HOME /NEWS /Film / Moothon movie review: കടന്ന് ചെന്നിട്ടില്ലാത്ത സഞ്ചാരപഥങ്ങളിലൂടെ മൂത്തോനൊപ്പം മലയാള സിനിമ

Moothon movie review: കടന്ന് ചെന്നിട്ടില്ലാത്ത സഞ്ചാരപഥങ്ങളിലൂടെ മൂത്തോനൊപ്പം മലയാള സിനിമ

മൂത്തോനിൽ നിവിൻ പോളി

മൂത്തോനിൽ നിവിൻ പോളി

Read Moothon movie full review | പകലിലും ഇരുൾ മൂടിയ ഇടനാഴികളിലേക്ക് മൂത്തോനൊപ്പം പ്രേക്ഷകർക്കും സഞ്ചരിക്കാം

 • Share this:

  മൂത്തോൻ എന്നാൽ മൂത്തവൻ അഥവാ ജ്യേഷ്‌ഠൻ എന്നർത്ഥം. ഉത്തരവാദിത്വം, പക്വത, തണൽ, മാതൃക തുടങ്ങിയ മാനദണ്ഡങ്ങളിൽ ഇന്നും കാണപ്പെടുന്ന/ അളക്കപ്പെടുന്ന സ്ഥാനമാണ് ഗീതു മോഹൻദാസ് തന്റെ ഏറ്റവും പുതിയ ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട മുല്ല എന്ന കുട്ടിക്കും ഇനി തണൽ ആവാൻ ഭൂമിയിൽ ശേഷിക്കുന്നത് മൂത്തോൻ മാത്രം. എന്നാൽ ലക്ഷദ്വീപിൽ നിന്നും മുംബൈയിലേക്ക്‌ എന്നോ ചേക്കേറിയ, മുഖം പോലും പരിചയമില്ലാത്ത മൂത്തോനെ തേടി, ജീവിക്കാൻ മറ്റു പോംവഴിയില്ലാത്ത അവസ്ഥയിൽ മുല്ലക്ക് കടൽ കടക്കേണ്ടി വരുന്നു.

  ചെറുതും വലുതുമായ ചിത്രങ്ങളിൽ, പല ഭാഷകളിൽ, മുംബൈ നഗരം ഇന്നും മലയാളി പ്രേക്ഷകർക്ക് സുപരിചിതം. പ്രണയവും, കുടിപ്പകയും, ഒച്ചപ്പാടും, ഭയവും, രാത്രിയുടെ സീൽക്കാരങ്ങളും, നെടുവീർപ്പുകളും, ആഘോഷ തിമിർപ്പുകളും ചാലിച്ച് എത്രയോ ഫ്രയിമുകൾ കടന്നു പോയിരിക്കുന്നു.

  മൂത്തോന്റെ, അല്ലെങ്കിൽ ഏതേതും അറിയാതെ ഇവിടെ വന്നടിഞ്ഞ മനുഷ്യ ജന്മങ്ങളുടെ കഥപറയാൻ, ഗീതു മോഹൻദാസ് തെരഞ്ഞെടുത്തിരിക്കുന്നതാവട്ടെ ഇവിടുത്തെ ഗലികളും. നേരും നെറിയും ഇല്ലാത്ത കച്ചവടവും, കാമവും നുരഞ്ഞു പതയുന്ന ചോന്ന തെരുവിന്റെ മൂലകളിൽ സെറ്റ് ചെയ്ത ഫ്രയിമുകളിൽ വിരിയുന്ന കഥ.

  മലയാള സിനിമയുടെ ആഗോളമേൽവിലാസമായ അന്താരാഷ്‌ട്ര മേളകളിൽ ആർപ്പു വിളികളുയർന്ന മറ്റൊരു ചിത്രമാണ് മൂത്തോൻ. പക്ഷെ കലാമൂല്യമുള്ള ചിത്രങ്ങളുടെ സ്ഥിരം ചട്ടക്കൂടിലെ പ്രതിഷ്‌ഠയല്ല മൂത്തോൻ. നേർരേഖയിലൂടെയുള്ള കഥപറച്ചിൽ, ഒപ്പം ഒരു ഫ്ലാഷ് ബാക്കും. എല്ലാത്തരം പ്രേക്ഷകനെയും മുന്നിൽ കണ്ടു കൊണ്ടാണ് സംവിധായിക ഇറങ്ങിത്തിരിച്ചതെന്നുറപ്പ്.

  ദ്വീപിൽ നിന്നും മുംബൈയിൽ എത്തിപ്പെടുന്ന മുല്ലയുടെ കണ്ണുകളിലൂടെ മെല്ലെ മഹാനഗരത്തിന്റെ ഇരുണ്ട കോണുകൾ തുറക്കപ്പെടുന്നു. ഒരു കുട്ടിയോ, എന്തിനേറെ പറയുന്നു, ഒരു മനുഷ്യനോ ആയി പോലും മുല്ലയെ കാണാൻ ആരും കൂട്ടാക്കുന്നില്ല. ഏറിയാൽ മറ്റൊരു കച്ചവട വസ്തു, അത്രതന്നെ. പോലീസ് സ്റ്റേഷനും, അനാഥാലയവും, കാമാത്തിപ്പുരയിലെ 'കത്രീന കൈഫ്' റോസിയും സംരക്ഷണം തീർക്കാത്ത അവസ്ഥയിൽ, മുല്ല എത്തിപ്പെടുന്നത് ഭായിയുടെ പക്കൽ. ഭീതിയോടെയാണെങ്കിലും മുല്ലക്ക് ഇടപെടാൻ സാധിക്കുന്ന ഏക വ്യക്തിയായി ഭായ് മാറുന്നു.

