ദുബായ്: യുഎഇ റാസല്‍ഖൈമയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് ഇന്നലെ രാത്രി തീപിടിത്തമുണ്ടായി. ഇവിടെ നിന്ന് 44 തൊഴിലാളികളെയും പരിക്കേല്‍ക്കാതെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ മരീദിലെ തുറമുഖത്തിനും ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി ബില്‍ഡിങിനും സമീപത്തായിരുന്നു തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച യുഎഇ സമയം രാത്രി 9.40നാണ് തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് റാസല്‍ ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്‍ദുള്ള അല്‍ സാബി പറഞ്ഞു. ഉടന്‍ തന്നെ അഗ്നിശമന സേനയും പൊലീസ്, ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തി. പരിസരത്തത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. ''അവിടെയുണ്ടായിരുന്ന 44 തൊഴിലാളികളെയും സുരക്ഷിതരായി മാറ്റാൻ സാധിച്ചു. വൻ തീപിടിത്തമാണുണ്ടായതെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചില്ല.'' -അദ്ദേഹം പറഞ്ഞു.
സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരുന്നത് സമയോചിതമായ ഇടപെടല്‍ കൊണ്ട് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപെടുത്തിയ അഗ്നിശമന സേനാ അംഗങ്ങളെ ബ്രിഗേഡിയര്‍ ജനറല്‍ അല്‍ സാബി അഭിനന്ദിച്ചു. സ്മോക് ഡിറ്റക്ടറുകൾ സ്ഥാപിക്കേണ്ടത് അതിപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
റാസല്‍ഖൈമ തുറമുഖത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു തീപിടിത്തമുണ്ടായ കെട്ടിടം. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സാധനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.