മുംബൈ: ബിഹാറിൽ നിന്നുള്ള
യൂട്യൂബർക്കെതിരെ 500കോടി രൂപയുടെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം
അക്ഷയ് കുമാർ.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് യൂട്യൂബർക്കെതിരെ അക്ഷയ്കുമാർ മാനനഷ്ടത്തിന് നോട്ടീസ് നൽകിയത്.
റാഷിദ് സിദ്ദിഖ് എന്നയാൾ തന്റെ യുട്യൂബ് ചാനലായ എഫ്എഫ് ന്യൂസിൽ തനിക്കെതിരെ അപകീർത്തികരമായ നിരവധി വീഡിയോകൾ അപ്‌ലോഡ് ചെയ്തതായി നവംബർ 17 ന് നിയമ സ്ഥാപനമായ ഐസി ലീഗൽ വഴി അയച്ച ലീഗൽ നോട്ടീസിൽ അക്ഷയ് കുമാർ പറയുന്നു. സുശാന്ത് സിംഗ് രാജ്പുതിന്റെ കോസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മകൻ ആദിത്യ താക്കറെ എന്നിവർക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പല സെലിബ്രിറ്റികളെ കുറിച്ചും ഇയാൾ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാറുണ്ട്. പല സന്ദർഭങ്ങളിലും ഇയാൾ അക്ഷയ് കുമാറിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാറുണ്ടെന്നാണ് ആരോപണം.
ധോണി ദ അൺടോൾഡ് സ്റ്റോറി പോലുള്ള ചിത്രങ്ങൾ സുശാന്തിന് ലഭിച്ചതിൽ അക്ഷയ് കുമാർ നിരാശനായിരുന്നതായി ഇയാൾ ഒരു വീഡിയേയിൽ ആരോപിച്ചു. ആദിത്യ താക്കറെയുമായും മുംബൈ പൊലീസുമായും നടൻ രഹസ്യ കൂടിക്കാഴ്ചകൾ നടത്തി എന്നാണ് മറ്റൊരു ആരോപണം. റിയയെ കാനഡയിലേക്ക് കടക്കാൻ അക്ഷയ് സഹായിച്ചുവെന്നും ഇയാൾ ആരോപിച്ചിട്ടുണ്ടായിരുന്നു.
നിരുപാധികം മാപ്പ് പറയണമെന്നും യൂട്യൂബ് ചാനലിൽ നിന്ന് ആക്ഷേപകരമായ വീഡിയോ നീക്കണമെന്നുമാണ് അക്ഷയ് കുമാർ ലീഗൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാൾക്കെതിരെ മറ്റൊരു മാനനഷ്ടക്കേസും നിലനിൽക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.