• HOME
 • »
 • NEWS
 • »
 • film
 • »
 • SP Balasubrahmanyam| 16 ഭാഷകൾ; നാൽപതിനായിരത്തിലേറെ പാട്ടുകൾ; ഗിന്നസ് റെക്കോർഡിനുടമ

SP Balasubrahmanyam| 16 ഭാഷകൾ; നാൽപതിനായിരത്തിലേറെ പാട്ടുകൾ; ഗിന്നസ് റെക്കോർഡിനുടമ

ഇത്രയേറെ സിനിമാ ഗാനങ്ങൾ ആലപിച്ച ഗായകൻ ഇന്ത്യയിൽ എന്നല്ല, ലോകത്ത് തന്നെ എസ്.പി.ബി അല്ലാതെ മറ്റൊരാളില്ല.

എസ്.പി. ബാലസുബ്രഹ്മണ്യം

എസ്.പി. ബാലസുബ്രഹ്മണ്യം

 • Share this:
  സംഗീതലോകത്തെ ശബ്ദസൗകുമാര്യം കൊണ്ട്  സംഗീത ലോകത്തെ കീഴടക്കിയ എസ്.പി.ബി എന്ന മൂന്നക്ഷരം ഇനിയില്ല. ഒരു സംഗീത പ്രേമിയും ഓർമിക്കാൻ പോലും ഇഷ്ടപ്പെടാത്ത വിയോഗം. ഭാഷകളുടെ അതിർവരമ്പുകളെല്ലാം എസ്.പി.ബിക്ക് മുന്നിൽ മാറിനിന്നു. മലയാളിയെന്നോ തമിഴനെന്നോ തെലുങ്കനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഹൃദയത്തിന്റെ ആഴങ്ങളിൽ കൂടുകൂട്ടിയ ഇതിഹാസ ഗായകന്റെ വിടവാങ്ങൽ, സംഗീതലോകത്തുണ്ടാക്കുന്നത് വലിയ ശൂന്യതയാണ്. എണ്ണമറ്റ ഭാഷകളിലായി ഇത്രയേറെ സിനിമാ ഗാനങ്ങൾ ആലപിച്ച ഗായകൻ ഇന്ത്യയിൽ എന്നല്ല, ലോകത്ത് തന്നെ എസ്.പി.ബി അല്ലാതെ മറ്റൊരാളില്ല.

  Also Read- എസ്.പി. ബാലസുബ്രമണ്യത്തിന് വേണ്ടി മാറ്റിവച്ച സംഗീത പരിപാടി; പക്ഷെ പാടാൻ എസ്.പി.ബി. വന്നില്ല

  16 ഭാഷകളിൽ നാൽപതിനായിരത്തിൽ അധികം പാട്ടുകൾ

  തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി 40000ലേറെ ഗാനങ്ങൾ എസ്.പി.ബിയുടെ ശബ്ദത്തിൽ പുറത്തിറങ്ങി. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരും എസ്.പി.ബിയെ കൊണ്ട് പാടിച്ചിട്ടുണ്ട്.

  മലയാളികൾ ഹൃദയത്തോട് ചേർത്ത താരാപഥം....

  എസ്.പി.ബി എന്ന് കേട്ടാൽ എത്രയെത്ര പാട്ടുകളാകും ശരാശരി മനുഷ്യന്റെ മനസ്സിൽ മിന്നിമറയുക. ഇളയരാജയുടെ സംഗീതത്തിൽ അനശ്വരം എന്ന സിനിമയിലെ ഗാനം, താരാപഥം ചേതോഹരം...  ആയിരിക്കും ആദ്യം ഓർമയിലെത്തുന്ന മലയാള പാട്ട്. ഫാസ്റ്റും മെലഡിയുമൊക്കെയായി പാട്ടുകളുടെ വസന്തകാലമായിരുന്നു എസ്.പി.ബി ഒരുക്കിയിരുന്നത്.

  കേളടി കൺമണിയിലെ മണ്ണിൽ ഇന്ത കാതൽ, പയനങ്കൾ മുടിവതില്ലൈയിലെ ഇളയനിലാ പൊഴികിറതേ... , ചിന്നതമ്പിയിലെ അരച്ച സന്ദനം..., ദളപതിയിൽ യേശുദാശിനൊപ്പം ആലപിച്ച കാട്ടുക്കുയിലെ മനസ്സുക്കുള്ളൈ... , ദളപതിയിലെ തന്നെ സുന്ദരി കണ്ണാൽ ഒരു സെയ്തി...., ശങ്കരാഭരണത്തിലെ ശങ്കരാ നാദശരീരാ പരാ..., കർണായിലെ മലരേ മൗനമാ.. ഗീതാഞ്ജലിയിലെ ഓ പ്രിയേ പ്രിയേ... ഹിറ്റ് ഗാനങ്ങളുടെ പട്ടിക നീളുന്നു. ഇളയരാജയ്ക്കൊപ്പം ഇത്രയേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മറ്റൊരു ഗായകനില്ല.

  12 മണിക്കൂറിൽ 21 ഗാനങ്ങൾ

  റെക്കോർഡിങ്ങിനായി ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ റെക്കോഡും എസ്.പി.ബിയുടെ പേരിലാണ്. കന്നഡ സം​ഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകൾ കൊണ്ട് പാടി റെക്കോർഡ് ചെയ്തത് 21 ​ഗാനങ്ങൾ. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ​ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം അങ്ങനെ റെക്കോർഡ് ചെയ്തിട്ടുണ്ട്.

  ആറ് ദേശീയ പുരസ്കാരങ്ങൾ,  ആന്ധ്രാ സർക്കാരിന്റെ മാത്രം  25  പുരസ്കാരം

  എസ്.പി. ബാലസുബ്രഹ്മണ്യത്തിന് നാലുഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. എട്ട് പുരസ്കാരങ്ങൾ നേടിയ യേശുദാസ് മാത്രമാണ് അദ്ദേഹത്തിന് മുന്നിൽ. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് എസ്.പി.ബി 25 വട്ടം നേടി.  തമിഴിലും കന്നഡിയിലുമായി എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾ.  2001 ൽ പത്മശ്രീ. 2011 ൽ പത്മഭൂഷൺ. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ് എന്നിവയും ലഭിച്ചു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്‌ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

  നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, സം​ഗീത സംവിധാനം

  ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്.കേളടി കൺമണിയിലെ ‘മണ്ണിൽ ഇന്തകാതൽ...’ എന്ന പാട്ടിൽ പാടി അഭിനയിച്ചത് എക്കാലവും ആരാധകരുടെ മനസ്സിലുണ്ട്. രജനീകാന്ത്, കമൽ ഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ, അർജുൻ തുടങ്ങിയവർക്ക് വേണ്ടി ഹിന്ദിയിലും ഡബ്ബ് ചെയ്തിട്ടുണ്ട്.

  നാല് ഭാഷകളിലായി 46 സിനിമകൾക്കു സംഗീതം നൽകുകയും ചെയ്തു. തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരകനായിരിക്കാനും റിയാലിറ്റി ഷോകളിൽ വിധികർത്താവായും എസ്.പി.ബി നിറഞ്ഞുനിന്നു.

  Also Read- എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു; വിടവാങ്ങിയത് തെന്നിന്ത്യയിലെ ഇതിഹാസ ഗായകൻ
  Published by:Rajesh V
  First published: