7 എമിറേറ്റുകളെ പ്രതിനിധീകരിച്ച് 7 ഗോപുരങ്ങള്‍; അബുദാബിയിലെ ആദ്യ ക്ഷേത്രം നിർമ്മിക്കുന്നത് ഇരുമ്പും സ്റ്റീലും ഉപയോഗിക്കാതെ

അബൂമുറൈറഖയിലാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമുയരുന്നത്.

News18 Malayalam | news18-malayalam
Updated: February 14, 2020, 8:03 PM IST
7 എമിറേറ്റുകളെ പ്രതിനിധീകരിച്ച് 7 ഗോപുരങ്ങള്‍; അബുദാബിയിലെ ആദ്യ ക്ഷേത്രം നിർമ്മിക്കുന്നത് ഇരുമ്പും സ്റ്റീലും ഉപയോഗിക്കാതെ
News18
  • Share this:
അബുദാബി : യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തതോടെ അബുദാബിയില്‍ പണിതുയര്‍ത്തുന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനു സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കില്ല. പൂര്‍ണ്ണമായും ഇന്ത്യന്‍ വാസ്തു വിദ്യയിലാണ് ക്ഷേത്രം പണിയുന്നതെന്നും കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ യു.എ.ഇ സന്ദര്‍ശനത്തിലാണ് യു.എ.ഇ ഭരണാധികാരികള്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുന്നത്.  രണ്ടാമത്തെ യു.എ.ഇ സന്ദര്‍ശനത്തില്‍ ക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.

അബുദാബി ദുബായ് പാതയില്‍ അബൂമുറൈറഖയിലാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമുയരുന്നത്. സ്വാമി മഹദ് മഹാരാജിന്റെ കാര്‍മികത്വത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകള്‍ കഴിഞ്ഞ വര്‍ഷം നടന്നത്.

പൂര്‍ണമായും ഇന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റ് പണികള്‍ ഇന്നലെ ആരംഭിച്ചു. 3000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് മിക്‌സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ 55 ശതമാനവും ഫ്‌ലൈ ആഷാണ്.

വരുന്ന 50 വര്‍ഷത്തേക്ക് മര്‍ദ്ദം, താപനില, ഭൂകമ്പം സംബന്ധിച്ച ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ക്ഷേത്രത്തില്‍ 300ല്‍ അധികം ഹൈടെക് സെന്‍സറുകള്‍ സ്ഥാപിക്കും.

ക്ഷേത്രത്തിന്റെ ശിലാഫലകത്തിലുള്ള കൊത്തുപണികള്‍ ഇന്ത്യയില്‍ നിന്ന് വിദഗ്ധരായ കരകൗശല കലാകാരന്മാര്‍ നിര്‍വഹിക്കും. 3000 ശില്‍പികള്‍ കൊത്തിയെടുത്ത 12,350 ടണ്‍ പിങ്ക് മാര്‍ബിളും 5000 ടണ്‍ ഇറ്റാലിയന്‍ മാര്‍ബിളും ക്ഷേത്രത്തെ മനോഹരമാക്കും. യു.എ.ഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റന്‍ ഗോപുരങ്ങളും സ്ഥാപിക്കും. ക്ഷേത്രം 2022 ൽ പൂർത്തിയാക്കും.

55,000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ ശ്രീകൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയ പ്രതിഷ്ഠകളുണ്ടാകും.

ലൈബ്രറി, ഭക്ഷണശാലകള്‍, സാംസ്‌കാരിക കായിക കേന്ദ്രങ്ങള്‍, പൂന്തോട്ടം എന്നിവയും ക്ഷേത്രത്തോടനുബന്ധിച്ചുണ്ടാകും. ഇന്ത്യയിലെ നദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുനരാവിഷ്‌കാരവും ക്ഷേത്രത്തോട് ചേര്‍ന്നുണ്ടാകും.

Also Read ജിദ്ദ-റിയാദ് യാത്രയ്ക്ക് വെറും 46 മിനിട്ട്; അതിവേഗയാത്രയ്ക്ക് സൗദിയിലും ഹൈപ്പർ ലൂപ്പ് വരുന്നു

 
First published: February 14, 2020, 8:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading