Nimishapriya| 'ചർച്ച നടത്തിയത് ആരുമായെന്ന് കാന്തപുരം വ്യക്തമാക്കണം'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ
- Published by:Rajesh V
- news18-malayalam
Last Updated:
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാർത്തകൾ തെറ്റാണെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അബ്ദുൽ ഫത്താഹ് മഹ്ദിയുടെ പ്രതികരണം. തങ്ങൾ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിക്കുന്നുവെന്നും കാന്തപുരം ബന്ധപ്പെട്ട സംഘടന ഏതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കുറിച്ചു. മലയാള മാധ്യമങ്ങളുടെ വാർത്തകൾ അടക്കം പങ്കുവച്ചാണ് ഇക്കാര്യം അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'ഞങ്ങൾ അത് തള്ളിക്കളയുന്നു. പ്രചാരകന്‍ കാന്തപുരം തന്നെ ബന്ധപ്പെട്ട ആ സംഘടന എന്തെന്ന് വ്യക്തമാക്കണം. ഇത്തരം കള്ളവാർത്തകൾ വീണ്ടും പ്രചരിപ്പിക്കരുത്. ഏത് ടെലിവിഷൻ ചാനലായാലും ഞങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കണമെന്നാവശ്യപ്പെടുന്നു, ഞങ്ങൾ സത്യം പറയും. അവരുടെ പകുതിയും പുറത്ത് വരും. നമ്മുടെ ഇസ്ലാം മതം, മനുഷ്യത്വം നഷ്ടപ്പെട്ട കൊലപാതകിയോട് ദയ കാണിക്കാനുള്ള വ്യാഖ്യാനങ്ങളെയും നീതികേടായ പരിതാപങ്ങളെയും തള്ളിപ്പറയുന്നു. ഒരു കൊലപാതകത്തിന് മാപ്പ് തേടാനോ, അതിന്റെ ക്രൂരത മറയ്ക്കാനോ മതം പറയുന്നില്ല. അതുപോലെ തന്നെ, നമ്മുടെ യെമനിലെ ഭരണഘടനയും നീതിവ്യവസ്ഥയും നീതിയുള്ള ഇസ്ലാം മതത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ തന്നെ, കോടതി കൊലയാളിക്ക് വിധിച്ച ശിക്ഷയെ മാനിക്കേണ്ടത് കടമയാണ്, അതിൽ അലംഭാവം കാണിക്കാനാകില്ല'- അബ്ദുൽ ഫത്താഹ് മഹ്ദി കുറിച്ചു.
advertisement
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. നേരത്തേയും, സഹോദരൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യെമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. ദിയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി. അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
advertisement
നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
July 29, 2025 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Nimishapriya| 'ചർച്ച നടത്തിയത് ആരുമായെന്ന് കാന്തപുരം വ്യക്തമാക്കണം'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