കൊച്ചി: പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രതിഫലം കുറയ്ക്കാത്ത താരങ്ങൾക്ക് തടയിടാൻ നിർമ്മാതാക്കളുടെ സംഘടന അവസാന ആയുധം പുറത്തെടുക്കുന്നു. പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ തീരുമാനം.
താരങ്ങളുടെ പ്രതിഫലം കോവിഡിന് മുൻപുള്ള നിരക്കിലും കുറവായിരിക്കണം. അത്തരം സിനിമകൾക്ക് മാത്രമേ പ്രദർശനാനുമതി നൽകൂ. സിനിമ പ്രോജക്ടുകൾ പ്രത്യേക സമിതി പരിശോധിച്ച ശേഷമേ റിലീസിന് അനുവാദം നൽകൂ. കോവിഡിന് മുൻപും ശേഷവുള്ള പ്രതിഫലം ഈ സമിതി താരതമ്യം ചെയ്യും.
നിലവിൽ ചിത്രീകരണത്തിന് അനുമതി നൽകിയ ചില ചിത്രങ്ങളിലെ താരങ്ങളുടെ പ്രതിഫലം താരതമ്യം ചെയ്തപ്പോഴാണ് രണ്ട് താരങ്ങൾ പ്രതിഫലം കുറച്ചിട്ടില്ലെന്ന് വ്യക്തമായത്. പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരത്തെ രേഖാമൂലം താരസംഘടനയായ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് അറിയിച്ചുവെങ്കിലും പ്രതിഫലം കുറയ്ക്കാൻ രണ്ട് താരങ്ങൾ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാട് സ്വീകരിക്കാൻ നിർബന്ധിതരായതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് രജപുത്ര രഞ്ജിത് ന്യൂസ് 18നോട് വ്യക്തമാക്കി.
സിനിമകൾക്ക് ഈടാക്കുന്ന വിനോദ നികുതി എടുത്ത് കളയണമെന്നും നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെടുന്നു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ വിനോദ നികുതി ഈടാക്കുന്നില്ല. നൂറ് രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 12% ആണ് ജി.എസ്.ടി. 5% വിനോദ നികുതി കുടി വരുന്നതോടെ ജി.എസ്.ടി. 18% ആകും. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.
കോവിഡ് കഴിഞ്ഞാലും തിരക്കിട്ട് റിലീസ് വേണ്ട എന്ന് കൊച്ചിയിൽ ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് താര സംഘടന അമ്മയുടെയും വിനോദനികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കാറിൻ്റെയും തീരുമാനം വന്ന ശേഷമേ ഇനി റിലീസ് ഉണ്ടാകൂ. കോവിഡ് കാലം കഴിഞ്ഞാലും സിനിമ ഉടനില്ലെന്ന് ചുരുക്കം.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ചലച്ചിത്ര താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കള്‍ ആവശ്യപ്പെട്ടത്. കൊച്ചിയിൽ ചേർന്ന എക്സ്ക്യൂട്ടീവ് യോഗത്തിൽ ഈ തീരുമാനം താരസംഘടനയായ അമ്മ അംഗീകരിക്കുകയും ചെയ്‌തു. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ അംഗങ്ങള്‍ക്കും കത്ത് അയയ്ക്കും എന്ന തീരുമാനത്തിലാണ് യോഗം പിരിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AMMA, AMMA Executive, Film producer, Producers association