മസ്ക്കറ്റ്: സോഷ്യൽ മീഡിയയിലുടെ വിദ്വേഷ പ്രചാരണം നടത്തിയ ഇന്ത്യക്കാരനായ അധ്യാപകന് ഒമാനിൽ ജോലി നഷ്ടമായി. ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. സുധീര്‍ കുമാര്‍ ശുക്ലയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിച്ചും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുമാണ് അധ്യാപകന്‍ ട്വിറ്ററില്‍ നിരന്തരം ട്വീറ്റുകൾ ഇട്ടത്. വിദ്വേഷകരമായ ട്വീറ്റുകൾ ഇദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ പരാതി ലഭിച്ചതോടെയാണ് നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി അധികൃതർ നടപടിയെടുത്തത്.
ഡോ. സുധീർ കുമാർ ശുക്ലയുടെ ട്വീറ്റുകൾ വലിയ വിവാദമായിരുന്നു. നിരവധിയാളുകൾ ഇദ്ദേഹത്തിന്‍റെ ട്വീറ്റിന് കീഴിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾ അംഗീകരിക്കാനോ വിവാദ ട്വീറ്റുകൾ പിൻവലിക്കാനോ സുധീർ കുമാർ ശുക്ല തയ്യാറായില്ല. കൂടാതെ തന്‍റെ ട്വീറ്റുകളെ ഇദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ഇതോടെ യൂണിവേഴ്സിറ്റിയിൽ ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി. വിദ്യാർഥികൾ ഇദ്ദേഹത്തിന്‍റെ ക്ലാസുകൾ ബഹിഷ്കരിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം സുധീർ കുമാർ ശുക്ലയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർഥികൾ പ്ലക്കാർഡുകളുമായി പ്രകടനം നടത്തി.
Also Read- കോൺഗ്രസ് ടൂൾകിറ്റ് കേസ്: ട്വിറ്റർ ഇന്ത്യ ഓഫീസിൽ ഡൽഹി പോലീസിന്‍റെ റെയ്ഡ്
ഇതോടെയാണ് കടുത്ത നടപടിയിലേക്ക് സർവകലാശാല അധികൃതർ കടന്നത്. സുധീർ കുമാർ ശുക്ലയെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവ് പുറത്തിറക്കി. ഇതോടെ നിലപാട് തിരുത്തിക്കൊണ്ടുള്ള ട്വീറ്റുകളുമായി സുധീർ കുമാർ ശുക്ല രംഗത്തെത്തി. അപക്വമായ പെരുമാറ്റത്തിന് മാപ്പ് ചോദിക്കുന്നതായി ഇദ്ദേഹം ട്വീറ്റ് ചെയ്തു. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തു. എന്നാൽ സുധീർ കുമാർ ശുക്ലയ്ക്കെതിരായ പ്രതിഷേധത്തിന് ഒരു കുറവുമില്ലായിരുന്നു. ഒടുവിൽ പ്രതിഷേധത്തെ തുടര്‍ന്ന് ഡോ. സുധീർ കുമാര്‍ ശുക്ല തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു. കര്‍ഷക സമരം. സി.എ.എ-എന്‍.ആര്‍.സി സമരം തുടങ്ങിയവക്കെതിരെയും ഡോ. സുധീര്‍കുമാര്‍ നേരത്തേ വിദ്വേഷ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററിൽ സംഘപരിവാർ അനുകൂല തീവ്ര നിലപാടുകൾ സ്വീകരിക്കുന്നയാളാണ് ഡോ. സുധീർ കുമാർ ശുക്ല.
പശ്ചിമേഷ്യയിലെ ഇസ്രായേൽ - പാലസ്തീൻ സംഘർഷത്തിൽ പാലസ്തിനൊപ്പം ശക്തമായി നിലകൊള്ളുന്ന രാജ്യമാണ് ഒമാൻ. അതുകൊണ്ടുതന്നെ തങ്ങളുടെ രാജ്യത്തുനിന്ന് പാലസ്തീനെതിരായ പ്രചാരണം അംഗീകരിക്കാനാകില്ലെന്നും നാഷണൽ സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hate propaganda, Indian teacher loses job, Oman, Social media, Twitter