ഇസാം അൽ ഹുസ്സൈൻ എന്നയാളെ അറിയാമോ? സുഹൃത്തിന്റെ മകൾ ചോദിക്കുന്നു

യുഎ ഇ 2019 നെ സഹിഷ്ണുതയുടെ വർഷമായി ആചരിക്കുന്ന ഈ അവസരത്തിൽ ജാതി മത ഭാഷ ഭേദങ്ങളില്ലാതെ സ്നേഹവും മനുഷ്യത്വവും കൊണ്ട് പപ്പയുടെ മനസ്സ് കീഴടക്കിയ ആ വലിയ മനുഷ്യനെ കണ്ടെത്താൻ ഞാൻ ഈ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിക്കുന്നു

news18-malayalam
Updated: September 25, 2019, 10:51 AM IST
ഇസാം അൽ ഹുസ്സൈൻ എന്നയാളെ അറിയാമോ? സുഹൃത്തിന്റെ മകൾ ചോദിക്കുന്നു
യുഎ ഇ 2019 നെ സഹിഷ്ണുതയുടെ വർഷമായി ആചരിക്കുന്ന ഈ അവസരത്തിൽ ജാതി മത ഭാഷ ഭേദങ്ങളില്ലാതെ സ്നേഹവും മനുഷ്യത്വവും കൊണ്ട് പപ്പയുടെ മനസ്സ് കീഴടക്കിയ ആ വലിയ മനുഷ്യനെ കണ്ടെത്താൻ ഞാൻ ഈ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിക്കുന്നു
  • Share this:
വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ തന്റെ പിതാവിന്റെ തൊഴിലുടമയെ ഉടമയെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർഥിച്ച് മധ്യമ പ്രവർത്തകയായ നിഷ പൊന്തത്തിൽ.  യുഎ ഇ 2019 നെ സഹിഷ്ണുതയുടെ വർഷമായി ആചരിക്കുന്ന ഈ അവസരത്തിൽ ജാതി മത ഭാഷ ഭേദങ്ങളില്ലാതെ സ്നേഹവും മനുഷ്യത്വവും കൊണ്ട് പപ്പയുടെ മനസ്സ് കീഴടക്കിയ ആ വലിയ മനുഷ്യനെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർഥിക്കുകയാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പ് പൂർണരൂപത്തിൽ 

1981 ൽ അബുദാബിയിൽ നിന്നും 240 കിലോമീറ്ററോളം ദൂരത്തുള്ള അൽ റുവൈസ് എന്ന സ്ഥലത്തെ കൺസ്ട്രക്ഷൻ സൈറ്റിൽ എത്തിപ്പെട്ടപ്പോൾ മാത്രമാണ് താൻ വിസ തട്ടിപ്പിന് ഇരയായ കാര്യം പി കെ വിജയൻ മനസിലാക്കിയത്. ഒരു വർഷം കത്തുന്ന വെയിലിൽ പണിയെടുത്തും ഓവർടൈം ചെയ്തു കടം വീട്ടി.

പിന്നാലെ അഡ്നോക്കിൻറെ ഹൗസിംഗ് കോംപ്ലക്സിലുള്ള ഒരു ലെബനീസുകാരൻറെ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടയിൽ സെയിൽസ്മാനായി ജോലി കിട്ടി. ഇസാം അൽ ഹുസൈൻ എന്ന ഇരുപത്തഞ്ചിനടുത്തു പ്രായമുള്ള മുതലാളിക്ക് തുടക്കം മുതലേ പുതിയ ജോലിക്കാരനെ ഇഷ്ടമായി. മുതലാളിയുടെ ഇമാദ് അൽ ഹുസൈൻ എന്ന സഹോദരനും വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് വിജയനോട് പെരുമാറിയത്. അദ്ദേഹം കടയിൽ വരുമ്പോഴൊക്കെ ഏതോ വിലകൂടിയ ബ്രാൻഡ്‌ സിഗരറ്റും തൊഴിലാളിക്കായി കയ്യിൽ കരുതുമായിരുന്നു. ഇന്നും അതൊക്കെ ഓർത്തെടുക്കുമ്പോൾ വിജയൻറെ വാക്കുകളിൽ പഴയ മുതലാളിയോട് ഒരു സഹോദരനോടെന്ന പോലെ സ്നേഹം നിറയും. അവരുടെ കഥ കേൾക്കുന്ന ആർക്കും അതൊരു തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ബന്ധമായി തോന്നാറില്ല. അല്ലെങ്കിൽ, രണ്ടു വർഷം മാത്രം ജോലിചെയ്ത് നാട്ടിലേക്ക് ലീവിൽ പോകുന്ന തൊഴിലാളിയെ അബുദാബിയിൽ അയാളുടെ അമ്മയും 2 സഹോദരൻമാരും വിവാഹ പ്രായമെത്തിയ സഹോദരിയുമുള്ള വലിയ വീട്ടിൽ 3 ദിവസം താമസിപ്പിക്കാൻ ഏതു മുതലാളി തയ്യാറാവും? അതും പോരാഞ്ഞ്, പോകുമ്പോൾ ഒരു വലിയ പെട്ടി നിറയെ അയാളുടെ കുടുംബാംഗങ്ങൾക്കായി സമ്മാനങ്ങൾ വാങ്ങി നൽകാൻ എത്രപേർ മെനക്കേടും?

ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട ശേഷം, സിഖ് കൂട്ടക്കൊലയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന സമയത്താണ് ഒരു മാസത്തെ അവധിക്കു വിജയൻ നാട്ടിലെത്തിയത്. പല കാരണങ്ങൾകൊണ്ടും ഗൾഫിലേക്ക് തിരിച്ച് പോകാൻ കഴിഞ്ഞില്ല. കൂടുതൽ ശമ്പളവും മെച്ചപ്പെട്ട ജോലിയും ഉണ്ടെന്ന് അറിയിച്ചു മുതലാളിയുടെ പേരിൽ ഒരു പാട് ടെലിഗ്രാമുകളും കത്തുകളും വിസയുമടക്കം അയാളെത്തേടി വന്നെങ്കിലും അയാൾ വേദനയോടെ അതെല്ലാം വേണ്ടന്ന് വെച്ചു.

കാലം ഒരുപാടു കഴിഞ്ഞു." ഒരുപക്ഷെ, പഴയ മുതലാളിയെ ഒരിക്കൽക്കൂടി കാണണമെന്ന് പപ്പക്ക് ആഗ്രഹമുണ്ടായിരിക്കാം, പക്ഷെ ഇതുവരെ പറഞ്ഞിട്ടില്ല. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ടു പറയാത്തതാവും. അദ്ദേഹത്തെ കണ്ടുപിടിക്കാനുള്ള അഡ്രസ് ഇല്ല. ആ കട ഇപ്പോളവിടെ ഉണ്ടോയെന്നും അറിയില്ല. കടയിൽ നിന്നും അര കിലോമീറ്റർ ദൂരത്തിൽ ഒരു പോസ്റ്റ് ഓഫീസും, ഒരു ബാങ്കും (അൽ അഹ്ലി ആണെന്ന് തോന്നുന്നു) ഉണ്ടായിരുന്നു. 10 കിലോമീറ്റർ ദൂരത്തിൽ ഹോട്ടൽ റമദ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പഴയ ആൽബത്തിൽ നിന്നും കിട്ടിയ പടങ്ങളിൽ പപ്പയും ഇസാമിന്റെ സഹോദരൻ ഇമാദ് അൽ ഹുസ്സൈനും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ കിട്ടിയതാണ് ഈ എഴുത്തിന് പ്രചോദനം. ആ നല്ല മനുഷ്യൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെ കണ്ടുപിടിക്കണം. പുതുവര്ഷത്തിൽ പപ്പ വരുമ്പോൾ അദേഹത്തിനെ കാണാൻ കൊണ്ടുപോകണം. യുഎ ഇ 2019 നെ സഹിഷ്ണുതയുടെ വർഷമായി ആചരിക്കുന്ന ഈ അവസരത്തിൽ ജാതി മത ഭാഷ ഭേദങ്ങളില്ലാതെ സ്നേഹവും മനുഷ്യത്വവും കൊണ്ട് പപ്പയുടെ മനസ്സ് കീഴടക്കിയ ആ വലിയ മനുഷ്യനെ കണ്ടെത്താൻ ഞാൻ ഈ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിക്കുന്നു,

First published: September 24, 2019, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading