കൊറോണ ഭീതി: ഉംറ തീർഥാടകർക്ക് സൗദി അറേബ്യ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി
കൊറോണ ഭീതി: ഉംറ തീർഥാടകർക്ക് സൗദി അറേബ്യ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി
നിലവിലെ നിയന്ത്രണങ്ങൾ താത്ക്കാലികമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ ഇതുമായി ബന്ധപ്പെട്ട് നിരന്തര അവലോകനം നടത്തുമെന്നും സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
റിയാദ്: കൊറോണ വൈറസ് ഗള്‍ഫ് മേഖലയിലേക്കും വ്യാപിച്ച സാഹചര്യത്തില്‍ ഉംറ തീര്‍ഥാടകർക്ക് താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശന അനുമതി നിഷേധിച്ച് സൗദി. പൊതു സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്.
മക്കയില്‍ നിന്നും തീര്‍ഥാടന കർമ്മങ്ങൾ പൂർത്തിയാക്കിയോ അതിനു മുമ്പോ വിദേശ തീര്‍ഥാടകര്‍ മദീനയിലെ പ്രവാചക പള്ളിയിലെത്താറുണ്ട്. ഇതിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സൗദി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. കർശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അത്തരത്തിൽ ഒരു സുരക്ഷാ മുന്‍ കരുതൽ എന്ന നിലയ്ക്കാണ് ഉംറ തീർഥാടകർക്കും താത്ക്കാലികമായെങ്കിലും പ്രവേശനം നിഷേധിച്ചിരിക്കുന്നത്.
കൊറോണ പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ നിന്ന് വൈറസ് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ടൂറിസ്റ്റ് വിസ നല്‍കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ സൗദി പൗരന്മാർക്കും GCC രാഷ്ട്രങ്ങളിലെ പൗരന്മാർക്കും രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കാൻ ദേശീയ തിരിച്ചറിയൽ കാർഡ് ഇനി കുറച്ചു കാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാൽ നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിദേശ രാജ്യങ്ങളിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന സൗദികൾക്കും ഇതിൽ ഇളവുണ്ട്.
സൗദിയിലേക്ക് വരുന്നതിന് മുമ്പായി ഇവര്‍ ഏത് രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് എൻട്രി പോയിന്റുകളിൽ വച്ച് തന്നെ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിക്കും. ഇതിനു ശേഷം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം മാത്രമെ രാജ്യത്ത് പ്രവേശിപ്പിക്കു. നിലവിലെ നിയന്ത്രണങ്ങൾ താത്ക്കാലികമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ ഇതുമായി ബന്ധപ്പെട്ട് നിരന്തര അവലോകനം നടത്തുമെന്നും സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഏഴുദശലക്ഷത്തോളം ഉംറ തീർഥാടകരാണ് പ്രതിവർഷം സൗദിയിലെത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.