അബുദാബി: അബുദാബിയിലെ വ്യവസായ മേഖലയായ അല്‍ മുസഫയിലുണ്ടായ (Mussafah) സ്‌ഫോടനത്തില്‍ (Blast) രണ്ട് ഇന്ത്യക്കാരും (Indians) ഒരു പാകിസ്താനി (Pakitani) സ്വദേശിയുമടക്കം മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്‍ച രാവിലെയാണ് മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ കമ്പനിയായ അഡ്‌നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോണ്‍ ആക്രമണമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
Also Read- Birju Maharaj| കഥക് കലാരൂപത്തെ ലോക വേദിയിലെത്തിച്ച അതുല്യപ്രതിഭ; ബിർജു മഹാരാജിനെ കുറിച്ച് അറിയാം
അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം (WAM) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.