HOME » NEWS » Film » P UNNI MLA SAID THE ROAD TARRED CREDIT FOR THE DRISHYAM 2 MOVIE WAS TO THE LEFT GOVERNMENT

Drishyam 2 | ദൃശ്യത്തിലെ റോഡ് ടാർ ചെയ്ത ക്രെഡിറ്റ് ഇടതു പക്ഷത്തിനെന്ന് എംഎല്‍എ; ആഭ്യന്തരവകുപ്പ് കഴിവുകെട്ടതെന്ന് കമന്റ്

ഏതായാലും റോഡിന്റ് മഹത്വം പറഞ്ഞെത്തിയവർ ആഭ്യന്തരവകുപ്പ് കഴിവുകെട്ടതാണോ എന്ന് ചോദ്യത്തിന് മുന്നിൽ എന്തു പറയണമെന്ന് അറിയാതെ നിൽക്കുകയാണ്.

News18 Malayalam | news18
Updated: February 19, 2021, 10:09 PM IST
Drishyam 2 | ദൃശ്യത്തിലെ റോഡ് ടാർ ചെയ്ത ക്രെഡിറ്റ് ഇടതു പക്ഷത്തിനെന്ന് എംഎല്‍എ; ആഭ്യന്തരവകുപ്പ് കഴിവുകെട്ടതെന്ന് കമന്റ്
Pinarayi Vijayan
  • News18
  • Last Updated: February 19, 2021, 10:09 PM IST
  • Share this:
ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ആയിട്ട് ഒരു പകൽ കഴിയുന്നതേയുള്ളൂ. അതിനകം തന്നെ പടം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ട്വിസ്റ്റുകൾക്ക് പിന്നാലെ ട്വിസ്റ്റുകൾ ആണ് ദൃശ്യം 2 വിന്റെ പ്രത്യേകത. അവസാനം വരെ പിടിച്ചിരുത്തുന്ന വിധത്തിൽ അത്രയേറെ മികവോടെയാണ് ദൃശ്യം 2വിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ, ജോർജുകുട്ടി കുടുംബത്തെ രക്ഷിക്കാൻ വേണ്ടി നടത്തിയ പോരാട്ടങ്ങളേക്കാൾ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്.

വരുൺ തിരോധാനത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഗണേഷ് കുമാറിന്റെ കഥാപാത്രം നാട്ടുകാരെ വീണ്ടും ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ആ സീനാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷമാക്കുന്നത്. ആ ഭാഗത്തിലെ ഒരു ഡയലോഗ് ഇങ്ങനെ, 'ആ റോഡ് എങ്ങോട്ട് പോകുന്നതാ', 'അത് ജോർജ്കുട്ടിയുടെ കേബിൾ ടിവി ഓഫീസ് ഇരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്ട് കട്ടാ സാർ. ആ റോഡ് ടാറ് ചെയ്തിട്ട് മൂന്ന് വർഷമേ ആയുള്ളൂ. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാർ' - സിനിമയിലെ ഈ ഭാഗമാണ് പിണറായിക്കാലം എന്ന രീതിയിൽ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്.

ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാർ എന്ന ഡയലോഗിന് ഇടയിൽ ആറു വർഷം മുമ്പ് ആ റോഡ് മോശമായിരുന്നു എന്ന് വ്യക്തമാക്കി എഴുതിയാണ് സോഷ്യൽ മീഡിയ പ്രചരണം. എം എൽ എമാർ പോലും ഈ ഡയലോഗ് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കു വച്ചിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു രസം. ഒറ്റപ്പാലം എം എൽ എ ആയ പി ഉണ്ണിയും ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,

'മോഹൻ ലാലിന്റെ പുതിയ സിനിമയായ #Drishyam2 ലെ ഒരു രംഗം.
ആ റോഡ് എങ്ങോട്ട് പോവുന്നതാ ?
അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാ സർ,
ആ റോഡ് താർ ചെയ്യ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.
പണ്ട് ആ സമയത്ത് ( 6 വർഷം മുന്നേ ദൃശ്യം 1ൽ ) ആ റോഡ് വളരെ മോശമായിരുന്നു' - നവകേരളം എന്ന കാപ്ഷനോടെയാണ് ഈ കുറിപ്പ് എം എൽ എ പങ്കു വച്ചിരിക്കുന്നത്. ഒറ്റപ്പാലം എം എൽ എയും സി പി എം നേതാവുമായ പി ഉണ്ണിയെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തിയേക്കുമെന്ന് പ്രചരണം ശക്തമാണ്. എന്നാൽ, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഉണ്ണി വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് സിനിമ ഡയലോഗിനെ കൂട്ടു പിടിച്ചുള്ള എം എൽ എയുടെ 'നവകേരളം' പോസ്റ്റർ.

അതേസമയം, എം എൽ എയുടെ കുറിപ്പിന് താഴെ വ്യത്യസ്തമായ കമന്റുകൾ കൊണ്ട് ആഘോഷമാക്കിയിരിക്കുകയാണ് മലയാളികൾ. ഇങ്ങനെ ഒരു എം എൽ എ കേരളത്തിൽ ഉണ്ടോയെന്നും ദൃശ്യം 2 ഇറങ്ങിയതു കൊണ്ട് രണ്ടുപേർ അറിഞ്ഞെന്നുമാണ് ഒരു കമന്റ്. 'ഏകാധിപതിയുടെ ഭരണത്താൽ സഹമന്ത്രിമാരെ പോലും ജനങ്ങൾക്ക് ഓർമ്മയില്ല. അപ്പോഴാ ഒരു MLA. ഇലക്ഷൻ അടുക്കുവല്ലേ ജീവനോടെ ഉണ്ടെന്ന് അറിയിക്കാൻ ഒരു FB പോസ്റ്റ്‌ എങ്കിലും ഇടണ്ടേ' - എന്നായിരുന്നു മറ്റൊരു കമന്റ്.

എന്നാൽ, മാസ് കമന്റ് ഇതൊന്നുമല്ല. 'അതായത്, റോഡ് നന്നാക്കിയ പൊതുമരാമത്ത് വകുപ്പ് മികച്ച് നിന്നെങ്കിലും..
പ്രതിയെ പിടിക്കാൻ കഴിയാത്ത പൊലീസ് വകുപ്പും പൊലീസ് മന്ത്രി കൂടിയായ മുഖ്യനും എത്ര ദുരന്തമാണെന്ന് പറയാതെ പറയുകയാണ് ദൃശ്യം 2വെന്ന് ആയിരുന്നു മറ്റൊരു കമന്റ്. 'സർ കേരളത്തിൽ അപ്പോ ഒരു ക്രിമിനൽ കൂൾ ആയി വിലസാം.. ഹ്മ്മ്മ് അപ്പോ ആ ആഭ്യന്തര മന്ത്രി മോയന്തിനെ ഒന്ന് പുറത്താക്കി കാണിക്ക്.. എന്തൊരു ദുരന്തം ആണ്' - എന്നായിരുന്നു മറ്റൊരു കമന്റ്.

Drishyam 2 Review | രാജാക്കാട് സ്റ്റേഷനിലെ ആ രഹസ്യം; ജോർജുകുട്ടി കുടുങ്ങുമോ?; കാണികളെ നടുക്കി ദൃശ്യം 2

റോഡ് ടാറ് ചെയ്തതിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റിയവരോട് ആഭ്യന്തരവകുപ്പ് ഇത്ര കഴിവു കെട്ടതാണോ എന്നാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്ന ചോദ്യം. 'അപ്പോൾ കഴിഞ്ഞ 6 കൊല്ലമായിട്ടും ജോർജൂട്ടിയെ പിടിക്കാൻ കഴിയാത്ത ആഭ്യന്തരം കഴിവ് കെട്ടത് എന്നല്ലേ നിങ്ങൾ പറയുന്നത്' - എന്നായിരുന്നു ഒരു കമന്റ്. 'ബെഹ്റ ആയിരുന്നോ സിനിമയിലെ DGP..? എങ്കിൽ ജോർജു കുട്ടിയെ പിടിക്കാത്തതിൽ എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നുന്നില്ലാ..' - എന്ന് അഭിപ്രായം രേഖപ്പെടുത്തിയവരും ഉണ്ട്.

അതേസമയം, കൃത്യമായി രാഷ്ട്രീയം പറഞ്ഞുള്ള കമന്റും ശ്രദ്ധിക്കപ്പെട്ടു. 'രാജാക്കാടു പഞ്ചായത്തു വലതു പക്ഷം ആണ് ഭരിക്കുന്നത്. അത് പഞ്ചായത്തു റോഡ് ആണ്. ഇനി രാഷ്ട്രീയമാണ് ലക്ഷ്യമെങ്കിൽ.. വരുൺ വധകേസ് തെളിയിക്കാത്ത ആഭ്യന്തരം വലിയ പരാജയം അല്ലെ?' - എന്ന് ചോദിക്കുന്ന കമന്റുകാരൻ. റോഡ് പണിതെങ്കിലും ആഭ്യന്തരം പോരെന്നാണ് മറ്റൊരു കമന്റ്. 'പക്ഷേ ആഭ്യന്തരം പോര. കൊലപാതകം ചെയ്ത ജോർജ് കുട്ടിയും കുടുംബവും ഇത്തവണയും അകത്തായില്ല. ഒരു ഐജിയുടെ മകന് പോലും നീതി വാങ്ങി നൽകാൻ കഴിയാത്ത കേരള ആഭ്യന്തരത്തിന്റെ കീഴിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ?' - എന്നാണ് ചോദ്യം. ഏതായാലും റോഡിന്റ് മഹത്വം പറഞ്ഞെത്തിയവർ ആഭ്യന്തരവകുപ്പ് കഴിവുകെട്ടതാണോ എന്ന് ചോദ്യത്തിന് മുന്നിൽ എന്തു പറയണമെന്ന് അറിയാതെ നിൽക്കുകയാണ്.
Published by: Joys Joy
First published: February 19, 2021, 10:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories