ദീപിക പദുകോൺ കാവി ബിക്കിനി ധരിച്ച് ‘പത്താൻ’ സിനിമയിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരണവുമായി നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരൻ. പുതിയ ചിത്രം ‘കാപ്പ’യുടെ പ്രസ് മീറ്റിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുത്. പത്താൻ വിഷയത്തിൽ വിഷമമുണ്ട്’ എന്നായിരുന്നു പ്രതികരണം. അതേസമയം, കേരള രാജ്യാന്തര ചലച്ചിത്രത്തോത്സവ വിവാദത്തെക്കുറിച്ച് അറിയില്ല എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
പത്താൻ കാവി ബിക്കിനി വിവാദം
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതു മുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഗാനത്തിലെ ദീപികയുടെ കാവി നിറത്തിലുള്ള വസ്ത്രത്തെ ചൊല്ലിയാണ് ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.
ഗാനരംഗത്തിൽ ഓറഞ്ച് ബിക്കിനിയണിഞ്ഞാണ് ദീപിക എത്തുന്നത്. ‘ബേഷരം റംഗ്’ എന്നാൽ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അർത്ഥമാക്കുന്നതെന്നുമാണ് വ്യാഖ്യാനങ്ങള്‍. ഹിന്ദു സംഘടനകളും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും വീഡിയോക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത്.
മിശ്രയെ കൂടാതെ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ദേശീയ വക്താവ് വിനോദ് ബന്‍സാലും സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദീപികയുടെ വസ്ത്രധാരണം ശരിയല്ലെന്നും ലൗ ജിഹാദികളുടെ അസംബന്ധത്തിന് ഒരു പരിധിയുണ്ടെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്. ” ഒരു ഹിന്ദു സ്ത്രീ കാവി വസ്ത്രം ധരിച്ച് ഇസ്ലാമിക ജിഹാദികളുടെ കളിപ്പാവയായി മാറുന്നത് കാണിക്കുന്നത് എന്തൊരു രംഗമാണ്? രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പരിധിയുണ്ട്. ഹിന്ദു സമൂഹത്തിന് ഇനി ഇതൊന്നും സഹിക്കാന്‍ കഴിയില്ല, ” അദ്ദേഹം പറഞ്ഞു.
ഗുണ്ടാപ്പകയുടെ കഥയുമായി ‘കാപ്പ’
കടുവക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണിത്.
ജി.ആർ. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിന്റെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചയിതാവ്. ചിത്രം ഡിസംബർ 22ന് തിയേറ്ററിലെത്തും.
Also read: Kaapa | ഒരു ദിവസം തികയും മുൻപേ ഒരു മില്യൺ; ഹിറ്റായി പൃഥ്വിരാജിന്റെ ‘കാപ്പ’ ട്രെയ്ലർ
തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവാണ് പൃഥ്വിരാജിന്റെ കൊട്ട മധു. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലെരിയുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. സ്വന്തം ഇഷ്‌ടപ്രകാരമല്ലാതെ യുവാക്കൾ എങ്ങനെ ക്വട്ടേഷൻ സംഘങ്ങളുടെ തലവൻമാരായി വാഴ്ത്തപ്പെടുന്നു എന്നത് കൂടിയാണ് ഈ സിനിമയുടെ ഇതിവൃത്തം.
Summary: Prithviraj Sukumaran responds to Pathaan song controversy. Says he is unaware of IFFK related issues
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.