ഒരിക്കൽക്കൂടി നായകനും നിർമ്മാതാവുമാവാൻ ഒരുങ്ങി നിവിൻ പോളി. പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'കനകം, കാമിനി, കലഹം' എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. സുരാജ് വെഞ്ഞാമൂടിന്റെയും സൗബിൻ ഷാഹിറിന്റെയും പ്രകടനം കൊണ്ട് ശ്രദ്ധേയമായ 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമ ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിർമ്മാണം. സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് നിവിൻ പോളി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇതിനു മുൻപും തന്റെ രണ്ടു ചിത്രങ്ങൾ നിവിൻ പോളി നിർമ്മിച്ചിരുന്നു. 2016ൽ റിലീസ് ചെയ്ത 'ആക്ഷൻ ഹീറോ ബിജു'വിൽ നിന്നാണ് ആരംഭം. ഇതിലെ പോലീസ് ഓഫിസറുടെ വേഷം ശ്രദ്ധേയമായിരുന്നു. ഈ ചിത്രം ഹാസ്യപ്രാധാന്യം കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയ ട്രോളുകളിൽ ഈ ചിത്രത്തിൽ നിന്നുമുള്ള മീമുകൾ സജീവമാണ്. 1983 സംവിധായകൻ എബ്രിഡ് ഷൈൻ ആണ് ഈ സിനിമയും അണിയിച്ചൊരുക്കിയത്.
ശേഷം 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയും' നിവിൻ പോളി നിർമ്മിച്ചു. 2017ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
2019ലിറങ്ങിയ മൂത്തോനാണ് തിയേറ്ററിലെത്തിയ ഏറ്റവും പുതിയ നിവിൻ പോളി ചിത്രം. ചരിത്ര പ്രാധാന്യമുള്ള 'തുറമുഖം' ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞതും, പ്രഖ്യാപിച്ചതുമായ ഒരുപിടി ചിത്രങ്ങൾ കൂടി നിവിൻ പോളിയുടേതായി തിയേറ്ററിലെത്താനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.