മോഹൻലാലിനോട് പരസ്യത്തിൽ നിന്നു പിന്മാറാൻ അഭ്യർത്ഥിച്ചത് വിൽപന കുറഞ്ഞതിനാൽ: ശോഭന ജോർജ്
Last Updated:
"വരുന്നത് അഭിമുഖീകരിക്കുകയല്ലാതെ എന്ത് ചെയ്യാനാവും?"
ഖാദി ബോർഡിന് നടൻ മോഹൻലാൽ 50 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ചതിൽ ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് പ്രതികരിക്കുന്നു. ഖാദി വിൽപ്പന കുറഞ്ഞതിലും, ഖാദി നെയ്ത് ഉപജീവനം നടത്തുന്നവരുടെ ഉപജീവന മാർഗ്ഗം തടസ്സപ്പെട്ടതിനാലുമാണ് സ്ഥാപനത്തിന് വക്കീൽ നോട്ടീസ് അയക്കുകയും, ലാലിന് ഒരപേക്ഷ പ്രത്യേകമായി നല്കിയതുമെന്നാണ് ശോഭന പറയുന്നത്. ശോഭനയുടെ പ്രതികരണം ചുവടെ.
''ആ ലെറ്റർ വായിച്ച് ഞങ്ങൾ ഞെട്ടി പോയി. 50 കോടി രൂപയുടെ ഡാമേജ് മോഹൻലാലിനെ പോലൊരു നടനോട്, ഖാദി ബോർഡിനെ പോലത്തെ ഒരു നേരത്തെ ആഹാരത്തിനും വിശപ്പിന്റെ വിളിയുമുള്ള 16,000ത്തോളം സ്ത്രീ ജനങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം എന്ത് ചെയ്യാനാ? ചർക്ക ഉപയോഗിച്ചുള്ള പരസ്യം. ഒപ്പം രഘുപതി രാഘവ രാജ റാം എന്ന് പശ്ചാത്തല സംഗീതവും പോകുന്നു. ചർക്ക നെയ്തു 'നമസ്കാരം' എന്ന് കൂടി പറഞ്ഞപ്പോൾ, ആദ്ദേഹത്തെ ആരാധിക്കുന്ന ലക്ഷങ്ങളുള്ള ഈ നാട്ടിൽ വിൽപ്പന മുഴുവൻ അങ്ങോട്ട് പോയി. ഇവിടെ ഏറ്റവും കൂടുതൽ കെട്ടിക്കിടക്കുന്നത് ഖാദിയുടെ മുണ്ടാണ്. വളരെയധികം ജനകീയമായ മുണ്ട്, കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി വിൽപ്പനയിൽ താഴേക്കു പോയത് ഈയൊരു കാലയളവിലാണ്. അതിന്റെ ഒപ്പം വെള്ളപ്പൊക്കം കൂടിയായപ്പോൾ പൂർണ്ണമായി."
