. ഡിഎംകെ സഖ്യത്തിനൊപ്പം നിന്നാണ് സിപിഎമ്മും സിപിഐയും മത്സരിച്ചത്.
ആരാണ് ജസ്റ്റിസ് ചന്ദ്രു
നിര്‍ണായകമായ വിധികളിലൂടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ചന്ദ്രു. തമിഴ്‌നാട്ടിലെ സിപിഎം പ്രവര്‍ത്തകരില്‍ ഒരാളായ ചന്ദ്രു, വിദ്യഭ്യാസ കാലഘട്ടത്തില്‍ തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധേയനായിരുന്നു. രാജ്യത്തെ ഒരു ജഡ്ജിക്കും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളും ജസ്റ്റിസ് ചന്ദ്രു സ്വന്തമാക്കിയിട്ടുണ്ട്. തന്റെ കാലയളവില്‍ 96,000 കേസുകളാണ് അദ്ദേഹം തീര്‍പ്പാക്കിയത്.
സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരികളാകാം, ജാതി നോക്കാതെ പൊതുവായ ശ്മശാന ഭൂമി ഉണ്ടായിരിക്കണം, നാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് പൊലീസിന്റെ അനുമതി ആവശ്യമില്ല, ഉച്ചഭക്ഷണ കേന്ദ്രങ്ങളില്‍ സാമൂഹിക അടിസ്ഥാനത്തിലുള്ള സംവരണം വേണം തുടങ്ങിയവ അദ്ദേഹത്തിന്റെ നിര്‍ണായകമായ വിധികളില്‍ ചിലതുമാത്രം.

അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ 2006 ജൂലായ് 31 നാണ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചന്ദ്രു നിയമിതനായത്. 2009 നവംബര്‍ 9 നാണ് അദ്ദേഹം ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായത്. അഭിഭാഷകനായിരുന്ന കാലഘട്ടത്തില്‍ ജാതി വിവേചനത്തിനെതിരെയും പിന്നാക്ക, അധസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടിയ ചരിത്രമാണ് ചന്ദ്രുവിനുള്ളത്. മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി ഹാജരായപ്പോള്‍ വക്കീല്‍ ഫീസ് പോലും അദ്ദേഹം ഈടാക്കിയിരുന്നില്ല,
ജഡ്ജി ആയപ്പോഴും റിട്ടേയര്‍ഡ് ചെയ്തപ്പോഴും തന്റെ സ്വത്തുവിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. 2013 മാര്‍ച്ചിലാണ് ചന്ദ്രു ജഡ്ജിയായി വിരമിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 04, 2021 9:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jai Bhim| സൂര്യയുടെ 'ജയ് ഭീമും' തമിഴ്നാട്ടിലെ സിപിഎമ്മും തമ്മിൽ എന്തു ബന്ധം? സിനിമ പറയുന്നത് നടന്ന കാര്യം