നിത്യഹരിത നായകൻ പ്രേംനസീറിന്റെ (Prem Nazir) ചിറയൻകീഴിയിലെ വസതി വിൽപനയ്ക്ക്. തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴിൽ 1956 ൽ പ്രേംനസീർ പണിത 'ലൈല കോട്ടേജ്' ആണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. പ്രേംനസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച വീടാണിത്.
പ്രേംനസീറിന്റെ ഇളയ മകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് ഈ വീട്. വിദേശത്തുള്ള കുടുംബത്തിന് വീട് നോക്കുന്നത് ബുദ്ധിമുട്ടായതോടയാണ് വീട് വിൽക്കാൻ തീരുമാനിച്ചത്.
ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള പാതയോരത്ത് 50 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഇരുനിലയിലായി 8 മുറികളാണ് വീടിലുള്ളത്. ചിറയൻകീഴിലെ ആദ്യ ഇരുനില വീടാണിത്.
ചലച്ചിത്ര നിർമാതാവ് പി.സുബ്രഹ്മണ്യത്തിന്റെ ചുമതലയിൽ നിർമിച്ച വീട്ടിലാണ് പ്രേംനസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരും താമസിച്ചിരുന്നത്.
Also Read-80 രൂപയുണ്ടോ കൈയിൽ ? പാതിരാമണല്‍ ദ്വീപ് കാണാന്‍ പോയാലോ?
പ്രേംനസീർ വിടപറഞ്ഞിട്ട് മുപ്പത് വർഷം പിന്നിടുമ്പോഴും ഇന്നും ഈ വീട് കാണാൻ സന്ദർശകർ എത്താറുണ്ട്. ‘പ്രേം നസീർ’ എന്നെഴുതിയ നെയിംബോർഡ് ഇന്നും തലയെടുപ്പോടെ നിൽക്കുന്നുയ. ഏറെ കാലമായി പൂട്ടിയിട്ട വീട് ജീർണാവസ്ഥയിലാണ്. വാതിലുകളും ജനാലകളും ചിതൽ കയറി ദ്രവിച്ചു. വീട്ടുവളപ്പിൽ വള്ളിപ്പടർപ്പുകൾ പടർന്നിരിക്കുകയാണെങ്കിലും ചിറയൻകീഴിലെ കണ്ണായ സ്ഥലത്തുള്ള വീടിന് ഇന്ന് കോടികൾ വില വരും.
വീടും സ്ഥലവും വില നൽകി സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. ഈ പ്രതീക്ഷകൾ മങ്ങിത്തുടങ്ങിയതോടെയാണ് വീട് വിൽക്കാൻ കുടുംബം ഒരുങ്ങുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.