'ഞാനും ജോജിയും അടിച്ച് പിരിഞ്ച്, ദുശ്‌മൻ ദുശ്‌മൻ' കിലുക്കത്തിലെ ജഗതി ശ്രീകുമാറിന്റെ ഡയലോഗിന് മൂന്നു പതിറ്റാണ്ടോളം പഴക്കം ആണെന്ന് തോന്നുമോ? മലയാള സിനിമ അങ്ങനെ പല വിധത്തിൽ, പല കാലഘട്ടങ്ങളിൽ, രസകരമായ ഹിന്ദി പറഞ്ഞിട്ടുണ്ട്. 'ഒരു രാജ്യം, ഒരു ഭാഷ' ചർച്ച ചൂടുപിടിക്കുമ്പോൾ സിനിമകളിലെ അത്തരം ഡയലോഗുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം.
ജീവിക്കാൻ വേണ്ടി ഭീം സിംഗ് കാ ബേട്ട റാം സിംഗ് എന്ന ഗൂർഖയായി മാറിയ സേതുവെന്ന മോഹൻലാൽ കഥാപാത്രത്തെ എങ്ങനെ മറക്കാനാവും. 1986ൽ തിയേറ്ററിലെത്തിയ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിലേതാണ് ഈ രംഗം. മറ്റൊരു സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടാണ് ഈ ചിത്രം.
'മേം വരുമ്പോൾ ഹും, തും വരുമ്പോൾ ഹോ'. ഹിന്ദി കേട്ട് ശീലിച്ച ആനയെ മേയ്ക്കാനായി അയ്യപ്പൻ നായർ ഹിന്ദി പഠിക്കുന്ന രംഗം ഇന്നും മലയാളി മറന്നിട്ടില്ല. ഇന്നസെന്റിന്റെ കഥാപാത്രത്തെ ഹിന്ദി പഠിപ്പിക്കുന്നത് മുകേഷ് ആണ്. കലൂർ ടെന്നിസിന്റെ വരികളുമായി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഗജകേസരിയോഗം 1990ൽ പുറത്തിറങ്ങി.
പ്രിയദർശൻ സംവിധാനം ചെയ്ത് 1991ൽ പുറത്തു വന്ന കിലുക്കത്തിലെ തിരക്കഥ വേണു നാഗവള്ളിയുടേതാണ്. ഇതിൽ 'എനിക്ക് ഹിന്ദി അറിഞ്ഞൂടാന്ന് ഈ മറുതായോട് പറഞ്ഞ് കൊടുക്കെടാ' എന്നത് ഇപ്പോഴും ഹിന്ദി അത്ര വശമില്ലാത്തവർ സംഭാഷണത്തിനിടെ ഒപ്പം കൂട്ടാറുണ്ട്.
പീനെ കോ നാരിയൽ കാ പാനി ലാവോ'. ഹിന്ദിക്കാരനായ നേതാവ് കുടിക്കാൻ കരിക്കിൻവെള്ളം ചോദിച്ച നിമിഷം 'നാരിയൽ' എന്നാൽ എന്തെന്ന് ഒരു മുറ്റം നിറയെ കൂടി നിന്ന അണികൾ ആലോചിച്ചിട്ടും മനസ്സിലാവാത്ത രംഗം സന്ദേശം എന്ന ചിത്രത്തിലേതാണ്. 1991ൽ റിലീസ് ആയ ഈ സത്യൻ അന്തിക്കാട് ചിത്രത്തിലെ വരികൾ ശ്രീവാസന്റേതാണ്.
'അയലത്തെ അദ്ദേഹ'ത്തിൽ മണിയൻപിള്ള രാജുവും ജഗതി ശ്രീകുമാറും തമ്മിലെ ഹിന്ദി ഡയലോഗ് പ്രശസ്തമാണ്. 1992ൽ പുറത്തു വന്ന ചിത്രം സംവിധാനം ചെയ്തത് രാജസേനൻ, രചന ശശിധരൻ ആറാട്ടുവഴി.
1992ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത് ശശിധരൻ ആറാട്ടുവഴി രചിച്ച യോദ്ധ. പ്രത്യേകിച്ച് നീണ്ട ഹിന്ദി തമാശ വരികളൊന്നും ഇല്ലെങ്കിലും നേപ്പാൾ കാട്ടിൽ അകപ്പെട്ട അരശ്മൂട്ടിൽ അപ്പുക്കുട്ടൻ ചോദിക്കുന്ന 'ഏക് ലഡ്‌ക, ഏക് ലഡ്കി ഇതുവഴി പോകുന്നത് ദേഖി?' മാത്രം മതി ചിരിപ്പൂരം ഒരുക്കാൻ
റാഫി മെക്കാർട്ടിൻ രചനയും സംവിധാനവും കൈകാര്യം ചെയ്ത് 1998ൽ റിലീസ് ചെയ്ത പഞ്ചാബി ഹൗസിൽ പഞ്ചാബികളുടെ വീട്ടിൽ പണിക്കെത്തിയ മലയാളികളുടെ രസകരമായ ഹിന്ദി പ്രതികരണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹരിശ്രീ അശോകന്റെ രമണൻ ആണ് ഈ അവസരങ്ങളിലെല്ലാം താരമായത്. ഹിന്ദി അറിയാത്തതിന് രമണന്റെ കാരണം ഇങ്ങനെയായിരുന്നു: ഞാൻ ചപ്പാത്തി കഴിക്കാറില്ല, ചോറാണ് തിന്നണത്. അത് കൊണ്ട് എനിക്ക് ഹിന്ദി അറിയാനും പാടില്ല.
ഹിന്ദിക്കാരിയായ മീനയെ വളക്കാൻ മൂലംകുഴി സഹദേവൻ അഥവാ സി.ഐ.ഡി. മൂസ പയറ്റുന്ന അടവുകൾ പലതും രസകരം തന്നെയാണ്. ഒടുവിൽ ഹിന്ദി സിനിമ പേര് ചേർത്ത് വച്ച് പാടുന്ന 'മേനേ പ്യാർ കിയ' അക്കാലത്തെ പല പ്രണയങ്ങൾക്കും ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിട്ടുണ്ട്. 2003 ൽ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ്.
സിനിമ മോഹവുമായി നടക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ മാസ്സ് ഹിന്ദി ഡയലോഗുമായാണ് 'ബെസ്റ്റ് ആക്ടർ' എന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രം 2010ൽ പ്രേക്ഷക മുന്നിൽ എത്തിയത്. സ്കൂൾ അധ്യാപകൻ കൂടിയായ ബിപിൻ ചന്ദ്രൻ രചിച്ചതാണ് മമ്മൂട്ടിയുടെ ഈ വരികൾ. തിയേറ്ററിൽ കയ്യടിവാരിക്കൂട്ടിയ ഈ സംഭാഷണം സ്കൂൾ പാഠപുസ്തകത്തിൽ നിന്നും കൂട്ടിച്ചേർത്ത വരികൾ ഉൾക്കൊള്ളിച്ചതാണെന്നത് വാസ്തവം. ചിത്രീകരണ സമയത്ത് രചയിതാവിനെ പ്രത്യേകം ക്ഷണിച്ച് വരുത്തിയാണ് ഈ ഭാഗം മമ്മൂട്ടി അഭിനയിച്ചു തീർത്തത്.
ഹിന്ദിക്കാരിയായ പെണ്ണിനെ കെട്ടിയെന്നും പറഞ്ഞ് കാരണവന്മാരെ വീട്ടിൽ ക്ഷണിക്കുന്ന ബാലകൃഷ്ണൻ (ബിജു മേനോൻ). ഒടുവിൽ ആ സ്ഥാനം അഭിനയിക്കാനായി കൊണ്ടുവരുന്ന ഹിന്ദി സംസാരിക്കുന്ന മായാമോഹിനിയായി ദിലീപ് പെൺവേഷത്തിൽ എത്തിയ ചിത്രമാണ് മായാമോഹിനി. ഇതിൽ ഹിന്ദി മനസ്സിലാവാത്തവരും മോഹിനിയുമായുള്ള രസകരമായ ഡയലോഗുകളാണുള്ളത്. ജോസ് തോമസ് സംവിധാനം ചെയ്ത് ഉദയ് കൃഷ്ണ, സിബി കെ. തോമസ് എന്നിവർ രചിച്ച ചിത്രം 2012ൽ പുറത്ത് വന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.