സ്രഷ്‌ടാവിന് പ്രണാമമർപ്പിച്ച് ആരോമൽ ചേകവരെത്തി; എം.ടിയുടെ ചിത്രത്തിന് മുന്നിൽ ആദരവുമായി സുരേഷ് ഗോപി
- Published by:meera_57
- news18-malayalam
Last Updated:
എം.ടിയുടെ ഓർമകൾക്ക് മുന്നിൽ അന്ത്യാഞ്ജലിയുമായി ആരോമൽ ചേകവർ
ചന്തു ചതിയനല്ല എന്ന ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ ചലച്ചിത്ര ഭാഷ്യത്തിന് രൂപഭാവങ്ങളേകിയ എം.ടിയുടെ ഓർമകൾക്ക് മുന്നിൽ അന്ത്യാഞ്ജലിയുമായി ആരോമൽ ചേകവർ. കോഴിക്കോട്ടെ കൊട്ടാരം റോഡിലെ വസതിയായ 'സിതാര'യിൽ എം.ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പഹാരവും മുണ്ടും നേരിയതും സമർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെ സുരേഷ് ഗോപി എം.ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. സുരേഷ് സിനിമാ ജീവിതത്തിലെ എടുത്തുപറയത്തക്ക ചിത്രങ്ങളിൽ പ്രധാനപ്പെട്ട 'ഒരു വടക്കൻ വീരഗാഥ' റീ-റിലീസ് ചെയ്ത വേള കൂടിയാണിത്.
‘മാതൃഭൂമി’ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന പി.വി. ഗംഗാധരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേര്‍ന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ മലയാളത്തിനു സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് ‘ഒരു വടക്കന്‍വീരഗാഥ’. പുതിയ കാലത്തിന്റെ ദൃശ്യ-ശബ്ദ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചിത്രം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലെത്തിക്കണമെന്നത് പി.വി. ഗംഗാധരന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷെറിനും മക്കളും എസ്.ക്യൂബ് ഫിലിംസ് സാരഥികളുമായ ഷെനൂഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും പറയുന്നു.
1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ. നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ. രാമചന്ദ്രബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം.എസ്. മണിയായിരുന്നു എഡിറ്റിങ്.
advertisement
സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു 'ഒരു വടക്കന്‍ വീരഗാഥ'. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയപ്പോള്‍ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്.
ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീ-റിലീസ് ചെയ്തത്.
Summary: Suresh Gopi, Minister of State for Petroleum and Natural Gas and the Minister of Tourism, offers final tribute to legendary author and scenarist M.T. Vasudevan Nair at his home in Kozhikode. Gopi played Aromal Chekavar in the iconic movie Oru Vadakkan Veeragatha, penned by M.T.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 09, 2025 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സ്രഷ്‌ടാവിന് പ്രണാമമർപ്പിച്ച് ആരോമൽ ചേകവരെത്തി; എം.ടിയുടെ ചിത്രത്തിന് മുന്നിൽ ആദരവുമായി സുരേഷ് ഗോപി