ഫൈസൽ ഖാൻ
29-ാമത് കാൻ ചലച്ചിച്ചിത്ര മേളയ്ക്ക് മെയ് 16ന് തുടക്കമാകും. ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള പാം ഡി ഓർ (ഗോൾഡൻ പാം) പുരസ്കാരത്തിനു വേണ്ടിയുള്ള മത്സര വിഭാഗത്തിൽ ഇത്തവണയും ഇന്ത്യൻ സിനിമയുടെ സാന്നിധ്യം ഉണ്ടാകില്ല. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വാഹം’ എന്ന മലയാള ചിത്രമാണ് കാൻ ചലച്ചിത്രമേളയിൽ ഏറ്റവും അവസാനമായി ഈ വിഭാഗത്തിൽ മാറ്റുരച്ച ഇന്ത്യൻ ചിത്രം. 1994ൽ ആയിരുന്നു അത്. ആ വർഷം അമേരിക്കൻ സംവിധായകൻ ക്വെന്റിൻ ട്വറന്റിനോ സംവിധാനം ചെയ്ത പൾപ്പ് ഫിക്ഷനാണ് (Pulp Fiction) ഈ പുരസ്കാരം സ്വന്തമാക്കിയത്. 1989 ൽ തന്റെ ആദ്യ ചിത്രമായ പിറവിയിലൂടെ ഷാജി എൻ കരുൺ കാൻ ചലച്ചിത്ര മേളയിലെ ക്യാമറ ഡി ഓർ പ്രത്യേക പരാമർശം നേടിയിരുന്നു.
മെയ് 16 മുതൽ 27 വരെ നടക്കുന്ന ഇത്തവണത്തെ കാൻ ഫെസ്റ്റിവലിൽ മൂന്ന് ഇന്ത്യൻ സിനിമകളാണ് ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഡിറക്ടേഴ്സ് ഫോർട്നൈറ്റ് (Directors’ Fortnight) വിഭാഗത്തിൽ ഒരു ഇന്ത്യൻ സിനിമയും പ്രദർശിപ്പിക്കും. അനുരാഗ് കശ്യപിന്റെ പുതിയ സിനിമയായ, കെന്നഡി, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥി യുധാജിത് ബസുവിന്റെ നെഹെമിച്ച്, അരിബാം ശ്യാം ശർമയുടെ മണിപ്പൂരി ചിത്രം ഇഷാനോ (1990) എന്നിവയാണ് ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമകൾ. സ്വതന്ത്ര ചലച്ചിത്ര നിർമാതാവായ കനു ബെഹലിന്റെ രണ്ടാമത്തെ ഫീച്ചർ സിനിമയായ ആഗ്രയുടെ വേൾഡ് പ്രീമിയറും ഡയറക്‌ടേഴ്‌സ് ഫോർട്ട്‌നൈറ്റ് വിഭാഗത്തിൽ നടക്കും. ഇതു കൂടാതെ പുതിയതായി ആരംഭിച്ച എമേർജിങ്ങ് ഫിലിം മേക്കേഴ്സ് (emerging filmmakers) വിഭാഗത്തിലും ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.
Also Read- ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിൽ; ‘വാത്തി’ സംവിധായകനുമായി കൈകോർക്കുന്നു ആദ്യമായാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഫീച്ചർ സിനിമ കാൻ ചലച്ചിത്ര മേളയുടെ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. 2013-ൽ കാൻസിൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം ആഘോഷിച്ച വേളയിൽ ബോംബെ ടാക്കീസ് എന്ന ആന്തോളജി ചിത്രം പ്രദർശിപ്പിച്ചിരുന്നു. കശ്യപിന്റെ മുറബ്ബ, സോയ അക്തറിന്റെ ഷീലാ കി ജവാനി, കരൺ ജോഹറിന്റെ അജീബ് ദസ്താൻ ഹേ യേ, ദിബാകർ ബാനർജിയുടെ സ്റ്റാർ എന്നീ ചെറുചിത്രങ്ങളാണ് ബോംബെ ടാക്കീസിൽ ഉണ്ടായിരുന്നത്. അതേ വർഷം കാനിൽ പ്രദർശിപ്പിച്ച വിക്രമാദിയ മോട്‌വാനെയുടെ ഉഡാൻ (2010), അമിത് കുമാറിന്റെ മൺസൂൺ ഷൂട്ടൗട്ട് (2013), നീരജ് ഗയ്‌വാന്റെ മസാൻ (2015) എന്നീ സിനിമകളുടെ സഹനിർമാതാവും അനുരാഗ് കശ്യപായിരുന്നു. 2013-ൽ കാനിലെ ക്രിട്ടിക്‌സ് വീക്ക് വിഭാഗത്തിൽ പ്രീമിയർ ചെയ്ത ദി ലഞ്ച്ബോക്‌സിന്റെ സഹനിർമാതാവും അനുരാഗ് കശ്യപായിരുന്നു.
സണ്ണി ലിയോൺ നായികയായി എത്തുന്ന സിനിമയാണ് കെന്നഡി. മുംബൈയിലെ തെരുവുകളിൽ മുപ്പത് രാത്രികളിലായി ചിത്രീകരിച്ച സിനിമയാണിത്. ഇൻസോമ്നിയ (insomnia) ഉള്ള, അഴിമതിക്കെതിരെ പോരാടുന്ന ഒരു പോലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. 2020 ലെ ലോക്ക്ഡൗൺ സമയത്ത് മുംബൈയിലെ വീട്ടിൽ വച്ചാണ് കശ്യപ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.