advertisement
"സ്ഥാപനത്തിന് വക്കീൽ നോട്ടീസും, ഇതിൽ നിന്നും പിന്തിരിയണമെന്നും പറഞ്ഞൊരു അഭ്യർത്ഥന അദ്ദേഹത്തിനും, അയച്ചു. ഇപ്പോൾ വന്നിരിക്കുന്ന വക്കീൽ നോട്ടീസ് എങ്ങനെ നേരിടണമെന്നറിയില്ല. അദ്ദേഹവുമായൊരു പോരിന് ഞങ്ങൾക്കാവില്ല. 35,000 പേര് ഈ മേഖലയിലുണ്ടെന്ന് ഓർക്കണം. അത്രയും പേര് ഒന്നിച്ചു നിന്നാൽ പോലും അതിനു കഴിയില്ല. ഒരു ശതമാനം തെറ്റ് പോലും ബോർഡിൻറെ ഭാഗത്തു നിന്നും വന്നിട്ടില്ല. വിൽപ്പന മാന്ദ്യം വന്നതോടെ ഞങ്ങൾ ഉത്പാദനം നിർത്തി വച്ചു. അതോടെ ഈ മേഖലയിൽ തൊഴിലില്ലാതായി. തുച്ഛമായ വരുമാനം ആയിട്ടും അവർ ഖാദി മേഖലയിൽ ജോലി ചെയ്യുന്നത് അഭിമാനം തോന്നുന്നത് കൂടിയാണ്. അവർക്ക് മറ്റൊരിടത്ത് ജോലി ചെയ്യാൻ കഴിയില്ല. അവരുടെ അവസ്ഥ കണ്ടാണ് ഞങ്ങൾ സ്വകാര്യ സ്ഥാപനത്തോട് പരസ്യം നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ടത്. ഇതുപോലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾക്ക് ഞങ്ങൾ കത്തയച്ച്, ഞങ്ങൾ അടപ്പിച്ചു. ഖാദിയുടെ ഉൽപ്പന്നം എന്ന് പറയുമ്പോൾ ഉറപ്പു വരുത്തിയില്ലെങ്കിൽ നടപടിയുണ്ടാകും. ഖാദി വ്യവസായ മേഖല പുഷ്ടിപ്പെടണം എന്ന് കരുതിയാണ് ഇതെല്ലം ചെയ്യുന്നത്. ശക്തനായ ഒരാളോട് ഖാദി മേഖല എന്ത് ചെയ്യാനാണ്? അന്നന്ന് കിട്ടുന്ന വേതനത്തിൽ മുന്നോട്ടു പോകുന്ന കുറേ ജീവിതങ്ങളാണ് ഞങ്ങൾക്കൊപ്പമുള്ളത്. അവരെ ഒന്നിച്ചു ചേർത്താലും 50 കോടി തികയില്ല."
advertisement
"വരുന്നത് അഭിമുഖീകരിക്കുകയല്ലാതെ എന്ത് ചെയ്യാനാവും? വേറൊരു മാർഗ്ഗവും ആലോചിച്ചിട്ട് കിട്ടുന്നില്ല. ഇങ്ങനെയൊരു അപേക്ഷ മുന്നോട്ടു വച്ചെന്നല്ലാതെ, മറ്റൊരു പോരിനും ഞങ്ങൾ ഇല്ല. പക്ഷെ മറുപടി കൊടുക്കണമെങ്കിൽ, എന്ത് കൊടുക്കും എന്നതാണ് ഞങ്ങളുടെ പ്രശ്നം. പ്രധാനപ്പെട്ട മാധ്യമങ്ങളിൽ മാപ്പു കൊടുക്കണം എന്നാണ് ആവശ്യം. എന്ത് പറഞ്ഞ് ഞങ്ങൾ മാപ്പു കൊടുക്കണം? സാമൂഹിക പ്രതിബദ്ധതയുള്ള ആളല്ലേ അദ്ദേഹം? കൈത്തറിയുടെ ബ്രാൻഡ് അംബാസിഡറായിട്ട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിലല്ലേ അദ്ദേഹം വന്നത്? അദ്ദേഹത്തെ പോലൊരാൾ ഖാദിയുടെ ബ്രാൻഡ് അംബാസഡറായിട്ട് വന്ന്, ഒരു പുണ്യം പോലെ, ഈ മേഖലയെ ഒന്ന് പിടിച്ചുയർത്തണം, അദ്ദേഹത്തിലൂടെ അത് നടക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. എന്ത് വന്നാലും ഞങ്ങൾ അഭിമുഖീകരിക്കും. കൂടിപ്പോയാൽ തൂക്കികൊല്ലുകയല്ലേയുള്ളൂ? എനിക്കദ്ദേഹത്തോട് ബഹുമാനം കൂടിയിട്ടേയുള്ളു. ഒട്ടും കുറഞ്ഞിട്ടില്ല."
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 14, 2019 6:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോഹൻലാലിനോട് പരസ്യത്തിൽ നിന്നു പിന്മാറാൻ അഭ്യർത്ഥിച്ചത് വിൽപന കുറഞ്ഞതിനാൽ: ശോഭന ജോർജ്