പൊതുദർശനം ആരംഭിച്ചത് മുതൽ ഇന്നസെന്റിനെ അവസാനമായി കാണാൻ താരങ്ങളുടെ തിരക്കായിരുന്നു. മമ്മൂട്ടി, മുകേഷ്, സായ് കുമാർ, ദുൽഖർ സൽമാൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാപേരും തന്നെ അദ്ദേഹത്തെ ഒരു നോക്ക് കാണാനെത്തി. അപ്പോഴും ഷൂട്ടിംഗ് തിരക്കിലായിരുന്നു മോഹൻലാൽ.
രണ്ടു ദിവസം മുൻപ് മാത്രമാണ് അദ്ദേഹം അവതാരകനായ ബിഗ് ബോസ് മലയാളം ഷോ ആരംഭിച്ചത്. അതുകഴിഞ്ഞ് രാജസ്ഥാനിലെ ഷൂട്ടിങ്ങും ഉണ്ടായിരുന്നു. ഒടുവിൽ മംഗലശ്ശേരി നീലകണ്ഠൻ തന്റെ പ്രിയപ്പെട്ട വാര്യരെ കാണാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മോഹൻലാൽ എത്തിച്ചേർന്നത്. പിന്നെ അവിടെനിന്നും നേരെ ഇരിഞ്ഞാലക്കുടയിലേക്ക്.
ഇന്നസെന്റിന്റെ ഭൗതിക ശരീരത്തിനരികിൽ അദ്ദേഹം നിർവികാരനായി നിലകൊണ്ടു. ആന്റണി പെരുമ്പാവൂരും ഇടവേള ബാബുവും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. പോലീസ് അകമ്പടിയോടെയാണ് അദ്ദേഹത്തെ എത്തിച്ചത്.
‘ദേഹമേ യാത്രയാകുന്നുള്ളു… ദേഹി ഇവിടെത്തന്നെയുണ്ട്’ എന്ന് കുറിച്ചുകൊണ്ട് മോഹൻലാലിന്റെ ഫാൻസ് പേജിൽ ഈ നിമിഷം പോസ്റ്റ് ചെയ്യപ്പെട്ടു.
മോഹൻലാൽ നേരിട്ട വൈകാരിക നിമിഷത്തെക്കുറിച്ച്, എങ്ങനെയാണ് അദ്ദേഹം ഇവിടെ വരെ എത്തിയതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ‘ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്…ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്.. ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം.. കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു.. “ഇന്നസെന്റേട്ടൻ പോയി… വാർത്ത ഇപ്പോൾ പുറത്തുവരും… ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് “..സിനിമയെന്ന സ്വപ്നത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അ,ല്ല ഒരു മനുഷ്യന്റെ മഹാവേദന… ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു… പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്.. ഇന്നസെന്റ് സാർ… ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും.. കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്… പകരം വെക്കാനില്ലാത്തതാണ് … സ്നേഹത്തോടെ’
Summary: Mohanlal pays last tribute to Innocent
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.