#മീര മനു1965ലെ ഒരു സ്കൂള്‍ കാലം. പൊറിഞ്ചുവും മറിയയും ജോസും ഒരു ക്ലാസ്സില്‍ പഠിക്കുന്നവര്‍. ഒരു പ്രതാപ കാലത്തേക്കുള്ള മടക്കയാത്രയുടെ രംഗങ്ങളുമായി ജോഷി ചിത്രം ആരംഭിക്കുകയായി.
ഒരു വലിയ തറവാട്ടിലെ പെണ്ണിനെ പാവപ്പെട്ട വീട്ടിലെ യുവാവ് പ്രണയിക്കുന്ന ചിത്രങ്ങള്‍ മുന്‍പും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ വ്യത്യസ്തത കാഴ്ചവച്ച് ഇനിയും ഒരു കഥ പറയാന്‍ ആവും എന്ന് തെളിയിച്ചു കൊണ്ട് പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോയി തൃശ്ശൂരിലെ ഒരു തനി നാടന്‍ ഏടിനെ പൊടി തട്ടി എടുക്കുകയാണ് സംവിധായകന് ഇവിടെ.
സ്കൂള്‍ കാലത്തില്‍ നിന്നും ക്യാമറ കൂട്ടിക്കൊണ്ടു പോകുന്നത് 20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇവരുടെ ജീവിതത്തിലേക്കാണ്. അവിടെ മറിയ അവിവാഹിതയാണ്. അത്യാവശ്യം കശപിശയും തല്ലുകൊള്ളിത്തരവുമായി പൊറിഞ്ചുവും ജോസും ജീവിക്കുന്നു.
മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളെയും അവരുടെ സൂപ്പര്‍ ഹിറ്റ് പടങ്ങളെയും സമ്മാനിച്ച ജോഷി നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായി തിയേറ്ററില്‍ എത്തിയ ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്.
പൊറിഞ്ചുവും ആലപ്പാട് മറിയയും തമ്മിലെ മുറിഞ്ഞിട്ടും മുറിയാത്ത പ്രണയം അവരുടെ ജീവിതത്തെ എവിടെ കൊണ്ടെത്തിക്കും, ഇതില്‍ കൂട്ടുകാരന് ജോസ് എന്ത് ചെയ്യും, ക്ളൈമാക്സില് പ്രേക്ഷകന്റെ പ്രതീക്ഷ ഏതു വഴിയേ മാറി സഞ്ചരിക്കും തുടങ്ങിയ ട്വിസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പ് ബാക്കിയാക്കി രണ്ടാം പകുതിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.