• HOME
  • »
  • NEWS
  • »
  • film
  • »
  • Solamante Theneechakal review | സോളമന്റെ തേനീച്ചകൾ: അയാൾക്കും അവർക്കും ഇടയിൽ ഒരു ദുരൂഹ മരണം

Solamante Theneechakal review | സോളമന്റെ തേനീച്ചകൾ: അയാൾക്കും അവർക്കും ഇടയിൽ ഒരു ദുരൂഹ മരണം

Solamante Theneechakal review | സൗഹൃദവും പ്രണയവും സസ്‌പെൻസും നിറഞ്ഞ ഒരു ലാൽ ജോസ് ചിത്രം. സോളമന്റെ തേനീച്ചകൾ റിവ്യൂ

സോളമന്റെ തേനീച്ചകൾ

സോളമന്റെ തേനീച്ചകൾ

  • Last Updated :
  • Share this:
Solamante Theneechakal review | മലയാള ടെലിവിഷൻ റിയാലിറ്റി ഷോകൾ ആരംഭിച്ച കാലം മുതൽ കേൾക്കുന്ന സ്ഥിരം പല്ലവിയുണ്ട്. പാട്ടിന്റെ ഷോയെങ്കിൽ നാളെയുടെ താര ഗായകരായി അവർ വാഴ്ത്തപ്പെടും, അഭിനയമാണെങ്കിലോ, ഭാവി മലയാള സിനിമയുടെ പ്രതീക്ഷകളായി അവരുടെ പേരുകൾ താരതമ്യം ചെയ്യപ്പെടും. അത്തരത്തിൽ പ്രതിഭ തെളിയിച്ച എല്ലാവരെയും പിന്നീട് മുഖ്യധാരാ സിനിമയിൽ കാണാത്തതെന്തേ എന്ന് പ്രേക്ഷകർ ചിന്തിച്ചിട്ടുണ്ടാവും. അടിസ്ഥാനപരമായി, 'സോളമന്റെ തേനീച്ചകൾ' (Solamante Theneechakal) എന്ന ചിത്രം ഒരിക്കൽ പ്രേക്ഷകർ കയ്യടിച്ചു സ്വീകരിച്ച റിയാലിറ്റി ഷോയിലെ അഭിനയ പ്രതിഭകളെ, വർഷങ്ങൾക്ക് ശേഷം വിധികർത്താവായ സംവിധായകൻ ലാൽ ജോസ് (Lal Jose) മലയാള സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്ന കാഴ്ചയാണ്.

ഇണപിരിയാത്ത സുഹൃത്തുക്കളായ രണ്ടു യുവ വനിതാ പോലീസുകാരികൾ. സ്റ്റേഷൻ ഡ്യൂട്ടി കോൺസ്റ്റബിൾ ആയ ഗ്ലൈന തോമസും (വിൻസി അലോഷ്യസ്), ട്രാഫിക്കിൽ പെടാപ്പാടുപെടുന്ന സുജയും (ദർശന) അവരുടെ ചില്ലറ പ്രാരാബ്ധങ്ങളും, നിറയെ സന്തോഷങ്ങളും നിറയുന്ന പോലീസ് ക്വാർട്ടേഴ്‌സ്‌ ജീവിതം. സ്റ്റേഷനിൽ ഡ്യൂട്ടി കിട്ടാനുള്ള സുജയുടെ തീവ്രമായ അപേക്ഷയ്‌ക്കും ആഗ്രഹത്തിനും അൽപ്പം ഞരമ്പനായ സി.ഐ. ബിനു അലക്സ് (ആഡിസ് അക്കര) ചരടുവലി നടത്തുന്നു. അധികം വൈകാതെ ഈ കൂട്ടുകാരികൾക്കിടയിൽ ശരത്ത് (ശംഭു) എന്ന കാമുകനും കടന്നുവരുന്നു. ഈ നാലുപേർക്കുമിടയിൽ ഒരു ദുരൂഹ മരണം, ശേഷിക്കുന്ന മൂന്നുപേരുടെയും ജീവിതത്തെ മുൾമുനയിൽ നിർത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ കാഴ്ചയിലേക്ക് പ്രേക്ഷകർക്ക് ചേരാം.

തീർത്തും സ്വാഭാവികമായ രംഗങ്ങളിലൂടെ കഥപറഞ്ഞ് ക്ളൈമാക്സ് ഭാഗം കൊഴുപ്പിക്കുന്ന ട്രീട്മെന്റാണ് പി.ജി. പ്രഗീഷിന്റെ സ്ക്രിപ്റ്റിന്. ഏതാനും ചിത്രങ്ങളിൽ ഇതിനോടകം കണ്ടുകഴിഞ്ഞ മുഖമാണ് വിൻസിയുടേത് എങ്കിലും, മറ്റുള്ളവരുടെ ബിഗ് സ്ക്രീൻ പാടവം പ്രേക്ഷകർക്ക് ആദ്യകാഴ്ചയാണ്. സാധാരണഗതിയിൽ ഒൻപതു മാസം ട്രെയിനിങ് കഴിഞ്ഞ്, സർവീസിൽ പ്രവേശിക്കുന്ന സിവിൽ പോലീസ് ഓഫീസർമാരുടെ ചുറുചുറുക്കിനു പകരം ഒരു കോളേജ് വിദ്യാർത്ഥിനിയുടേതെന്ന തരത്തിലെ പരിഭ്രമവും കൗതുകവും നിറഞ്ഞ കഥാപാത്രമാണ് സുജ. ഗ്ലൈന കാര്യങ്ങളെ അൽപ്പം കൂടി ബോൾഡ് ആയി സമീപിക്കുന്ന വ്യക്തിയും. പോലീസുകാരിയായ സുജയുടെ ഈ സ്വഭാവം സിനിമയെ ബാധിക്കുമോ എന്ന് പലയിടങ്ങളിൽ സംശയം ജനിപ്പിക്കുന്നുണ്ട്. മുതിർന്ന ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ മോഹാലസ്യപ്പെട്ട് വീഴുന്ന രംഗത്തിൽ പ്രത്യേകിച്ചും. പക്ഷെ തേനീച്ചക്കൂടിന്റെ ഉള്ളിലേക്ക് കടക്കാൻ സുജയുടെ സ്വഭാവത്തെ സ്ക്രിപ്റ്റ് കൂട്ടുപിടിക്കുന്നു.

മരണത്തിന്റെ അന്വേഷണ ചുമതലയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സോളമൻ (ജോജു ജോർജ്) സജീവമാകുന്നതോടെ ഇടവേള വരെ ഒഴുക്കന്മട്ടിൽ പോകുന്ന കഥയ്ക്ക് കനമേറുന്നു. പ്രേക്ഷകരെ വിസ്മയിപ്പിച്ച 'ജോസഫിന്റെ' കുറ്റാന്വേഷണപരത ഏറെക്കുറേ സോളമനുമുണ്ട്. പേര് സൂചിപ്പിച്ച പോലെ, റാണി ഷീബയുടെ മുന്നിൽ കൃത്രിമ പൂക്കളുടെ ഇടയിൽ നിന്നും യഥാർത്ഥ പൂവ് തിരഞ്ഞെടുക്കാൻ സോളമൻ രാജാവിനെ സഹായിക്കുന്നത് തേനീച്ചയെങ്കിൽ, പോലീസുകാരൻ സോളമനും നെല്ലും പതിരും തിരിച്ചറിയാൻ ഒരു 'തേനീച്ച പരീക്ഷണം' വേണ്ടിവരുന്നു.

വളരെ ലളിതമായി പറഞ്ഞുപോയ കഥയിൽ നവാഗത നായികാനായകന്മാർ തങ്ങളുടെ ഭാഗം കുറ്റമറ്റതാക്കി. ആദ്യ പകുതിയിലെ ഫൈറ്റ് രംഗം, ചൂടുപിടിച്ച വാക്കുതർക്കവും ചെറിയ തോതിലെ കയ്യേറ്റവുമായി തുടർന്ന് പോയെങ്കിൽ എന്ന് തോന്നിയിരുന്നു.

സൗഹൃദവും പ്രണയവും എടുത്തുകാട്ടാൻ വിദ്യാ സാഗറിന്റെ സംഗീതം ഇടപെടുന്നുണ്ട്. അച്ഛനുറങ്ങാത്ത വീട്, വിക്രമാദിത്യൻ, അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ, നീതിയും നിയമവും തമ്മിലെ പോരാട്ടത്തിൽ എവിടെ വിലകല്പിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഏറ്റവും പുതിയ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിട്ടുള്ളത്. സംവിധായകന്റെ മുൻചിത്രങ്ങളുടേത് പോലത്തെ വമ്പൻ ക്യാൻവാസ് ഇല്ലാതെ വളരെ ലളിതമായി പറഞ്ഞ കുറ്റാന്വേഷണ കഥ എന്ന നിലയിൽ ഈ തേനീച്ചകഥ കണ്ടിരിക്കാം.
Published by:Meera Manu
First published: