• HOME
 • »
 • NEWS
 • »
 • film
 • »
 • Ishq review: ഒരിടത്തൊരു പ്രണയകഥയല്ല; നമ്മുടെ ഈ കാലത്തിന്റെ കഥയാണ് ഇഷ്ഖ്

Ishq review: ഒരിടത്തൊരു പ്രണയകഥയല്ല; നമ്മുടെ ഈ കാലത്തിന്റെ കഥയാണ് ഇഷ്ഖ്

Ishq movie review | സമൂഹത്തിന്റെ നാനാത്തുറകളിൽ നിന്നുള്ളവരും കണ്ടിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചിത്രമാണ് ഇഷ്ഖ്

ഇഷ്ഖിൽ ഷെയ്ൻ നിഗവും ആൻ ശീതളും

ഇഷ്ഖിൽ ഷെയ്ൻ നിഗവും ആൻ ശീതളും

 • Share this:
  #മീര മനു

  ഒരിടത്തൊരു കാമുകനും കാമുകിയും. ഇഷ്ഖ് എന്ന തലക്കെട്ടും പ്രണയ ജോഡികളുടെ ചിത്രം അടിച്ച പോസ്റ്ററും കണ്ടാൽ ഇത്രയുമൊക്കെ പ്രതീക്ഷിക്കാം. ആ കമിതാക്കളായി ഷെയ്ൻ നിഗവും ആൻ ശീതളും എത്തുന്നു. പക്ഷെ ഇഷ്ഖ് കണ്ടു മടുത്ത പ്രണയകഥയല്ല. ഷെയ്ൻ നിഗം എന്ന യുവ താരം മലയാള സിനിമയിൽ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. എപ്പോൾ, എങ്ങനെ വീശും എന്ന് പ്രവചിക്കാൻ ആവാതെ, പല ഭാവത്തിലും രൂപത്തിലും ഇയാളെ ഓരോ സിനിമയിലും മറ്റൊരു വ്യക്തിയായി എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. ഷെയ്‌നിന്റെ മേക്കോവർ വീഡിയോ കണ്ടപ്പോൾ, കുമ്പളങ്ങിയിലെ ബോബിയല്ല സച്ചി എന്ന് പറഞ്ഞത് വെറും വാക്കായില്ല എന്ന് സാരം.

  ദിവസേന നടന്നു പോകുന്ന വഴിയിൽ കാണുന്ന പോലുള്ള കഥാപാത്രങ്ങളെ അഭിനയം എന്ന് തോന്നിപ്പിക്കാതെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിലൂടെയാണ് ഷെയ്ൻ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നത്. സച്ചി എന്ന സച്ചിദാനന്ദൻ അത്തരത്തിൽ ഒരാൾ ആണ്. സച്ചിയും കാമുകി വസുധയും ഒന്നിച്ചൊരു രാത്രി നടത്തുന്ന യാത്രയെ ചുറ്റിപ്പറ്റിയുള്ള സമകാലീന സംഭവങ്ങളെ കൂടി കോർത്തിണക്കികൊണ്ടുള്ള പ്രമേയമാണ് ഇഷ്ഖ് പറഞ്ഞു പോകുന്നത്.

  ആൻ ശീതളും, ഷെയ്ൻ നിഗവും


  സച്ചിയും വസുവും യാത്ര ആരംഭിക്കുന്നത് മുതൽ പ്രേക്ഷകർ ശ്വാസം അടക്കി പിടിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ഇവിടെ ലൊക്കേഷൻ അഥവാ സെറ്റ് എന്ന് പറയാൻ പ്രധാനമായും രണ്ടു വീടുകളും ഒരു കാറും മാത്രം. അത്തരം മിനിമൽ സെറ്റിങ്ങിൽ ഉരുത്തിരിയുന്ന കഥാ സന്ദർഭം. സിനിമയുടെ ആദ്യ പകുതി ഭയ വിഹ്വലതകളും, അനിശ്ചിതത്വവും നിറഞ്ഞ മുഹൂർത്തങ്ങളിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. അവിടെ അവസാനിച്ചു എന്ന് കരുതുമ്പോൾ, അതിനേക്കാൾ ശക്തമായ പ്രകമ്പനങ്ങൾ ഏല്പിച്ചാണ് രണ്ടാം പകുതിയും ക്ലൈമാക്‌സും കടന്നു പോകുന്നത്. തിരക്കഥയുടെ മൂർച്ച ഓരോ ഷോട്ടിലും വ്യക്തം. പുള്ളിക്കാരൻ സ്റ്റാറാ ചിത്രത്തിന് രംഗാവതരണം എഴുതിയ രതീഷ് രവി എന്ന ബഹുമുഖനെയാണ് ഇവിടെ കാണുക. മനോഹരമായി ഈ സന്ദർഭങ്ങളെ അവതരിപ്പിച്ച സംവിധായകൻ അനുരാജ് മനോഹർ നവാഗതൻ എന്ന് വിശ്വസിക്കുക പ്രയാസം. തിരക്കഥയുടെ മൂർച്ച രാകി മിനിക്കിയ എഡിറ്റർക്കും വലിയൊരു പങ്കുണ്ട്.  എസ്രയിലെ ജൂതകാലത്തെ നാട്ടിൻപുറത്ത്കാരി റോസിയായി വെള്ളിത്തിരയിൽ എത്തിയ ആൻ ശീതൾ എന്ന അഭിനേത്രിയുടെ റെയ്‌ഞ്ചു വെളിവാക്കുന്ന കഥാപാത്രമാണ് വസുധ. വാ തോരാതെയുള്ള ഡയലോഗ് ഇല്ലാതെ, ഭാവാഭിനയത്തിലൂടെ ചിത്രത്തിന്റെ കടിഞ്ഞാൺ ആനിന്റെ കയ്യിൽ ഭദ്രം. കൂടാതെ സ്ത്രീ ശാക്തീകരണം വിളിച്ചു പറയാനായി നായിക ബഹിരാകാശത്തു പോകാതെ തന്നെ സാധിക്കും എന്നതിന് തെളിവാണ് വസുധ. നമുക്കിടയിലുള്ള ഒരു സാധാരണ എം.എ. വിദ്യാർഥിനിയിൽ പ്രതികരണ ശേഷി വേണ്ടുവോളം ഉൾക്കൊള്ളിച്ചാണ് വസുധയുടെ അവതരണം. വേണ്ടിടത്തു വേണ്ട പോലെ പ്രതികരിക്കാനും, കരണം നോക്കി പൊട്ടിക്കേണ്ടിടത്തു പൊട്ടിക്കാനും ഉള്ള കരുത്താണ് സ്ത്രീ ശാക്തീകരണത്തിന്റെ അടിത്തറ എന്നതിന്റെ ഉത്തമ ഉദാഹരണമായി വസുധ മാറുന്നു. ഇനിയും ഒരുപാട് വേഷങ്ങൾ ഈ നായികയെ തേടി വരട്ടെ എന്ന് പ്രതീക്ഷിക്കാം.

  വില്ലനായി വരുന്ന ഷൈൻ ടോം ചാക്കോയോട് വെറുപ്പ് തോന്നുന്നെകിൽ ആ കഥാപാത്രം വിജയിച്ചു എന്ന് തന്നെ പറയാം. ഇതുവരെ കണ്ടിട്ടില്ലാത്ത ഭാവ പ്രകടനങ്ങളിലൂടെ ഷൈനും വെള്ളിത്തിരയിൽ ജീവിക്കുകയാണ്. തുടക്കം മുതൽ ക്ലൈമാക്സോളം നിറഞ്ഞു നിൽക്കുന്ന ഈ കഥാപാത്രത്തിലൂടെ ഷൈനിലെ അഭിനയ പ്രതിഭയെ മറ്റൊരു തലത്തിൽ കാണാൻ കഴിയും.

  വ്യക്തി സ്വാതന്ത്ര്യവും, സോഷ്യൽ മീഡിയ ഉപയോഗവും വളരെയേറെ ഉള്ള ഇക്കാലത്ത് തീർച്ചയായും സമൂഹത്തിന്റെ നാനാത്തുറകളിൽ നിന്നുള്ളവരും കണ്ടിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചിത്രമാണ് ഇഷ്ഖ്.

  First published: