'ബംഗാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനം'; സുപ്രീം കോടതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
മാൾഡയിലെ സംഭവം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത ശ്രമമാണെന്ന് കോടതി
മാൾഡയിലെ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞുവെച്ച (ഘരാവോ) സംഭവത്തിൽ പശ്ചിമ ബംഗാൾ ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി.പശ്ചിമ ബംഗാൾ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രൂവീകരണം നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി പറഞ്ഞു.
മാൾഡയിലെ സംഭവം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള മുൻകൂട്ടി ആസൂത്രണം ചെയ്ത ശ്രമമാണെന്ന് കോടതി പറഞ്ഞു. കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കാനുള്ള നഗ്നമായ ശ്രമമെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ മനോവീര്യം തകർക്കാനുള്ള നീക്കം എന്നുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സംഭവത്തെ വിശേഷിപ്പിച്ചത്
സംഭവം ഉണ്ടായതിന് പിന്നാലെ രജിസ്ട്രാർ ജനറൽ ഭരണകൂടത്തെ വിവരമറിയിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മണിക്കൂറുകളോളം യാതൊരു നടപടിയും ഉണ്ടായില്ല. രാത്രി 8:30 വരെ ഒന്നും ചെയ്തില്ലെന്നും പിന്നീട് ആഭ്യന്തര സെക്രട്ടറിയെ ബന്ധപ്പെടുകയും ഡിജിപിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനൊപ്പം ഗ്രൂപ്പ് കോളിൽ കൊണ്ടുവരികയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കി.
advertisement
ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായില്ല. മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ലാ മജിസ്‌ട്രേറ്റോ പോലീസ് സൂപ്രണ്ടോ അവിടെ എത്തിയില്ലെന്നും ചീഫ് ജസ്റ്റിസിന് വ്യക്തിപരമായി ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിക്കേണ്ടി വന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.
ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), ആഭ്യന്തര സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ സുപ്രീം കോടതി ശക്തമായി വിമർശിച്ചു. ഈ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയത്തിന്റെ രാഷ്ട്രീയവൽക്കരണത്തെയും കോടതി ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് എല്ലാവരും രാഷ്ട്രീയമാണ് സംസാരിക്കുന്നതെന്ന് കോടതി ബംഗാൾ അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. സംഭവവികാസങ്ങൾ കോടതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് അറിവുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. അക്രമികൾ ആരാണെന്ന് തങ്ങൾക്ക് അറിയില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും പുലർച്ചെ 2 മണി വരെ താൻ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് വളരെ നിർഭാഗ്യകരമായ സാഹചര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 02, 2026 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ബംഗാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനം'; സുപ്രീം കോടതി









