• HOME
 • »
 • NEWS
 • »
 • film
 • »
 • Interview: 'ജോഷി സർ ചൂടനല്ല, സ്ട്രിക്ട് ആണ്; ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല': നൈല

Interview: 'ജോഷി സർ ചൂടനല്ല, സ്ട്രിക്ട് ആണ്; ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല': നൈല

Nyla Usha on reprising Alappad Mariyam in Porinju Mariyam Jose | പണ്ടത്തെ ഷീലാമ്മയുടെ 'ചട്ടമ്പി കല്യാണി' പോലൊരാൾ; തന്റെ കഥാപാത്രത്തെ പറ്റി നൈല പറയുന്നതിങ്ങനെ

നൈല ഉഷ; ആലപ്പാട് മറിയമായി നൈല

നൈല ഉഷ; ആലപ്പാട് മറിയമായി നൈല

 • Last Updated :
 • Share this:
  #മീര മനു

  ജോഷിയുടെ പടം എന്നാൽ ഇന്നും എന്നും മലയാള സിനിമയിൽ ഒരു മേൽവിലാസം തന്നെ. നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് എന്നിങ്ങനെ എണ്ണം പറഞ്ഞ ഹീറോകളെ ഒക്കെയും അഭിനയിപ്പിച്ച ചരിത്ര പാരമ്പര്യം പേറുന്ന സംവിധായകൻ. അഭിനേത്രികളിൽ ഷീല, ശ്രീവിദ്യ, സുമലത, മേനകമാരിൽ തുടങ്ങി പുതു തലമുറയിലെ മഞ്ജു വാര്യർ, കാവ്യാ മാധവൻ, ഭാവന, അമല പോൾ വരെയുള്ള നായികാ നിരയെ ക്യാമറക്ക് മുന്നിൽ അണിനിരത്തിയ ചലച്ചിത്രകാരൻ.

  അദ്ദേഹത്തിന്റെ അടുത്ത ചിത്രം 'പൊറിഞ്ചു മറിയം ജോസ്' തിയേറ്ററുകളിലേക്ക്. നായകന്മാർക്കൊപ്പം തോളോട് തോൾ സ്കോർ ചെയ്യാനായി ഒരു നായികാ കഥാപാത്രം; ആലപ്പാട് മറിയം. സ്‌ക്രീനിൽ മറിയമായി എത്തുന്നത് നൈല ഉഷ. ഏതാനും വർഷങ്ങളായി നൈലയെ സ്‌ക്രീനിൽ കാണുന്നെങ്കിലും, ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തയായി, വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായി ഈ വരുന്ന ഓഗസ്റ്റ് 23ന് പ്രേക്ഷക മുന്നിൽ എത്തുകയാണ് നൈല.

  ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുമ്പോൾ തലേ ദിവസം ദുബായിയിലെ പ്രീമിയർ ഷോയ്ക്കാവും നൈല തന്നെ ആലപ്പാട് മറിയത്തിന്റെ രൂപത്തിൽ കാണുക. ഒത്താൽ പിറ്റേ ദിവസം കേരളത്തിലെ ആദ്യ ഷോയും കാണണം. "കേരളവും ദുബായിയുമായി അത്ര ദൂരമില്ലല്ലോ." നൈല പറഞ്ഞു തുടങ്ങുന്നു.

  പൊറിഞ്ചു മറിയം ജോസ്


  ആലപ്പാട് മറിയം എങ്ങനെയാണ്?

  വളരെ പവർഫുൾ ആയിട്ടുള്ള ക്യാരക്റ്ററാണ്, നായകന്മാർക്കൊപ്പം നിൽക്കാനുള്ള തന്റേടം ഉള്ള നായികാ കഥാപാത്രം. ഒരു പക്ഷെ മറിയത്തിനും, പൊറിഞ്ചുവിനും, ജോസിനും വേണ്ടി പ്രത്യേകം സിനിമ ഉണ്ടാക്കാം. മൂന്നു പേരും ബോൾഡ് ആണ്. 1980 കാലഘട്ടത്തിൽ നടക്കുന്ന സംഭവത്തിൽ അന്നത്തെ പോപ്പുലർ പള്ളിപ്പെരുന്നാൾ കഥയാണ്. പള്ളിപ്പെരുന്നാളിന് അന്നത്തെ പാട്ടുകളായ 'ധം മാരോ ധം' ഒക്കെ ബാൻഡ് സെറ്റിൽ വായിക്കും. ഓരോരുത്തരുടെയും ഇൻട്രൊഡക്ഷൻ തന്നെ ഈ ബാൻഡ് സെറ്റ് വഴിയാണ്. ഡാൻസും ഫൈറ്റും ഒക്കെ ഉണ്ട്.

  80കളിലെ സ്ത്രീകൾ ചട്ടയും മുണ്ടും ഇട്ടു നമ്മൾ കണ്ടിട്ടില്ലല്ലോ. ഈ ക്യാരക്റ്ററിന്റെ ഭാഗമായാണ് ചട്ടയും മുണ്ടും ഇട്ട് ആലപ്പാട് മറിയം എന്ന സ്ട്രോങ്ങ് വുമൺ എത്തുന്നത്. പണ്ടത്തെ ഷീലാമ്മയുടെ 'ചട്ടമ്പി കല്യാണി' പോലൊരാൾ. എന്റെ ഈ അപ്പിയറൻസ് കണ്ട് അമ്മ ചോദിച്ചതും ഇങ്ങനെയാണ്. വലിയ തറവാട്ടിലെ അവിവാഹിതയായ സ്ത്രീയായ മറിയം. അച്ഛനോടും അമ്മയോടുമുള്ള സ്നേഹവും, അവർക്കു കൊടുത്ത വാക്കിന്റെ പേരിലും അവർ അങ്ങനെ ജീവിക്കുന്നു. അവർക്ക് സൗഹൃദം ഉണ്ട്, പ്രണയം ഉണ്ട്. സ്ഥിരം ചേടത്തി ടൈപ്പ് അല്ല.

  സോഫ്റ്റ് കഥാപാത്രങ്ങളുമായി വന്നിട്ടുള്ള നൈലയാണ് മറിയത്തെ അവതരിപ്പിക്കുന്നത്.

  ഞാൻ അത്രയും സോഫ്റ്റ് ആള് അല്ല കേട്ടോ. അൽപ്പം ഫയർ ബ്രാൻഡ് ആണ്. നമ്മളെ പോലെ തന്നയൊരു ക്യാരക്റ്റർ ചെയ്യുന്നതിനേക്കാൾ നമ്മളല്ലാത്ത ഒരാളുടെ വേഷം ചെയ്യുന്നതാണ് ചലഞ്ജ്. ഒരു വക്കീൽ ആവുക അങ്ങനെയൊക്കെ. പൂവ് വച്ച് പൊട്ടു തൊട്ട് സാരിയുടുക്കാൻ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷെ ഞാൻ ദുബായിയിൽ വർക്ക് ചെയ്യുന്നത് കൊണ്ടാണിങ്ങനെ.

  ജോഷി, ജോജു, ചെമ്പൻ എന്നിവർക്കൊപ്പമുള്ള സെറ്റ്.

  ഒരു അഭിനേതാവെന്ന നിലയിൽ എനിക്കെന്നെ അത്ര വിശ്വാസമില്ല. ചുറ്റുപാടുകൾ ഒത്തു വന്നാൽ അഭിനയിക്കും. ചില സമയത്ത് ക്യാമറയെ നോക്കി ചിരിക്കുമ്പോൾ പോലും ഞാൻ ഷേക്ക് ആവും. ആ ഞാൻ പോയി അഭിനയിച്ചാൽ എങ്ങനെ ഉണ്ടാവും എന്നൊന്നും അറിയില്ല.

