• HOME
  • »
  • NEWS
  • »
  • film
  • »
  • Unni Menon Interview | കാതോർത്ത്, കാതോർത്തിരുന്ന സംഗീതാസ്വാദകർക്ക് മുന്നിൽ വീണ്ടും ഉണ്ണി മേനോൻ

Unni Menon Interview | കാതോർത്ത്, കാതോർത്തിരുന്ന സംഗീതാസ്വാദകർക്ക് മുന്നിൽ വീണ്ടും ഉണ്ണി മേനോൻ

Unni Menon speaks about musical journey | പലപ്പോഴും അവസാനിപ്പിക്കാൻ ഉദ്ദേശിച്ച പാട്ടിന്റെ ലോകം, ഉണ്ണി മേനോനെ ശുദ്ധ സംഗീതവും അംഗീകാരങ്ങളും കൊണ്ട് വീണ്ടും വീണ്ടും തിരികെ വിളിക്കുകയായിരുന്നു

ഉണ്ണി മേനോൻ

ഉണ്ണി മേനോൻ

  • Last Updated :
  • Share this:
കഴിഞ്ഞ കുറേ വർഷങ്ങളായി 'തിരുവാവണി രാവ്...' മുഴങ്ങിക്കേൾക്കാത്ത ഓണം മലയാളിക്കില്ല. തിളക്കം കുറഞ്ഞ ആഘോഷമാണ് ഇത്തവണ കടന്നു പോയതെങ്കിലും, മനസ്സാകെ നിലാവെളിച്ചം നിറയ്ക്കുന്ന സംഗീതം എങ്ങും പോയിമറഞ്ഞില്ല. ആ മധുര ശബ്ദത്തിന്റെ ഉടമ, ഉണ്ണി മേനോൻ, ഈ ഓണത്തിനും മനസ്സിന്റെ ആഴങ്ങളെ സ്പർശിക്കുന്ന ഒരു ഗാനവുമായി എത്തിക്കഴിഞ്ഞു.

'കാതോർത്ത്, കാതോർത്ത്...' എന്ന് തുടങ്ങുന്ന 'കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിംഗ്' സിനിമയിലെ ഗാനം സംഗീതാസ്വാദകർ നെഞ്ചേറ്റിക്കഴിഞ്ഞു. മലയാളത്തിന് അഭിമാനത്തോടെ ഓർക്കാൻ തെന്നന്ത്യൻ സംഗീത ലോകത്തിൽ ഒരിടം തീർത്തു തന്ന ഉണ്ണി മേനോന്റെ ചലച്ചിത്ര സംഗീത സപര്യക്ക് 38 വയസ്സ് പൂർത്തിയാവുന്നു. പാട്ടിൽ സജീവമാണ് എങ്കിലും ഒച്ചപ്പാടുകളുടെ ഇടയിൽ തനിയെ നടക്കുന്ന വ്യക്തിത്വമായി അദ്ദേഹം വേറിട്ട് നിൽക്കുന്നു. വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന ശുദ്ധ സംഗീതത്തിന്റെ ഉടമ ന്യൂസ് 18 മലയാളത്തോടൊപ്പം:

റിയാലിറ്റി ഷോ പോലുള്ള ഇടങ്ങളിൽ താങ്കളെ കാണാറില്ല. പ്രത്യേകിച്ച് കാരണം എന്തെങ്കിലും?

"സ്റ്റാർ നൈറ്റ് പോലെയുള്ള ഷോകൾ മൊത്തമായി ഒഴിവാക്കിയിട്ടുണ്ട്. കഴിയുന്നതും അത്തരം ബഹളങ്ങളിൽ നിന്നും വിട്ടു നിൽക്കും. എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന പോലെ തോന്നാറുണ്ട്. അതേസമയം എന്റെ ഷോകൾ ഒരുപാട് ചെയ്യും. റെക്കോർഡിംഗിനെക്കാളും ഞാൻ ആസ്വദിക്കുന്നത് എന്റെ ഷോകൾ ആണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചെയ്യാറുണ്ട്. കണ്ടുകൊണ്ടിരിക്കുന്നവരോട് ചോദിച്ച്, അവർക്ക് ഇഷ്‌ടമുള്ള പാട്ടുകളാണ് ഞാൻ ഏറ്റവും കൂടുതൽ പാടുന്നത്."

"മലയാളത്തിലും തമിഴിലുമുള്ള റിയാലിറ്റി ഷോകളിലേക്ക് ക്ഷണം ലഭിക്കാറുണ്ട്. കുറേ തവണ വിളിച്ചിട്ടുണ്ട്. എന്തുകൊണ്ടോ, രാവിലെ മുതൽ വൈകിട്ട് വരെ അവിടെ പോയി ഇരിക്കുന്ന അവസ്ഥയോടു വലിയ താൽപ്പര്യമില്ല. അതൊക്കെ ഞാൻ ഒഴിവാക്കും. ദിവസവും എന്റെ മുഖം കണ്ട് പ്രേക്ഷകർ ബോർ അടിക്കേണ്ട. അത് എക്സ്ക്‌ളൂസീവ് ആയി നിന്നോട്ടെ എന്ന് കരുതി."

കോവിഡിന് ശേഷം സംഗീത പരിപാടികളിൽ മാറ്റം സംഭവിച്ചില്ലേ? ഇനി എങ്ങനെയാണ് ഇത്തരം പരിപാടികളുടെ വരവ്?

"ഈ മാസം ജപ്പാനിലെ ടോക്കിയോ തമിഴ് സംഘം നടത്തുന്ന ഒരു ഓൺലൈൻ ഷോയുണ്ട്. കഴിഞ്ഞ മാസം വച്ചിരുന്ന ഷോയാണ്. ബാലു സാറിന് (എസ്.പി. ബാലസുബ്രഹ്മണ്യം) സുഖമില്ലാതാവുന്നത് അപ്പോഴാണ്. ഞാൻ തന്നെ പറഞ്ഞിട്ടാണ് അത് മാറ്റി വച്ചത്. അദ്ദേഹത്തിന്റെ ആ അവസ്ഥയിൽ നമ്മൾ ആഘോഷമായി പരിപാടി നടത്തുന്നത് ശരിയല്ല. സെപ്റ്റംബർ 19 ലേക്ക് മാറ്റി വച്ചു. അപ്പോഴേക്കും ബാലു സർ സുഖപ്പെടുമെന്ന വിശ്വാസത്തിലാണ്."കോവിഡ് കാലത്തും ചെന്നൈയിലെ വീട്ടിൽ പാട്ടും ഓണവും ഉണ്ണി മേനോൻ മുടക്കിയില്ല. കുടുംബം മുഴുവൻ ചുറ്റുമുള്ളതിനാൽ അമ്മയും സഹോദരങ്ങളും അവരുടെ മക്കളുമെല്ലാം ഇത്തവണയും ഒത്തുകൂടി. ലോക്ക്ഡൗൺ നാളുകളിലും അദ്ദേഹം സംഗീതം സജീവമായി തന്നെ മുന്നോട്ടുകൊണ്ടുപോയി

"ലോക്ക്ഡൗൺ ആരംഭിക്കുന്ന സമയം എനിക്ക്  21ഓളം പാട്ടുകളുണ്ടായിരുന്നു. ഈരണ്ടു പാട്ടുകളായി ഓരോ ദിവസവും പാടി വരികയായിരുന്നു. എട്ടോളം കമ്പോസിഷനുകൾ ചെയ്തു. ആദ്ധ്യാത്മികവും ചലച്ചിത്ര ഗാനങ്ങളും അത്തരത്തിൽ വീട്ടിൽ തന്നെ കമ്പോസ് ചെയ്തു. ദിവസവും മൂന്നു-നാല് മണിക്കൂർ പ്രാക്ടീസിനായി ചിലവിടും. മകനെ സംഗീതം പഠിപ്പിക്കുന്നുണ്ട്. ചെറിയ രീതിയിൽ ഭാര്യയെ പാചകത്തിൽ സഹായിക്കും. എനിക്ക് വലിയ തോതിൽ പാചകം വശമില്ല. പക്ഷേ മൂത്ത മകൻ നല്ലൊരു കുക്ക് ആണ്. അവനാണ് ഭാര്യയുടെ ചീഫ് അസിസ്റ്റന്റ്. എന്നെക്കൊണ്ടാവും വിധം ഞാനും സഹായിക്കും. ഈ സമയം കൊണ്ട് കുറേ പുസ്തകങ്ങൾ വായിച്ചു. കിട്ടുന്ന പുസ്തകങ്ങൾ മുഴുവൻ വായിക്കും. ഒരു മാസികയ്ക്കു വേണ്ടി എഴുതി."

"മെയിലിലൂടെ ആണ് ഇപ്പോൾ പാട്ടുകൾ അയക്കുക. അതിന്റെ വേവ് ഫോം എടുത്ത് ഇവിടുത്തെ സ്റ്റുഡിയോയിൽ ട്രാക്ക് പാടി തിരിച്ചയക്കുകയാണ് പതിവ്. എല്ലാ പാട്ടും സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യും. ചെന്നൈയിൽ പണ്ടുണ്ടായിരുന്ന സ്വന്തം സ്റ്റുഡിയോ അടച്ചു, കൊച്ചിയിലെ സ്റ്റുഡിയോ ഇപ്പോഴുമുണ്ട്. ചെന്നൈയിൽ സ്റ്റുഡിയോ വാടകയ്‌ക്കെടുത്തിട്ടാണ് റെക്കോർഡിംഗ് ചെയ്യുന്നത്."

കോവിഡ് നാളുകളിൽ ചെന്നൈയിലെ ജീവിതം എങ്ങനെയാണ്?

"കോവിഡ് കാലത്ത് ചെന്നൈയിലെ അവസ്ഥ വളരെ സെൻസിറ്റീവ് ആണ്. എല്ലാ ആശുപത്രിയിലും കോവിഡ് രോഗികൾ ഉണ്ടെന്ന് കേൾക്കുന്നു. ഒരു ചെസ്റ്റ് കൺജഷൻ വന്ന് ആശുപത്രിയിൽ പോയപ്പോൾ അവർ അങ്ങോട്ട് കയറ്റിയത് പോലുമില്ല. റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വളരെയധികം മുൻകരുതലെടുത്തിട്ടാണ് പോയിരുന്നത്. സ്വന്തമായി ഡ്രൈവ് ചെയ്തു തന്നെ പോകും. സ്റ്റുഡിയോയിൽ മാസ്ക് വയ്ക്കും, സാനിറ്റൈസർ ഉപയോഗിക്കും, അവിടെ ഉള്ളവരെയും സാനിറ്റൈസ് ചെയ്യിക്കും."

പാട്ട് നിർത്തണം എന്ന് പലതവണ ചിന്തിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഓരോ തവണയും അങ്ങനെ കരുതുമ്പോൾ വലിയൊരു തിരിച്ചുവരവുണ്ടാവും...

"ഓരോ കാലഘട്ടത്തിലും, അതായത് ഏതാണ്ട് അഞ്ചോ പത്തോ വർഷം കൂടുമ്പോൾ, കമ്പോസിങ്ങിന്റെയും പാടുന്നതിന്റെയും സ്റ്റൈൽ മൊത്തം മാറും. അതുമായി ശരിക്കും ഇണങ്ങാൻ പറ്റിയില്ലെങ്കിൽ പരാജയമായിപ്പോകും. ഞാൻ ഒരു അഞ്ചു വർഷം കൂടുമ്പോഴും അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുമെങ്കിലും ഏറ്റവും പുതിയ രീതിയിൽ നമ്മൾ പാടിക്കഴിഞ്ഞാൽ അത് ജനങ്ങൾക്ക് ഇഷ്‌ടമാവുമോ എന്ന സംശയം എപ്പോഴും മനസ്സിലുണ്ട്."

"നമുക്ക് തന്നിട്ടുള്ള പാട്ട്, അതിന്റേതായ രൂപത്തിൽ, പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്, നന്നായി പാടാൻ കഴിയും എന്നറിയാം. പക്ഷേ ഇപ്പോഴത്തെ സ്റ്റൈൽ അങ്ങനെയല്ലല്ലോ. എല്ലാ പാട്ടും വളരെ ഹസ്കിയായിട്ടാണ് കേൾക്കുന്നത്. തുറന്ന രീതിയിലുള്ള പാട്ട് കേൾക്കുന്നില്ല. ആ ഒരു രീതിയിൽ പാടിയാൽ നമുക്ക് പാടുന്ന സമയത്ത് ആസ്വദിക്കാൻ പറ്റുമോ എന്ന സംശയമുണ്ട്."

"ഓരോ സമയത്തും 'ഇനി പാടേണ്ട, നിർത്താം' എന്ന ചിന്ത വരും. ധാരാളം ന്യൂ ജെനറേഷൻ ഗായകരുണ്ട്, അവർ പാടട്ടെ എന്ന് മനസ്സിൽ വിചാരിക്കും. അപ്പോഴാണ്, 'ഉണ്ണി ചേട്ടൻ പാടിയാൽ നന്നാവും' എന്ന് പറഞ്ഞു ചില സംഗീത സംവിധായകർ സമീപിക്കുന്നത്. പാടിനോക്കുന്ന സമയത്ത് അവർക്കിഷ്‌ടമാവും. അത് ഫീൽഡിൽ നിൽക്കാൻ വീണ്ടും പ്രചോദനമാകും. പല കാലഘട്ടങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്."

"മലയാളത്തിൽ നിന്നും മാറി നിൽക്കുമ്പോഴാണ് എ.ആർ. റഹ്മാൻ വരുന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ പാട്ട് പാടി, അത് ഹിറ്റായി. അദ്ദേഹത്തിന്റെ മാത്രമായി ധാരാളം പാട്ടുകൾ പാടി. മറ്റു സംഗീത സംവിധായകരുടെ പാട്ടും പാടി. ഇനി വേണ്ട എന്ന് കരുതി ഫീൽഡിൽ നിന്നും പുറത്തു പോകാൻ തീരുമാനിച്ചതാണ്. അങ്ങനെ നിന്നപ്പോൾ അനവധി അംഗീകാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും വന്നു. വീണ്ടും വീണ്ടും പാടാനുള്ള പ്രചോദനം അതൊക്കെയാണ്."

"തിരുവാവണി രാവാകും ഹൈലൈറ്റ് എന്ന് കരുതി കഴിഞ്ഞ വർഷം വീണ്ടും പാട്ട് നിർത്താം എന്ന് ഞാൻ തീരുമാനിച്ചതാണ്. അപ്പോൾ ഗാനഗന്ധർവൻ, മാർക്കോണി മത്തായി ചിത്രങ്ങളിൽ നിന്നായി വീണ്ടും നല്ല നല്ല പാട്ടുകൾ വന്നു. ദീപക് ദേവ്, എം. ജയചന്ദ്രൻ എന്നിവരുടെ പാട്ടുകൾ പാടി. ഈ വർഷം കാതോർത്തു കാതോർത്തു... എന്ന ഈ പാട്ട് വന്നു. ആറോളം പാട്ടുകൾ ഇനിയും വരാനുണ്ട്. അതിലൊന്ന് ശരത്തിന്റെ സംഗീതത്തിൽ ഞാനും ചിത്രയും പാടിയ പാട്ടാണ്."

"പാട്ടുകൾ ധാരാളമുണ്ടാവും, പക്ഷേ ആൾക്കാർ ഇഷ്‌ടപ്പെടുന്ന പാട്ട് കിട്ടുക വലിയ ഭാഗ്യമാണ്. ശ്രദ്ധിക്കപ്പെടുന്ന പാട്ട് വളരെ കുറവല്ലേ? എല്ലാ ചേരുവകളും നന്നാവുമ്പോഴാണ് ഒരുപാടുപേർക്കു ഇഷ്‌ടമുള്ള ഒരു ഗാനമുണ്ടാവുന്നത്. ആദ്യം ശ്രദ്ധിക്കപെടുക വരികളാണ്. അത് സാധാരണക്കാർക്ക് പാടാൻ കഴിയുന്ന വരികളാവണം. അവർക്ക് അതുമായി ഒരു ബന്ധം തോന്നണം. പിന്നെയാണ് ട്യൂണും പാടിയ ആളുമെല്ലാം വരിക. ഈ പാട്ടിൽ എല്ലാം ഒത്തു വന്നു. രഞ്ജന്റെ സംഗീതം, അതിനു ചേരുന്ന വരികൾ എല്ലാം. ഇനി കാണാൻ വളരെ യോജിച്ച ഒരു വീഡിയോയാണ് വേണ്ടത്. അതെത്തും മുൻപേ ഈ പാട്ട് ഒരുപാട് പേർക്ക് ഇഷ്‌ടമായി."ഓരോ ഭാഷയിലും പാടിയപ്പോൾ ഇഷ്‌ടപ്പെട്ട ഗാനരചയിതാക്കൾ ഉണ്ടായിട്ടുണ്ടോ?

