യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണു മരിച്ചത്. ഏഴു പേര്‍ക്കു പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ദുബായില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഷീബ. കുടുംബത്തോടൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാനായി ദുബായിൽ നിന്നു സലാലയിലേക്കു വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ഏഴുപേരടങ്ങുന്ന രണ്ടു കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവച്ചു മറിയുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ നിസ്‌വ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജു സജിമോന്‍ ആണു ഷീബയുടെ ഭര്‍ത്താവ്. പിതാവ്: തോമസ്. മാതാവ്: മറിയാമ്മ.
ശവ്വാല്‍ മാസപ്പിറവി കണ്ടു; ഒമാനില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച
മസ്ക്കറ്റ്: ഒമാനില്‍ (Oman) ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഈദുല്‍ ഫിത്വര്‍ (Eid-Ul-Fitr) തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാന്‍ ഒമാന്റെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതര ജി സി സി രാഷ്ട്രങ്ങളിലും തിങ്കളാഴ്ച ചെറിയ പെരുന്നാളാണ്.
Also Read- മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയപ്പെരുന്നാൾ ചൊവ്വാഴ്ച
സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. റമദാൻ 30 ദിവസം പൂർത്തിയാക്കിയതിനാലാണ് തിങ്കളാഴ്ച ചെറിയ പെരുന്നാൾ. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല.
അതേസമയം, കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയാണ്. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണിത്. ഇതോടെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് തങ്ങൾ എന്നിവരാണ് പെരുന്നാള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
പെരുന്നാള്‍ ആഘോഷം; പടക്കം വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക്; ലംഘിക്കുന്നവര്‍ക്ക് ജയില്‍
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി ദുബായ് പൊലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പടക്കങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പൊലീസ് പറയുന്നു.
നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ 1,00,000 ദിര്‍ഹം പിഴയും നല്‍കേണ്ടി വരുമെന്നും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. വീടുകളിലും പൊതുസ്ഥലങ്ങളിലും തീപിടിത്തമുണ്ടാകുന്നത് ഒഴിവാക്കുന്നതിനായി കുട്ടികള്‍ അപകടകരമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രതാ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.