  ഫീൽഡിൽ 41 വർഷം സ്വന്തമായുള്ളയാളാണ് ജോഷി സർ. ബിഗ് ഹിറ്സിന്റെ ഉടമ. മമ്മുക്ക, ലാലേട്ടൻ എന്നിവരുടെ ലെവലിൽ ഉള്ള അഭിനേതാക്കളെ സംവിധാനം ചെയ്ത ആൾ. 20-20 നോക്കൂ. എത്രയോ വലിയ ആക്ടർസിനെ ഒന്നിച്ച് ഒരു ഫ്രയിമിൽ കൊണ്ട് വന്നിട്ടുള്ള സംവിധായകൻ. 20-20 പോലൊരു ഫിലിം ചെയ്യാൻ അദ്ദേഹത്തിന് പറ്റിയെങ്കിൽ അത്രയും കമാൻഡിങ് പവർ ഉള്ള വ്യക്തി ആയത് കൊണ്ടാണ്. അത്രയും പേർ റെസ്പെക്ട് ചെയ്യുന്ന ഡയറക്ടർ ആണദ്ദേഹം. അത്തരമൊരു ഡയറക്റ്ററുടെ സിനിമക്കുള്ളിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുക എന്നത് എക്സൈറ്റ്‌മെന്റിനെക്കാൾ ഏറെ അതെങ്ങനെ ഏറ്റെടുക്കും എന്ന ഭയമാണ് സൃഷ്ടിച്ചത്.

  ഞാൻ ഒരു ക്ലീൻ സ്ളേറ്റായാണ്‌ സെറ്റിലേക്ക് വന്നത്. അവരുടെ മനസ്സിൽ ഉള്ള സിനിമയെപ്പറ്റി കേട്ട്, സീനിന് മുൻപ് അവർ വിശദീകരിച്ചു തരുന്നതും കേട്ട് സ്ക്രിപ്റ്റ് വായിച്ച്, പഠിച്ചു അത് പോലെയൊക്കെ ഞാൻ ചെയ്‌തു എന്നേയുള്ളൂ.

  ജോജുവിനെ കുറെ വർഷങ്ങളായി അറിയാവുന്നതാണ്. ജോജുവാണ് ഈ സിനിമയ്ക്കു വേണ്ടി എന്നെ ജോഷി സാറിനു മുൻപിൽ റെക്കമെന്റ്റ് ചെയ്യുന്നത്. ചെമ്പനെ ഞാൻ ഈ സിനിമയിൽ വന്നിട്ടാണ് കാണുന്നത്.  പക്ഷെ പെട്ടെന്ന് ഞങ്ങൾ മൂന്നുപേരും വളരെയടുത്ത സുഹൃത്തുക്കളായി. അത് കൊണ്ട് ഇവരുടെ കൂടെ നിന്ന് അഭിനയിക്കുമ്പോൾ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. ചെമ്പൻ വളരെ കാഷ്വൽ ആണ്. ആൾക്ക് എല്ലാം വളരെ ഈസി ആയി വരും. ഡയലോഗും, തൃശൂർ ഭാഷയാണ്. ചെമ്പൻ പോലെതന്നെയുള്ള ഒരു കഥാപാത്രമാണ്.

  ജോജു എന്റെ സുഹൃത്തായത് കൊണ്ട്, ഞങ്ങൾ ചെയ്താൽ നന്നായോ ഇല്ലയോ, അത് ശരിയായോ ഇല്ലയോ എന്നൊക്കെ ചോദിക്കും.

  സെറ്റിൽ വച്ചായിരുന്നില്ലേ ജോജുവിന്‌ സംസ്ഥാന അവാർഡ് വന്ന വിവരം അറിയുന്നത്?

  സ്റ്റേറ്റ് അവാർഡ് അവാർഡ് വന്നത് സെറ്റിൽ വച്ചായിരുന്നു. അന്ന് ഞങ്ങൾ ഒരു പാട്ട് സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. മേക്കപ്പ് ആർട്ടിസ്‌റ് റോനെക്സ്, പ്രസന്ന മാസ്റ്റർ, സുഡാനിലെ സരസ അമ്മ എന്നിങ്ങനെ നാല് അവാർഡുകൾ സെറ്റിൽ എത്തിയിരുന്നു. കേക്ക് കട്ട് ചെയ്ത് അവർക്ക് ഹാരം ഇട്ടു. ജോജുവിന്റെ വക പോർക്കും ബീഫും എല്ലാം ചേർന്ന ട്രീറ്റ് വന്നു.