"എനിക്ക് കിട്ടുന്ന പാട്ടുകളിൽ ഒരുവിധം നല്ല വരികളുണ്ടാവും. അത് നമ്മളെ തേടിയെത്തുന്ന ഭാഗ്യമാണ്. ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന വരികളുണ്ടെങ്കിൽ പാട്ട് കൂടുതൽ കാലം നിലനിൽക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമുക്ക് നല്ല ഗാനരചയിതാക്കളുണ്ട്. സിനിമാ ഗാനങ്ങൾ മാത്രമല്ല. ഭക്തി, ആൽബം ഗാനങ്ങളെടുക്കുകയാണെങ്കിലും ഒക്കെ നല്ല എഴുത്തുകാരുണ്ട്."

"സിനിമയ്ക്കു വേണ്ടി എഴുതുമ്പോൾ അവർ പലതും വിട്ടുവീഴ്ച ചെയ്ത ശേഷമാണ് എഴുതുന്നത്. എന്നിട്ടു പോലും അവർ മികച്ച രീതിയിൽ എഴുതുന്നില്ലേ? റഫീഖ് അഹമ്മദ് ഏറ്റവും നല്ലൊരു എഴുത്തുകാരനാണ്. അദ്ദേഹം എഴുതിയ 'മരണമെത്തുന്ന നേരത്ത്...' എക്കാലത്തെയും ഹിറ്റായില്ലേ? ഒരു ആഴ്ചപ്പതിപ്പിനു വേണ്ടി എഴുതിയ കവിതയാണത്. ചില പശ്ചാത്തലങ്ങളിൽ അദ്ദേഹത്തിന് പോലും ഇഷ്ട്ടപ്പെടാത്ത വരികൾ എഴുതേണ്ടി വരും. കഴിവുള്ള ധാരാളം നല്ല എഴുത്തുകാരുണ്ട്. അവർ നല്ല രീതിയിൽ തന്നെ എഴുതാറുമുണ്ട്. ഹരിനാരായണന്റെ ഒട്ടേറെ വരികളുണ്ട്. ഈ ഗാനത്തിലും അദ്ദേഹത്തിന്റെ വരികളെക്കുറിച്ച് നല്ല അഭിപ്രായമാണ്. നല്ലൊരു സംവിധായകനാണെങ്കിൽ, അവരുടെ കഴിവ് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാവും."

"നല്ല യുവ സംഗീത സംവിധായകർ വരുന്നുണ്ട്. സംഗീതത്തിന്റെ ജോണർ തന്നെ മാറുന്നുണ്ട്. മലയാളത്തിന്റെ ചുവയുള്ള പാട്ടുകൾ കുറഞ്ഞു വരുന്നതാണ് കാണുന്നത്. അത് തിരിച്ചു കൊണ്ടുവരാൻ ശ്രമമുണ്ടായാൽ കൊള്ളാമെന്നു തോന്നിയിട്ടുണ്ട്. എല്ലാവരും പാശ്ചാത്യ സംഗീതത്തിന്റെ പിന്നാലെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് നമ്മൾ കൊടുക്കുന്നത് കേൾക്കാനേ വഴിയുള്ളൂ. അതുകൊണ്ടു നല്ല പാട്ടുകൾ കൊടുത്താൽ അവർ ഇഷ്‌ടപ്പെടും."

"സിനിമയിലിപ്പോൾ പാട്ട് വേണ്ട എന്ന് ചില സംവിധായകർ നിർബന്ധമായിട്ടു പറയുന്നുണ്ട്. സിനിമ മുന്നോട്ടു പോകുമ്പോൾ ഒരു പാട്ട് എന്നുള്ള നിലയിലേ ഉള്ളൂ, അതൊരു അത്യന്താപേക്ഷിത ഘടകമല്ല. അത്തരമവസ്ഥയിലാണ് പോക്ക്. സിനിമയും സംഗീതവും തമ്മിൽ വളരെ കടുത്ത ഒരു ബന്ധമാണ്. റീ-റെക്കോർഡിംഗ് എന്ന് പറയുന്നതും സംഗീതമല്ലേ? പാട്ടും സിനിമയുമായി അഭേദ്യമായ ബന്ധമുണ്ട്. ഒരു ശബ്ദവുമില്ലാതെ ഒരു സിനിമ ആരാണ് രണ്ടു മണിക്കൂർ ഇരുന്ന് കാണുക?"

ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിന്റെ വിശേഷങ്ങൾ...

"പഴയ പാട്ടുകളെയും അന്നത്തെ ഗായകരെയും ഒരുപാട് സ്നേഹിക്കുന്ന ആളാണ് സംഗീത സംവിധായകൻ രഞ്ജൻ. പുതിയ പാട്ടിൽ പഴമയുടെ സുഖം കൂടി കൊണ്ടുവരാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റേത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം ഫ്യൂഷൻ മാതൃകയിൽ ചെയ്യാനൊരു ശ്രമമുണ്ട് രഞ്ജന്."

"ഈ ഒരു ജനറേഷന്റെ ഒപ്പം വർക്ക് ചെയ്യാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. 1980കളിൽ വർക്ക് ചെയ്ത് തുടങ്ങിയതാണ്. മുപ്പത്തിയെട്ടാമത്തെ വർഷമാണിത്. അന്നത്തെ സംഗീത സംവിധായകരും ഇന്നത്തെ സംവിധായകരുമായി വർക്ക് ചെയ്യുമ്പോൾ ഒരുപാട് വ്യത്യാസമുണ്ട്. ഇവരുടെ പുതിയ കാഴ്ചപ്പാടും സംയോജിപ്പിക്കാൻ സാധിക്കുന്നുണ്ട്."

"പണ്ട് ഒരു ട്യൂൺ കിട്ടിയാൽ അതുപോലെ പാടിയാൽ മതി. ഇപ്പോൾ ഫീലിന് പ്രാധാന്യമുണ്ട്. പണ്ട് ശബ്ദത്തിൽ സ്വാഭാവികമായി വരുന്ന വിബ്രാറ്റോയുണ്ട്. ഇപ്പോൾ വരുന്ന സംഗീത സംവിധായകർക്ക് അതുവേണ്ട. ഓരോ പുതിയ സംഗീത സംവിധായകരിൽ നിന്നും പുതിയ കാര്യം പഠിക്കും. ഇപ്പോൾ ടെക്നോളജിയും സംഗീതവും കൂടിയുള്ള ഒരു കോമ്പിനേഷനാണ്."വീണ്ടും അഭിനയത്തിലേക്കുണ്ടോ?

"എന്നെ തേടിയെത്തുന്നതേ ഞാൻ ചെയ്യാറുള്ളൂ. എന്റെ ശബ്ദം യോജിക്കും എന്ന് കരുതി സമീപിക്കുന്ന സംഗീത സംവിധായകരുടെ പാട്ടാണ് ഞാൻ ഇതുവരെയും പാടിയിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും. അതുപോലെ തന്നെയാണ് അഭിനയവും. അഭിനയം എനിക്ക് യാതൊരു ടേസ്റ്റുമില്ലാത്തതാണ്. ഞാൻ ഒരുപാട് സിനിമ കാണും. ഇപ്പോൾ ഒ.ടി.ടി. പ്ലാറ്റുഫോമിലും കാണുന്നുണ്ട്. ഇംഗ്ലീഷ് ചിത്രങ്ങളാണ് കൂടുതലും."

"ഏപ്രിലിൽ ഒരു സിനിമ ചെയ്യേണ്ടതായിരുന്നു, കോവിഡ് കാരണമിപ്പോൾ അത് നീണ്ടു പോവുകയാണ്. ഹീറോയുടെ അച്ഛന്റെ വേഷമാണ്. അതിൽ പഴയ രീതിയിലുള്ള നല്ല രണ്ടു പാട്ട് പാടി. അപ്പോൾ അഭിനയിക്കാമോ എന്നൊരു ചോദ്യമുണ്ടായി. ചിത്രീകരണം പൂർത്തിയായി, ഇനി എന്റെ ഭാഗങ്ങൾ കൂടിയേ ബാക്കിയുള്ളൂ."

"അഭിനയം വളരെയധികം കണ്ടാസ്വദിക്കാറുണ്ട്. നമ്മൾ അഭിനയിക്കുമ്പോൾ അതെങ്ങനെ ഫലിപ്പിക്കും എന്നറിയില്ല. സ്വാഭാവികമായുള്ള ചലനങ്ങളേ ശ്രദ്ധിക്കാറുള്ളൂ. അഭിനയത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ സാധ്യതയില്ല. എന്നെ തേടിവരുന്നവരോട് ഇല്ലെന്നു പറയാറുമില്ല."
Published by:Meera Manu
First published: