HOME » NEWS » Film » MOVIES SAJIN BAABU REACTS TO A COMMENT ON HIS MOVIE BIRIYAANI

Biriyaani | 'നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ?' ചോദ്യത്തിന് മറുപടി നൽകി 'ബിരിയാണി' സംവിധായകൻ സജിൻ ബാബു

കാലികപ്രസക്തിയുള്ള ഒരു വിഷയം പ്രമേയമാക്കുകയും സ്ത്രീ ലൈംഗികത മറകളില്ലാതെ തുറന്നുകാട്ടുകയും ചെയ്യുന്ന സിനിമയാണ് 'ബിരിയാണി'

News18 Malayalam | news18-malayalam
Updated: May 1, 2021, 7:49 AM IST
Biriyaani | 'നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ?' ചോദ്യത്തിന് മറുപടി നൽകി 'ബിരിയാണി' സംവിധായകൻ സജിൻ ബാബു
'ബിരിയാണി'യിൽ കനി കുസൃതി
  • Share this:
മലയാള സിനിമാ മേഖലയ്ക്ക് ആഗോളതലത്തിൽ ശ്രദ്ധനേടിക്കൊടുത്ത ചിത്രമാണ് സജിൻ ബാബു സംവിധാനം ചെയ്ത് കനി കുസൃതി നായികയായ 'ബിരിയാണി'. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം അടുത്തിടെയാണ് കേരളത്തിൽ പ്രദർശനത്തിനെത്തിയത്, അതിനു ശേഷം Cave എന്ന പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ റിലീസിനുമെത്തി.

റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലിൽ ഒന്നായ 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലെ സെലക്ഷൻ, മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ, തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണിയുടെ മാത്രം നേട്ടങ്ങളാണ്.

സമൂഹത്തിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന കാലികപ്രസക്തിയുള്ള ഒരു വിഷയം പ്രമേയമാക്കി അവതരിപ്പിച്ച ചിത്രമാണ് 'ബിരിയാണി'. സ്ത്രീ ലൈംഗികത മറകളില്ലാതെ തുറന്നുകാട്ടുന്ന സിനിമ കൂടിയാണിത്. നായിക കനിയാണ് ആ രംഗങ്ങൾ അവതരിപ്പിച്ചത്. ഡിജിറ്റൽ റിലീസിനെത്തിയ ശേഷം സിനിമയ്ക്ക് നേരെ ഒരാൾ ഉയർത്തിയ വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ സജിൻ ബാബു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:

"ബിരിയാണി" കണ്ടതിനു ശേഷം " നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ" എന്ന് ചോദിച്ചുകൊണ്ട് പലരും മെസ്സേജ്കളും, കമന്റ്കളും അയക്കുന്നുണ്ട്.. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ കുടുംബത്തിനകത്തോ, പുറത്തോ ആയിട്ട് എന്റെ ഒപ്പമുള്ള(പൊതുവിൽ ഒരാളുടെയും) സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്ര ധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തിരഞ്ഞെടുപ്പ് എന്റെ അധികാര പരിധിയിൽ അല്ല. അതിൽ കൈ കടത്തൽ എന്റെ അവകാശവുമല്ല," സജിന്റെ വാക്കുകൾ.സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഖദീജ എന്ന യുവതിയുടെ ഒറ്റയാൾ പോരാട്ടവും ജീവിത സമരങ്ങളുമാണ് വിദേശ മേളകളെക്കൊണ്ട് പോലും മികച്ച അഭിപ്രായം പറയിപ്പിച്ച 'ബിരിയാണി'.

'അൺടു ദി ഡസ്ക്' (അസ്തമയം വരെ) 'അയാൾ ശശി' തുടങ്ങിയ സിനിമകൾക്ക് ശേഷം സജിൻ സംവിധാനം ചെയ്ത ചിത്രമാണ്. മാർച്ച് 26ന് ചിത്രം കേരളത്തിൽ റിലീസ് ചെയ്തിരുന്നു.

ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ പൊള്ളത്തരം കൊണ്ട് മൂടാതെ അതേ തീവ്രതയോടെ ഒപ്പിയെടുക്കുന്ന, ഒരുപക്ഷെ നിങ്ങളെ അലോസരപ്പെടുത്തുന്ന വിഷ്വൽസ് ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാം.

കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഖദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു.

കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.
Published by: user_57
First published: May 1, 2021, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories