Bichu Thirumala | ആ പാട്ട് ഒരിക്കലും മിണ്ടാൻ കഴിയാതെ വിട്ടുപിരിഞ്ഞ സഹോദരന് വേണ്ടി; വാക്കുകളിൽ വേദനയൊതുക്കിയ ബിച്ചു തിരുമല
- Published by:user_57
- news18-malayalam
Last Updated:
സംസാരശേഷി ഇല്ലാത്ത സഹോദരന്റെ ഓർമ്മയിൽ ബിച്ചു തിരുമല എഴുതിയ ഗാനം
ബിച്ചു തിരുമലയ്ക്ക് (Bichu Thirumala) അന്ന് ഏറിയാൽ പ്രായം നാല് വയസ്സ്. ഓർമ്മവച്ചു തുടങ്ങുന്നതേയുള്ളൂ. തന്റെ സഹോദരനായിരുന്നു ബാലു എന്ന് വിളിച്ചിരുന്ന ബാലഗോപാലൻ. ബാലു സംസാരശേഷി ഇല്ലാത്ത കുട്ടിയായിരുന്നു. പക്ഷെ ആംഗ്യഭാഷ കൊണ്ട് ജ്യേഷ്‌ഠനുമായി ബാലു സംവദിച്ചിരുന്നു. ഒരു കഷ്ണം ബിസ്‌ക്കറ് കിട്ടിയാൽ ആംഗ്യഭാഷയിൽ ജ്യേഷ്‌ഠനെ അടുത്ത് വിളിച്ച് പകുത്തു നൽകിയേ ബാലു കഴിച്ചിരുന്നുള്ളൂ. അതായിരുന്നു അവർ തമ്മിലെ ബന്ധം.
ഒരു ദിവസം രാത്രിയിൽ ബാലു നിർത്താതെ കരഞ്ഞു. അമ്മ എടുത്ത് താരാട്ടു പാടി ഉറക്കാൻ ശ്രമിച്ചിട്ടും ബാലു കരച്ചിൽ നിർത്തിയിരുന്നില്ല. അധികം വൈകാതെ കരച്ചിൽ അവസാനിച്ചു. പിറ്റേ ദിവസം രാവിലെ അടൂരിലെ വീട്ടിൽ, തോട്ടത്തിന്റെ മാനേജർ കുഞ്ഞിനെ എടുത്ത് ഉമ്മറത്തെ പുൽപ്പായയിൽ വെള്ളത്തുണി വിരിച്ച് കിടത്തി.
കുട്ടിയായിരുന്ന ബിച്ചു കരുതിയത് കുഞ്ഞിന് ആരോ കിടക്ക ഉണ്ടാക്കി കൊടുക്കുന്നു എന്ന് മാത്രമാണ്. കുറേക്കഴിഞ്ഞപ്പോൾ കണ്ണുമൂടി, ചുവന്ന പട്ടുപുതച്ച്, വെട്ടി തയാറാക്കിയ കുഴിയിൽ അവനെ മൂടി.
advertisement
ഒന്നുമില്ലാതിരുന്ന അനിയനെ എന്തിനാ അവിടെയെടുത്ത് കിടത്തിയത്? എന്തും കുഴിച്ചിട്ടാൽ മുളയ്ക്കില്ലേ? നാളെയോ മറ്റന്നാളോ, അല്ലെങ്കിൽ ഒരാഴ്ചയോ കഴഞ്ഞാൽ അവൻ മുളച്ചു വരും എന്ന് ആ കുഞ്ഞു മനസ്സിൽ ബിച്ചു ഉത്തരം കണ്ടെത്തി. പക്ഷെ പിന്നെ ഒരിക്കലും അങ്ങനെ ഒന്നും മുളച്ചു വന്നില്ല എന്ന് ബിച്ചു തിരുമല പറയുമ്പോൾ വാക്കുകളിൽ വിങ്ങൽ തളംകെട്ടി നിൽക്കുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന സിനിമയിൽ 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ' എന്ന ഗാനം രചിക്കുമ്പോൾ മനസ്സിൽ കടന്നുവന്നത് കുട്ടിക്കാലത്തെ ആ അനുഭവമായിരുന്നു. ആ ഗാനത്തിൽ 'എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോൾ പാടടീ' എന്ന് ഉൾപ്പെടുത്തിയത് വേദനാജനകമായ ആ ഓർമ്മയിൽ നിന്നുമായിരുന്നു. ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ മലയാളിക്ക് പ്രിയപ്പെട്ട താരാട്ടു പാട്ടായി ഈ ഗാനം മാറുകയും ചെയ്തു.
advertisement
Also read: ആലിപ്പഴം എന്തെന്നറിയില്ല; കുട്ടിച്ചാത്തന്റെ ഭാഷയറിയില്ല; ബിച്ചു തിരുമല ഹിറ്റ് ഗാനം ഒരുക്കിയതിങ്ങനെ
മലയാളത്തിലെ ആദ്യ ത്രിമാന ചിത്രവും എക്കാലത്തെയും ഹിറ്റുമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' (My Dear Kuttichathan) സിനിമയുടെ ഗാനങ്ങൾ രചിക്കാനുള്ള ചുമതല തേടിവന്നത് ബിച്ചു തിരുമലയെയാണ് (Bichu Thirumala). ഈ ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം 'ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി' പിറന്നത് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുമാണ്. ഇളയരാജയാണ് ഗാനത്തിന് സംഗീതം നൽകിയത്.
advertisement
എന്നാൽ അന്നും ഇന്നും ആലിപ്പഴം എന്ന വാക്കിന് ഈ ഗാനവുമായി അഭേദ്യ ബന്ധമുണ്ട്. ആലിപ്പഴം എന്ത് പഴമാണ് എന്ന് ചിന്തിക്കുന്നവർ അക്കാലത്തും കുറവല്ലായിരുന്നു എന്ന് ബിച്ചു തിരുമല പറയുന്നു.
"അന്നാർക്കും കുട്ടിച്ചാത്തന്റെ ഭാഷ അറിയില്ല, ആലിപ്പഴം എന്താണെന്ന് അറിയില്ല. ആലിപ്പഴം ഒരു പഴമല്ല. അത് മകര മാസത്തിൽ ആകാശത്തു നിന്നും പൊഴിയുന്ന മഞ്ഞുകട്ടയാണ്. പീലിക്കുട എന്തെന്നാൽ, മയിൽ പീലി നിർവത്തുന്നതും. അതൊക്കെ ഞാൻ വിചാരിക്കാത്തതിനും അപ്പുറത്തെത്തി," ഈ ഗാനം ഉണ്ടായതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ബിച്ചു തിരുമല പറഞ്ഞതിങ്ങനെ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2021 8:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bichu Thirumala | ആ പാട്ട് ഒരിക്കലും മിണ്ടാൻ കഴിയാതെ വിട്ടുപിരിഞ്ഞ സഹോദരന് വേണ്ടി; വാക്കുകളിൽ വേദനയൊതുക്കിയ ബിച്ചു തിരുമല