ബ്രഹ്മാണ്ഡ സിനിമകളെ പ്രേക്ഷകന് സമ്മാനിച്ച നിരവധി സംവിധായകന്‍മാര്‍ ലോക സിനിമയില്‍ ഇടം നേടിയിട്ടുണ്ട്, ജെയിംസ് കാമറൂണ്‍, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് തുടങ്ങിയ മഹാരഥന്മാരുടെ ചുവടുപിടിച്ച് ലാര്‍ജ് സ്കെയിലില്‍ സിനിമകള്‍ നിര്‍മ്മിച്ചവരാണ് പുതിയ തലമുറയിലെ പല ചലച്ചിത്രകാരന്മാരും.
ഇന്ത്യയില്‍ ബ്രഹ്മാണ്ഡ സിനിമയുടെ പര്യായമായി മാറിയ സംവിധായകന്‍ എസ്എസ് രാജമൗലി ഇപ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ തന്‍റെ ആരാധ്യപുരുഷനായ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് അദ്ദേഹം.
ലോസ് ഏഞ്ചൽസിൽ 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനച്ചടങ്ങിനിടെയാണ് രാജമൗലിയും സ്പീൽബർഗും കണ്ടുമുട്ടിയത്. ‘ഞാൻ ദൈവത്തെ കണ്ടു’ എന്നാണ് ആ അസുലഭ നിമിഷത്തെ കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തത്. സ്പീൽബർഗ് സംവിധാനം ചെയ്ത ദ ഫേബിൾസ്മാൻ രണ്ട് പുരസ്കാരങ്ങളാണ് ഗോൾഡൻ ഗ്ലോബിൽ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡുകളായിരുന്നു അവ.
രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനമാണ് മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം നേടിയത്. എം,എം കീരവാണി സംഗീതം നല്‍കിയ ഗാനത്തിലൂടെ എആര്‍ റഹ്മാന് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഗോള്‍ ഗ്ലോബ് കൊണ്ടുവരാന്‍ കഴിഞ്ഞു.
സംഗീത സംവിധായകൻ എം.എം. കീരവാണിയും സ്പീല്‍ബെര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തോട് പറയാനുമുള്ള ഭാഗ്യമുണ്ടായെന്നുമാണ് കീരവാണി ട്വീറ്റ് ചെയ്തത്.
Had the privilege of meeting the God of movies and say in his ears that I love his movies including DUEL like anything ☺️☺️☺️ pic.twitter.com/Erz1jALZ8m
— mmkeeravaani (@mmkeeravaani) January 14, 2023
And I couldn’t believe it when he said he liked Naatu Naatu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏 pic.twitter.com/BhZux7rlUK
— mmkeeravaani (@mmkeeravaani) January 14, 2023
താന്‍ ഈണം നല്‍കിയ നാട്ടു നാട്ടു ഇഷ്ടമായെന്ന് സ്പീൽബർഗ് പറഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് കീരവാണി പറഞ്ഞു. കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.