' ആ കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ അദ്ദേഹം പുലർത്തിയ ആത്മാർത്ഥത വല്ലാതെ വിസ്മയിപ്പിച്ചു'; ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്

Last Updated:

അന്തരിച്ച നടൻ റിസബാവയുമായുള്ള ഓര്‍മ്മകള്‍ എഴുത്തുകാരൻ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌ പങ്കുവെക്കുന്നു

ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്
നീണ്ട ഇരുപത് വർഷത്തെ ബന്ധമാണ് റിസബാവയുമായി ഉള്ളത്. അദ്ദേഹത്തിൻ്റെ മരണവാർത്ത ഇതെഴുതുമ്പോഴും ഒരു അവിശ്വസനീയതയായി എന്നിൽ തുടരുന്നു.
കൊച്ചിക്കാരനായ റിസബാവ നാടക നടനെന്ന നിലയിൽ കേരളത്തിനകത്തും പുറത്തും ഖ്യാതി നേടിയ കാലത്താണ് സിനിമയിൽ വരുന്നത്.നായകനടനും വില്ലനും സ്വഭാവ നടനുമായ റിസാക്ക സിനിമയിൽ അരങ്ങ് തകർത്തു കൊണ്ടിരുന്ന 2003 ലാണ് ഞാൻ സംവിധാനം ചെയ്ത കബർ ടെലിഫിലിമിൽ പ്രധാന വേഷത്തിലഭിനയിക്കുന്നത് . സുഹൃത്തും എഴുത്തുകാരനും സഹസംവിധായകനുമായ സുന്ദർ ചിറക്കലിൽ നിന്ന് ഞാൻ സംവിധാനം ചെയ്യാൻ പോകുന്ന ടെലിഫിലിമിൻ്റെ കഥയറിഞ്ഞ് ഇങ്ങോട്ട് ആവശ്യപ്പെട്ടാണ് ആ കഥാപാത്രം അദ്ദേഹം ചെയ്തത്.
advertisement
പ്രാകൃതനായ ഒരു കബർ വെട്ടുകാരൻ്റെ റോളിൽ അദ്ദേഹത്തെ പോലെ അതിസുന്ദരനായ ഒരു നടൻ എങ്ങനെ ചേരും? എൻ്റെ സംശയങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് ഭക്ഷണമൊക്കെ നിയന്ത്രിച്ച് ഒന്ന് മെലിഞ്ഞാണ് അദ്ദേഹം ആ വേഷം ചെയ്തത്.നല്ല വേഷങ്ങൾക്കുള്ള ഒരു നടൻ്റെ ദാഹം അദ്ദേഹം എപ്പോഴും പ്രകടിപ്പിക്കുമായിരുന്നു. ഷൂട്ടിങ്ങിലുടനീളം ആ കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ അദ്ദേഹം പുലർത്തിയ ആത്മാർത്ഥത എന്നെ വല്ലാതെ വിസ്മയിപ്പിച്ചിരുന്നു. വെട്ടി വെച്ച കബറിലേക്ക് ഒരു കൂറ്റൻ കല്ല് കനത്തിൽ നെഞ്ചിലേക്ക് വന്നു വീണ് മലർന്നടിച്ചു വീഴുന്ന ഒരു രംഗമുണ്ട്. അഞ്ചിലധികം ഷോട്ടുകൾ കൊണ്ട് കൺവേ ചെയ്തെടുക്കേണ്ട ഒരു പ്രധാന സീൻ . 'അത് കുറെക്കൂടി സ്വാഭാവികമാക്കാൻ കൂറ്റൻ കല്ല് നെഞ്ചിൽ പിടിച്ച് മലർന്നു വീഴുന്ന രംഗമായാൽ നന്നാവും, ഞാനങ്ങനെ വീഴട്ടെ? - റിസാക്കയുടെ ചോദ്യം കേട്ട ഞാൻ ഞെട്ടിത്തരിച്ച് അരുതെന്ന് കൈ കൊണ്ട് വിലക്കിക്കൊണ്ട് നിലക്കുമ്പോൾ ക്യാമറമാൻ സണ്ണി ജോസഫിൻ്റെ കർശ്ശനമായ ശബ്ദം പിറകിൽ നിന്ന് വന്നു ,അത് അപകടമാണ് റിസ്ക്കാണ്. വേണ്ട .റിസബാവാ.
advertisement
എന്നിട്ടും ആ ഷോട്ടിൻ്റെ സ്വാഭാവികതയക്കു വേണ്ടി അദ്ദേഹം എന്നോടും സണ്ണി ജോസഫിനോടും നിർബന്ധിച്ച് കൊണ്ടിരുന്നു .ഒടുവിൽ സണ്ണി ജോസഫ് തീർത്ത് പറഞ്ഞു: ഞാൻ ഷൂട്ട് ചെയ്യില്ല.. ഇതോടെ കട്ട് ഷോട്ടിൽ അതെടുക്കാൻ അദ്ദേഹം സമ്മതിച്ചു. ഡിജിറ്റൽ സാങ്കേതികത ഇത്രകണ്ട് വികസിച്ച കാലമല്ല അത് എന്നോർക്കണം. രംഗത്തിൻ്റെ സ്വാഭാവികതയ്ക്കും താൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ശക്തിക്കും വേണ്ടി സമർപ്പണ ജീവിതം അസാധാരണമാം വിധം ആഗ്രഹിച്ച കലാകാരനായിരുന്നു റിസബാവ.
