‘ശാകുന്തളം’ ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് തെന്നിന്ത്യന്‍ നടി സാമന്ത. ചിത്രത്തിന്റെ സംവിധായകനായ ഗുണശേഖര്‍ ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോഴായിരുന്നു സാമന്ത വികാരാധീനയായത്. തങ്ങളുടെ പ്രിയതാരം കണ്ണീരണിയുന്നതു കണ്ട് ‘സാം സാം’ എന്നു വിളിച്ച് ആരാധകര്‍ താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. മയോസിറ്റിസ് രോഗബാധിതയായ സാമന്ത കുറച്ചു മാസങ്ങളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
കാളിദാസന്‍റെ പ്രശസ്തമായ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശകുന്തളയുടെ ടൈറ്റില്‍ റോളിലാണ് സാമന്തയെത്തുന്നത്. സൂഫിയും സുജാതയും സിനിമയിലൂടെ പ്രശസ്തനായ ദേവ് മോഹനാണ് ദുഷ്യന്തനായെത്തുന്നത്.
ഫെബ്രുവരി 17 ന് തിയേറ്ററുകളില്‍ ചിത്രത്തിന്‍റെ വിവിധ ഭാഷകളിലുള്ള ട്രെയിലര്‍ പുറത്തുവന്നു. ചിത്രം 3ഡിയിലും റിലീസ് ചെയ്യും. കാഴ്ചക്കാര്‍ക്ക് പുതിയതും ആകര്‍ഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായാണ് ചിത്രം 3ഡിയിലും റിലീസ് ചെയ്യുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
അദിതി ബാലൻ അനസൂയയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും പ്രത്യക്ഷപ്പെടും. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.
സംഗീതം- മണി ശർമ്മ, ഛായാഗ്രഹണം- ശേഖർ വി. ജോസഫ്, എഡിറ്റർ-പ്രവീൺ പുഡി. ദിൽ രാജു അവതരിപ്പിക്കുന്ന ‘ശാകുന്തളം’ ഗുണാ ടീം വർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി.ആർ.ഒ.- ശബരി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.