കാന്താരയ്ക്കായുള്ള കാത്തിരിപ്പിനിടെ ഋതിക് റോഷനുമായി കൈകോർത്ത് ഹോംബാലെ ഫിലിംസ്; പാൻ ഇന്ത്യൻ ചിത്രം വരുന്നു
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ തന്നെ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണിത്
ബോളിവുഡ് സൂപ്പർസ്റ്റാർ ഋതിക് റോഷനും (Hrithik Roshan), കെ.ജി.എഫ്., കാന്താര ചിത്രങ്ങളുടെ നിർമാതാക്കളായ ചലച്ചിത്ര നിർമാണ കമ്പനി ഹോംബാലെ ഫിലിംസും (Hombale Films) ചേർന്ന് ഒരു പാൻ-ഇന്ത്യൻ ചിത്രത്തിനായി കൈകോർക്കുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ തന്നെ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണിത്.
ബോളിവുഡ് ചലച്ചിത്രമേഖലയിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനികളിൽ ഒന്നായ ഹോംബാലെ ഫിലിംസ്, അനേകം വിജയ ചലച്ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മെഗാ ബ്ലോക്ക്ബസ്റ്ററുകളിലൂടെ ഹോംബാലെ ഫിലിംസ് പ്രേക്ഷകരെ ഇതിനുമുൻപും വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും, ഋതിക് റോഷനുമൊത്തുള്ള ഈ പുതിയ പ്രൊജക്റ്റ് പ്രേക്ഷകരിൽ ഒരു പുതു തരംഗം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.
അതുകൊണ്ടുതന്നെ പ്രഖ്യാപനം വന്ന ദിവസം മുതൽ ഈ ചിത്രം വ്യാപകമായ ചർച്ചകൾക്കും, അഭിപ്രായങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഋതിക് റോഷൻ ആരാധകർക്കും സിനിമാപ്രേമികൾക്കും ഇത് തീർച്ചയായും ഒരു വലിയ വാർത്തയാണ്.
advertisement
ഈ സഹകരണത്തിൽ അദ്ദേഹം വളരെ സന്തോഷവാനാണെന്നും, ഒരു സാധാരണ സിനിമ ചെയ്യുക എന്നതിലുപരി, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും, അവർക്ക് ആസ്വാദനത്തിൻറെ പുതിയ തലങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന സിനിമകൾ എടുക്കുകയെന്നതാണ്, ഒരു പ്രൊഡക്ഷൻ സ്റ്റുഡിയോ എന്ന നിലയിൽ തങ്ങളുടെ ലക്ഷ്യമെന്നും ഇതേക്കുറിച്ച് സംസാരിച്ച ഹോംബാലെ ഫിലിംസ് സ്ഥാപകൻ വിജയ് കിരഗണ്ടൂർ പറഞ്ഞു. ഋതിക് റോഷനുമായുള്ള ഈ സിനിമ ആ ലക്ഷ്യത്തിന് ഒരു പുതിയ ദിശ നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഹോംബാലെ ഫിലിംസ് കഴിഞ്ഞ കുറേ വർഷങ്ങളായി വ്യത്യസ്തങ്ങളായ പല കഥകൾക്കും ജീവൻ നൽകിയിട്ടുണ്ട്. അവരുമായി കൈ കോർത്ത് പ്രേക്ഷകർക്കായി മികച്ചൊരു ചലച്ചിത്രാനുഭവം തന്നെ നൽകണമെന്നാണ് എന്റെ ആഗ്രഹം. ഞങ്ങൾ വലിയൊരു സ്വപ്നം കാണുന്നു, ആ സ്വപ്നത്തെ പൂർണമായ ദൃശ്യമികവോടെ സ്‌ക്രീനിൽ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട്", ഋതിക് കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ, വിതരണ കമ്പനികളിൽ ഒന്നായി ഉയർന്നുവന്ന ഹോംബാലെ ഫിലിംസ്, കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ കെജിഎഫ് ചാപ്റ്റർ 1 & ചാപ്റ്റർ 2, സലാർ: പാർട്ട് 1 - സീസ്-ഫയർ, കാന്താര എന്നീ മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. വ്യത്യസ്തമായ കഥകൾ പറയുന്നതിൽ ഒരു നാഴികക്കല്ല് സൃഷ്ടിക്കുക മാത്രമല്ല, സ്ഥിരമായി ബോക്സ് ഓഫീസ് വിജയങ്ങൾ നേടാനും ഹോംബാലെ ഫിലിംസിന് സാധിച്ചിട്ടുണ്ട്. ഈ മികവിനൊപ്പം ആരാധകപിന്തുണയിലും, ജനപ്രീതിയിലും, താരമൂല്യത്തിലും മുൻപന്തിയിലുള്ള സൂപ്പർ താരങ്ങളിലൊരാൾ എന്ന നിലയിൽ ഋതിക് റോഷന്റെ സാന്നിധ്യവും ഇഴചേരുന്നു.
advertisement
മികച്ച വ്യക്തിത്വം, അവിശ്വസനീയമായ ഓൺ-സ്ക്രീൻ സാന്നിധ്യം, കുറ്റമറ്റ അഭിനയം എന്നീ സവിശേഷതകൾ കൊണ്ട് ചലച്ചിത്ര മേഖലയിൽ ഒരുപാട് മികച്ച വിജയ ചിത്രങ്ങൾ നൽകാൻ അദ്ദേഹത്തിനായിട്ടുണ്ട്. അതോടൊപ്പം തന്നെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വാർ 2, ക്രിഷ് 4 എന്നിങ്ങനെ പല വമ്പൻ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി വരാനുമുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 29, 2025 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കാന്താരയ്ക്കായുള്ള കാത്തിരിപ്പിനിടെ ഋതിക് റോഷനുമായി കൈകോർത്ത് ഹോംബാലെ ഫിലിംസ്; പാൻ ഇന്ത്യൻ ചിത്രം വരുന്നു