താഹ മാടായിയുടെ സഹോദരൻ ഇസ്ഹാഖ് മാടായിയുടേതായിരുന്നു കബറിൻ്റെ കഥ. നിർമ്മാണവും അദ്ദേഹം തന്നെ. മാമുക്കോയ,കോഴിക്കോട് നാരായണൻ തുടങ്ങി പ്രഗത്ഭരായ നടന്മാർ ഈ ടെലിഫിലിമിൽ ഉണ്ടായിരുന്നു. രമേഷ് നാരായണൻ്റേതാണ് സംഗീതം.ഏഷ്യാനെറ്റ് നാലഞ്ച് തവണ സംപ്രേഷണം ചെയ്യുകയും ചെയ്തു. അന്ന് ഏഷ്യാനെറ്റിൻ്റെ അമരക്കാരനായിരുന്ന ശ്രീ.ആർ. ശ്രീകണ്ഠൻ നായർ ഈ ടെലിഫിലിമിന് വലിയ പ്രചാരം നല്കുകയും ചെയ്തു.മൂന്ന് വർഷം മുമ്പ് അത് ആരോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
കബർ - ടെലിഫിലിം എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് അത് യൂട്യൂബിൽ കാണാം. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം എത്രകണ്ട് വ്യത്യസ്ത ആഗ്രഹിച്ചിരുന്നു എന്നതിൻ്റെ അടയാളങ്ങൾ നിങ്ങൾക്കതിൽ വായിച്ചെടുക്കാം.
രണ്ട് വർഷം മുമ്പ് കൊച്ചിയിൽ വെച്ച് കണ്ടപ്പോൾ നല്ലതും വ്യത്യസ്തവുമായ വേഷം ചെയ്യാനുള്ള അദ്ദേഹത്തിനുണ്ടായിരുന്ന അതേ ആവേശം ഒരു ഉൾക്കടലായി തുടിക്കുന്നത് നിശ്ശബ്ദം ഞാനറിഞ്ഞു. സ്റ്റീരിയോ ടൈപ്പ് വേഷങ്ങൾ ഒരു ജീവനോപാധി എന്ന നിലയ്ക്ക് കൊണ്ടു നടക്കുമ്പോഴും ഏതൊരു നല്ല കലാകാരനെയും പോലെ വ്യത്യസ്തമായ വേഷങ്ങൾക്കായി റിസബാവ ദാഹിച്ചു.
advertisement
ഒട്ടേറെ ബാധ്യതകൾ ഏറ്റുവാങ്ങേണ്ടി വന്ന പാവപ്പെട്ട ഒരു കടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുടുംബത്തെയാകെ കരകയറ്റി.കൈ നിറയെ സിനിമയും പണവും വന്നു.
പണമില്ലാത്തതിൻ്റെ ദുഃഖം ഏറെ അനുഭവിച്ചിട്ടും ,പണം കരുതലോടെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം വൈകാതെ പരാജയപ്പെട്ടു തുടങ്ങി .കടത്തിൽ മുങ്ങിത്തുടിച്ചു.. കഠിനമായ പ്രമേഹം വന്ന് കാൽവിരലുകൾ പോലും മുറിക്കേണ്ടി വന്നു. എന്നിട്ടും രോഗങ്ങളോടുള്ള സമീപനത്തിലും പരിചരണത്തിലും അദ്ദേഹം തീർത്തും അശ്രദ്ധനായിരുന്നു .
അഭിനയ രംഗത്ത് ഇനിയും ധാരാളം സംഭാവനകൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. ചിലപ്പോൾ നാം തിരയടിക്കുന്ന കടലിൻ്റെ കാഴ്ചക്കാർ മാത്രം...
advertisement
നിത്യശാന്തി എന്ന് മാത്രം നിശ്ശബ്ദം വേദനയോടെ പറയട്ടെ.
മലയാളം വാർത്തകൾ/ വാർത്ത/Film/
' ആ കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ അദ്ദേഹം പുലർത്തിയ ആത്മാർത്ഥത വല്ലാതെ വിസ്മയിപ്പിച്ചു'; ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്
Next Article
advertisement
Love Horoscope December 14 | ബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുക ; നിങ്ങളുടെ പ്രണയം നിങ്ങളോടൊപ്പമുണ്ടായിരിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുക ; നിങ്ങളുടെ പ്രണയം നിങ്ങളോടൊപ്പമുണ്ടായിരിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് പ്രണയബന്ധത്തിൽ വൈകാരിക അകലം

  • മീനം രാശിക്കാർക്ക് പങ്കാളിയോടൊപ്പം സന്തോഷം അനുഭവിക്കാം

  • പ്രണയബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അനുകൂലമായ ദിവസമാണ്

View All
advertisement