  നൈല കണ്ട ജോഷി എന്ന സംവിധായകൻ ടഫ് ആണോ?

  ജോഷി സാറിനെ പൊതുവെ എല്ലാരും ചൂടൻ ആണെന്നാണ് പറയുന്നത്. പക്ഷെ വളരെ സ്ട്രിക്ട് വ്യക്തിയാണ്. ഉഴപ്പാനുള്ള ഗ്യാപ്പില്ല. നമ്മുടെ ജോലി വളരെ ഭംഗിയായി ചെയ്യാനൊരു ഇടം മാത്രമേ അവിടെ ഉള്ളൂ. അഥാവാ പ്രോപ്പർട്ടിയോ മറ്റോ റെഡി ആയില്ലെങ്കിൽ സാറിന്റെ ഒരു നോട്ടമോ വിളിയോ മാത്രം മതി. എല്ലാവരും വളരെ ഊർജസ്വലരായാണ് നിൽപ്പ്.

  സർ ഞങ്ങളോട് സിനിമകളുടെ കഥപറയും. എന്തോരം സിനിമകളുടെ കഥ പറയാനുണ്ട്. നമ്മൾ ചോദിച്ചാൽ പഴയ സിനിമകളുടെ ആ സീനുകൾ പറഞ്ഞു തരും. അങ്ങനെ ഓരോരോ സിനിമകളുടെ കഥ പറയും. ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. ഇനി അദ്ദേഹം ദൂരെ ഇരിക്കുകയാണെങ്കിലും, നടന്ന് അടുത്തു വന്നു പറയും ചെയ്തത് ശരിയായിട്ടില്ല, ലൗഡ് ആയി പോയി, കുറച്ചു ചെറുതാക്കി ചെയ്യണം എന്നൊക്കെ. അല്ലെങ്കിൽ മോണിറ്ററിൽ വിളിച്ചു കാണിച്ചു തരും. അത് നമുക്കൊരു ഹെല്പ് ആണ്.

  പണ്ടൊക്കെ ഒരു സിനിമയിൽ ഫിലിം വേസ്റ്റ് ആവും. അത് ചിലപ്പോ ഡയക്ടറിന് മേൽ സമ്മർദ്ദം ഉണ്ടാക്കും. അതാവും ചൂടായിട്ടുള്ളത്. ഇപ്പൊ ഡിജിറ്റൽ ആയത് കൊണ്ട് 'എത്ര ഷോട്ട് വേണമെങ്കിലും എടുക്കാല്ലോ' എന്ന് സർ പറയും. കുറെ ഷോട്സ്, ടേക്ക് ഒന്നും എടുത്തിട്ടില്ല. ഞാൻ ഡയലോഗ് ഒക്കെ പഠിച്ചു സെറ്റിൽ പോയി.

  അദ്ദേഹമാണ് മജീഷ്യൻ, ആളുകളുടെ പൾസ്‌ എവിടെ ഉണ്ടെന്ന് അറിയാം. എത്ര കൂടിപ്പോയി എത്ര കുറഞ്ഞു പോയി എന്നതൊക്കെ അറിയാവുന്ന വ്യക്തിയാണ്. ഈ സിനിമ തുടങ്ങുന്ന പോലെ അല്ല അവസാനിക്കുന്നത്. ഫസ്റ്റ് ഹാഫിന് ഒരു വികാരവും സെക്കന്റ് ഹാഫിന് വേറൊരു ഇമോഷനുമാണ്. സിനിമ കണ്ടു കഴിഞ്ഞു ജോഷി സാറിന്റെ പേരെഴുതി കാണിക്കുന്നിടത്ത് എല്ലാരും കയ്യടിക്കുമായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഡബ് ചെയ്യുമ്പോൾ കണ്ട ഭാഗങ്ങളല്ലാതെ, ഞാനും സർപ്രൈസിനായി കാത്തിരിക്കുകയാണ്.

  First published: