പ്രേക്ഷക മനസ്സിലേക്ക് തറച്ചുകയറുന്ന കഥ, അതു മനോഹരമായി പറഞ്ഞിരിക്കുന്നു. ജോസഫിനും നായാട്ടിനും ശേഷം ജോജു ജോർജിന്റെ തകർപ്പൻ പ്രകടനം, ഞെട്ടലുളവാക്കുന്ന ക്ലൈമാക്സ്… അതിഭാവുകത്വവും ശബ്ദകോലാഹലവും നായകന്റെ തല്ലുമാലയും ഇല്ലാതെ മലയാളത്തിൽ മികച്ചൊരു കുറ്റാന്വേഷണ സിനിമ കൂടി പിറന്നിരിക്കുന്നു.
പേരു സൂചിപ്പിക്കുന്നതുപോലെ ഇരട്ടസഹോദരങ്ങളെയാണ് ജോജു അവതരിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരായ വിനോദും പ്രമോദും. ഒരാൾ എഎസ്ഐയും മറ്റേയാൾ ഡിവൈഎസ്പിയും. റാങ്കിലെ ഈ അന്തരം അല്ല, ഇരുവരും തമ്മിലുള്ള ഈഗോ ക്ലാഷിന് ബാല്യകാലത്തെ നടുക്കുന്ന ഓർമകളുടെ പിൻബലവും. വാഗമൺ പൊലീസ് സ്റ്റേഷനിൽ പട്ടാപ്പകൽ നടക്കുന്ന ഒരു കുറ്റകൃത്യം. അതിന് ഉത്തരം കണ്ടെത്തുന്നതാണ് സിനിമ.
പൊലീസ് വേഷത്തിൽ ജോജു വീണ്ടും എത്തുമ്പോൾ പ്രേക്ഷകർക്ക് പൊതുവെ ഒരു ആകാംക്ഷയുണ്ടാകും. അതു നിലനിര്‍ത്തിതന്നെയാണ് സിനിമയുടെ സഞ്ചാരം. ഒരേസമയം തന്നെ വെറുപ്പും ക്രൂരതയും അനുകമ്പയും നിസ്സഹായതയും പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെ അതിമനോഹരമായി ജോജു അവതരിപ്പിച്ചു. രൂപത്തിൽ അധികമൊന്നും മാറ്റങ്ങൾ വരുത്താതെ തന്നെ മാനറിസങ്ങളിലെ വ്യത്യസ്തത കൊണ്ട് ഇരുകഥാപാത്രങ്ങൾക്കും വേറിട്ട വ്യക്തിത്വം നൽകാൻ ജോജുവിനായി.
Also Read- ഏതോ ജന്മകല്പനയിൽ നിന്നു വന്ന കലൈവാണി; വാണി ജയറാം വിട പറഞ്ഞത് വിവാഹ വാർഷിക ദിനത്തിൽ
‘മാലിനി’യായി തമിഴ് നടി അഞ്ജലി, ‘ഡിവൈഎസ്പി സതീഷ് ചന്ദ്രനാ’യി ശ്രീകാന്ത് മുരളി, മന്ത്രി ‘ഗീതാ രാജേന്ദ്രനാ’യി ശ്രിന്ദ, ‘എസ് പി സവിത സത്യനാ’യി ആര്യ സലിം, പൊലീസുകാരായി സാബു, അഭിറാം, ഡോക്ടറായി ജെയിംസ് ഏലിയ, ‘ചന്ദ്രൻപിള്ള’യായി കിച്ചു ടെല്ലസ്, ‘ബ്രദർ സാംസൺ വിൽഫ്രഡാ’യി ജിത്തു അഷ്റഫ് എന്നിവരും ഗംഭീരമാക്കി.
കുറ്റാന്വേഷണമാണെങ്കിലും, ഒട്ടും ബോറടിപ്പിക്കാതെ പ്രധാന കഥാപാത്രങ്ങളുടെ ജീവിത സന്ദർഭങ്ങളിലൂടെയാണ് കഥ പറച്ചിൽ. ക്രൂരനെന്നും കൊള്ളരുതാത്തവനെന്നും സമൂഹവും ചുറ്റുപാടിലെ ‘അഴുക്ക്’ എന്ന് സ്വയവും വിശ്വസിക്കുന്ന കുറ്റകൃത്യത്തിലെ ഇര. അയാളുമായി ജീവിതത്തിൽ ഇടപെട്ടിട്ടുള്ള മറ്റുള്ളവർക്ക്, അയാൾ എന്തായിരുന്നു എന്ന് കാണിക്കുന്നതോടെ രഹസ്യത്തിന്റെ ചുരുളഴിയുകയാണ്. ഇരട്ടകളിൽ ഒരാളുടെ സന്തോഷവും ദുഃഖവും മറ്റേയാളിലും പ്രതിഫലിക്കപ്പെട്ടേക്കാം എന്നത് ഇവിടെയും കാണാം.
നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം സംവിധായകനും തിരക്കഥാകൃത്തുമായ രോഹിത് എം ജി കൃഷ്ണൻ ഗംഭീരമാക്കി എന്ന് നിസംശയം പറയാം. ഒരു അന്വേഷണാത്മക സിനിമയ്ക്ക് വേണ്ടും വിധം സസ്പെൻസ് നിലനിര്‍ത്തിക്കൊണ്ട് ഓരോ രംഗങ്ങളും കോര്‍ത്തെടുക്കാൻ രോഹിത്തിന് കഴിഞ്ഞു.
വിജയ്‍യുടെ ക്യാമറ ഇരട്ടകളുടെ ജീവിതസന്ദർഭങ്ങളിലേക്ക് മാത്രമല്ല, വാഗമണ്ണിന്റെ പുറംകാഴ്ചകളെയും മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചു. മനു ആന്റണിയുടെ എഡിറ്റിങ് ചിത്രത്തിന്റെ ഒടുക്കം വരെ ത്രില്ലടിപ്പിക്കുന്നതിൽ വലിയ ഘടകമായി. ജേക്ക്സ് ബിജോയ്‍യുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും കേള്‍വിക്കപ്പുറം കഥയോട് ഇഴചേർന്നിരിക്കുന്നു. ചിലപ്പോഴൊക്കെ മനസ്സിനെ പിടിച്ചുലയ്ക്കുകയും ചെയ്യും.
സിനിമ അവസാനിക്കുമ്പോൾ ഒരിക്കൽ കൂടി തിയേറ്ററുകളിൽ കൈയടികൾ നിറയുന്നത് കാണാം. ജോജുവിനും രോഹിത്തിനും മാർട്ടിൻ പ്രക്കാട്ടിനും ജേക്സ് ബിജോയ്ക്കും അർഹതപ്പെട്ടതാണത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.