  ' isDesktop="true" id="172451" youtubeid="KRKTAYDaHzw" category="film">

  വൃത്തിയില്ലാത്ത കുപ്പായവും, മയക്കുമരുന്ന് ലഹരി പിടിപ്പിച്ച തലച്ചോറുമായി ജീവിക്കുന്ന ഭായിയായി നിവിൻ പോളി പ്രത്യക്ഷപ്പെടുമ്പോൾ, പ്രേക്ഷകർ ഒരുവേള ശ്വാസമടക്കിപ്പിടിക്കാൻ ഇടയുണ്ട്. അസ്‌പെർജസ് സിൻഡ്രം ബാധിച്ച ജൂഡായി, തനിക്ക് കാമ്പുള്ള വേഷങ്ങളും ഇണങ്ങും എന്ന് 'ഹേ ജൂഡിലൂടെ' തെളിയിച്ച നിവിന് മുൻപിൽ ഒരു പോരുകാളയെ തളയ്‌ക്കേണ്ട ഉശിര്‌ ആവശ്യപ്പെടുന്ന വേഷമാണ് ഭായ്. കാമാത്തിപ്പുരയിലെ പെണ്ണുങ്ങളെ വിറപ്പിച്ചു നിർത്തുന്ന, മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത ദാദയായ ഇയാൾക്ക് എങ്ങനെ 'ഭായ്' എന്ന പേര് വീണു എന്നു പോലും ചിന്തിച്ചേക്കാം.

  മുല്ലയിലൂടെ, ഇന്ന് കാണുന്ന ഭായ്, ദ്വീപിലെ പഴയ യുവാവായിരുന്ന കാലഘട്ടത്തിലേക്ക് ഫ്ലാഷ്ബാക് പായുന്നു. മുംബൈയിലെ പ്രാവുകൾ പറക്കുന്ന, കടലോര കാഴ്ചകൾ ആസ്വദിക്കാൻ മാടിവിളിക്കുന്ന പ്രണയം പൂവിട്ട ചെറുദ്വീപിലെ ജീവിതം. അമീറുമായുള്ള പ്രണയബന്ധം ഉടലെടുക്കുന്നതോടു കൂടി മുൻനിര നായകന്മാർ കൈവയ്ക്കാൻ മടിക്കുന്ന വലിയ വെല്ലുവിവിളി ഏറ്റെടുക്കാൻ നിവിൻ മുതിർന്നിരിക്കുന്നു. സ്ക്രിപ്റ്റിന്റെ ശ്രദ്ധാപൂർവമായുള്ള ഇടപെടൽ അശ്ലീലവും അരോചകവുമായി മാറാതെ ആ പ്രണയത്തെ വരച്ചു ചേർക്കുന്നു. അതിന് മികച്ച കൂട്ടുകെട്ടായി റോഷൻ മാത്യുവിനെ സ്‌ക്രീനിൽ കാണാം.

  ഫ്ലാഷ്ബാക്കിന് മുൻപും ശേഷവും, ചിത്രത്തിന്റെ അവസാന ഷോട്ട് വരെയും അഭിനന്ദനം അർഹിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന മറ്റൊരാളാവാൻ മുല്ലയായി എത്തിയ സഞ്ജന ദീപുവിന് കഴിയുന്നു. ഒരുപക്ഷെ നന്മയും തിന്മയും തമ്മിലെ വേർതിരിവുകൾ എന്നോ തച്ചുടക്കപ്പെട്ട ഗലികളിൽ ധര്‍മ്മ-നീതികളുടെ നേർക്കുയരുന്ന ചോദ്യമാവാൻ, മുല്ലയുടെ ഭാവഭേദങ്ങൾ തുണയാവുന്നു. ഭായിക്കൊപ്പം അതേ നിലയിൽ പിടിച്ചു നിൽക്കാൻ കെൽപ്പുള്ള കഥാപാത്രമാവാൻ ഒരു കുട്ടിയുടെ വേഷം കൊണ്ട് സാധിക്കും എന്നതിന് തെളിവായി കൂടി മാറുകയാണ് മുല്ല.

  പകലിലും ഇരുൾ മൂടിയ ഇടനാഴികളിലേക്ക് മൂത്തോനൊപ്പം പ്രേക്ഷകർക്കും സഞ്ചരിക്കാം.

  First published:

  Tags: Geetu Mohandas, Geetu Mohandas Moothon, Moothon movie, Moothon movie review, Nivin pauly, Nivin Pauly Moothon