സിനിമ റിലീസായതിനുശേഷം മൂന്നൂ ദിവസത്തേക്ക് റിവ്യൂ തടയണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി
- Published by:Rajesh V
- news18-malayalam
Last Updated:
വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ സാധാരണ നിലയിലുള്ള ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റിസ് സുന്ദർ വ്യക്തമാക്കി
ചെന്നൈ: സിനിമ റിലീസായതിനുശേഷം മൂന്നു ദിവസത്തേക്ക് യൂട്യൂബ് ചാനലുകൾ വഴിയും സാമുഹ്യ മാധ്യമങ്ങളിലൂടെയും റിവ്യൂ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ (TFAPA) ഹർജിയാണ് തള്ളിയത്. പുതിയ സിനിമകളുടെ റിവ്യു ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
നടൻ സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ 'കങ്കുവ'യെ കുറിച്ച് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ വന്നതിന് പിന്നാലെയാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. നെഗറ്റീവ് റിവ്യൂ മൂലം സിനിമകൾ പരാജയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ പ്രചരിക്കുമ്പോൾ സിനിമ കാണാൻ ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ മാറുന്നു. അഭിനയിച്ച നടനെയും സംവിധായകനെയും കുറിച്ച് അപകീർത്തികരമായ പ്രചരണം നടക്കുന്നുണ്ടെന്നും മനഃപൂര്‍വം സിനിമയെ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും അസോസിയേഷൻ വാദിച്ചു.
എന്നാൽ, വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ സാധാരണ നിലയിലുള്ള ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റിസ് സുന്ദർ അറിയിച്ചു. ചില സിനിമകൾക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. അവലോകനത്തിന്റെ മറവിൽ അപകീർത്തി ഉണ്ടായാൽ പൊലീസിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ, കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും യുട്യൂബ് കമ്പനിയോടും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.
advertisement
രണ്ടാഴ്ച മുമ്പ്, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, തിയേറ്റർ പരിസരത്ത് ആരാധകരുടെ കമന്റുകൾ യൂട്യൂബ് ചാനലുകളും മറ്റും എടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. സിനിമാ നിരൂപണത്തിന്റെ പേരിലുള്ള വ്യക്തിപരമായ ആക്രമണങ്ങളെയും വിദ്വേഷം വളർത്തുന്നതിനെയും അപലപിക്കുന്നതായി കൗൺസിൽ വ്യക്തമാക്കി. അതേസമയം സിനിമകളുടെ ഗുരുതരമായ പോരായ്മകളെ വിമർശിക്കാൻ മാധ്യമപ്രവർത്തകർക്ക് അവകാശമുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Summary: Madras High Court refuses Tamil Film Active Producers Association (TFAPA) petition to ban reviews for three days
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
December 03, 2024 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമ റിലീസായതിനുശേഷം മൂന്നൂ ദിവസത്തേക്ക് റിവ്യൂ തടയണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി