മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ വൈകിട്ട് 6 മണിക്ക് പുറത്തുവിടും. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ‘കണ്ണൂര്‍ സ്ക്വാഡ്’ എന്നായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും അണിയറക്കാര്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. തന്‍റെ വരാനിരിക്കുന്ന സിനിമയുടെ പേര് കണ്ണൂര്‍ സ്ക്വാഡ് എന്നാണെന്ന് നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രമോഷനിടെ ഒരു അഭിമുഖത്തില്‍ മമ്മൂട്ടി അബദ്ധത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് ടൈറ്റില്‍ പുറത്തായതോടെ അണിയറക്കാര്‍ സിനിമയുടെ പേര് മാറ്റുന്നു എന്ന റിപ്പോര്‍ട്ടും ചില ഓണ്‍ലൈന്‍ സിനിമ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്തായാലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ വൈകിട്ട് പുറത്തുവിടുമെന്ന് അണിയറക്കാര്‍ അറിയിച്ചു കഴിഞ്ഞു.
പാലാ, പൂനെ എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയുമാണ് രചന. മുഹമ്മദ് റാഹിലാണ് ക്യാമറാ കൈകാര്യം ചെയ്യുന്നത്. റോഷാക്ക്, നന്പകൽ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച മറ്റ് സിനിമകള്‍.
മമ്മൂട്ടി ചിത്രമായ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ, തട്ടുമ്പുറത്ത് അച്യുതൻ, ലവ്, ആക്ഷൻ, ഡ്രാമ, വെള്ളം, ഈശോ, ജോൺ ലൂഥർ എന്നീ സിനിമകളുടെ ക്യാമറ ചലിപ്പിച്ച ശേഷമാണ് റോബി വര്‍ഗീസ് രാജ് സംവിധായകനാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.