പ്രതിഷേധം ഫലം കണ്ടു; ഗൾഫിൽനിന്ന് മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിരക്ക് ഏകീകരിച്ചു

Last Updated:
ദുബായ്: പ്രവാസികളുടെ മൃതദേഹം തൂക്കിനോക്കി വിലപേശുന്ന എയർ ഇന്ത്യയ്ക്കെതിരായ പ്രതിഷേധം ഫലം കണ്ടു. ഗൾഫിൽനിന്ന് മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകൾ എയർഇന്ത്യ ഏകീകരിച്ചു. യുഎഇയിൽനിന്ന് 12 വയസിന് താഴെ പ്രായമുള്ളവരുടേതിന് 750 ദിർഹവും 12 വയസിന് മുകളിൽ പ്രായമുള്ളവരുടേതിന് 1500 ദിർഹവുമാക്കിയാണ് നിരക്ക് ഏകീകരിച്ചത്. ഏകദേശം 30000 രൂപയോളം വരുമിത്. ലക്ഷങ്ങൾ നൽകേണ്ടിവരുന്ന സ്ഥാനത്ത് പുതിയ നിരക്ക് ആശ്വാസകരമാണ്. ഇക്കാര്യം എയർഇന്ത്യ കാർഗോ കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിരക്കാണ് ക്രമീകരിച്ചത്. ജിസിസി രാജ്യങ്ങൾക്കെല്ലാം നിരക്ക് ക്രമീകരണമുണ്ട്. ഒമാനിൽ 160 ഒമാനി റിയാൽ, കുവൈറ്റിൽ 175 ദിനാർ, സൗദിയിൽ 2200 റിയാൽ, ബഹറിനിൽ 225 ദിനാർ, ഖത്തറിൽ 2200 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന രീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മിക്ക രാജ്യങ്ങളും സ്വന്തം പൗരൻമാരുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുമ്പോൾ എയർ ഇന്ത്യ വാങ്ങുന്നത് ഒന്നരലക്ഷം രൂപ വരെയായിരുന്നു. അതായത് പെട്ടി ഉൾപ്പെടെ തൂക്കുമ്പോൾ ഒരു കിലോയ്ക്ക് 300 രൂപ വച്ച്. ഇതിന് പുറമെ എംബാംമിഗും കൂടെ വരുന്ന ആളുടെ ടിക്കറ്റ് നിരക്കും കൂടിയാകുമ്പോഴാണ് ലക്ഷങ്ങളുടെ കണക്ക് വരുന്നത്. ജീവിതം കരുപ്പിടിപ്പിക്കാന്‍ വിദേശത്തേക്ക് ചേക്കേറുന്നവർ അവിടെ വച്ച് മരണപ്പെട്ടാൽ നാട്ടിലുള്ള ബന്ധുക്കളാകും കടക്കെണിയിലാവുക. മൃതദേഹം തൂക്കിനോക്കി എയർ ഇന്ത്യ വിലയിടുമ്പോൾ നാട്ടിലുള്ളവർ ചിലവിടേണ്ടി വരുക ലക്ഷങ്ങൾ. എയർഇന്ത്യ നിരക്ക് ഏകീകരിക്കാൻ തയ്യാറായതോടെ ഈ അവസ്ഥയ്ക്കാണ് മാറ്റം വരുന്നത്.
advertisement
ഈ വിഷയവുമായി ബന്ധപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ചെയര്‍മാന്‍ കെ.എം ബഷീറിന്റെ നേതൃത്വത്തില്‍ പാര്‍ലിമെന്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. സാമൂഹിക പ്രവർത്തകരുടെ കനിവിലാണ് പലപ്പോഴും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. ചില സാഹചര്യങ്ങളിൽ ബന്ധുക്കൾക്ക് കാണാൻ പോലും അവസരം ലഭിക്കാതെ വിദേശത്ത് തന്നെ സംസ്കരിക്കേണ്ടതായും വരുന്നു. ഇതിനെല്ലാം അറുതി വരുത്താനാണ് ഇപ്പോൾ പ്രവാസി സംഘടനകൾ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പ്രതിഷേധം ഫലം കണ്ടു; ഗൾഫിൽനിന്ന് മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിരക്ക് ഏകീകരിച്ചു
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement