• HOME
  • »
  • NEWS
  • »
  • gulf
  • »
  • പുതിയ തൊഴിൽ നിയമങ്ങളുമായി യുഎഇ; സ്വകാര്യമേഖലയിൽ പാർട്ട് ടൈം, താത്കാലിക ജോലി ഉൾപ്പെടെ നിയന്ത്രണങ്ങൾ

പുതിയ തൊഴിൽ നിയമങ്ങളുമായി യുഎഇ; സ്വകാര്യമേഖലയിൽ പാർട്ട് ടൈം, താത്കാലിക ജോലി ഉൾപ്പെടെ നിയന്ത്രണങ്ങൾ

സ്വകാര്യമേഖലയിൽ പാർട്ട് ടൈം, താത്കാലിക ജോലികളിൽ ഉൾപ്പെടെ തൊഴിൽ ബന്ധങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പുതിയ ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന് സായിദ് അൽ നഹ്യാനാണ് പുറത്തിറക്കിയത്.

News18 Malayalam

News18 Malayalam

  • Share this:
പുതിയ തൊഴിൽ നിയമങ്ങൾ (Labour Laws) പുറത്തിറക്കി യുഎഇ (UAE). ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ അവധി ദിവസങ്ങൾ അവതരിപ്പിക്കുന്നതിനുമാണ് പ്രധാനമായും ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യമേഖലയിൽ പാർട്ട് ടൈം, താത്കാലിക ജോലികളിൽ ഉൾപ്പെടെ തൊഴിൽ ബന്ധങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പുതിയ ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (Sheikh Khalifa bin Zayed Al Nahyan) പുറത്തിറക്കുകയുണ്ടായി.

തൊഴിൽ ബന്ധങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ഈ പുതിയ ഉത്തരവ് സ്വകാര്യ മേഖലയിൽ 2022 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരും. 15 വയസിന് മുകളിൽ പ്രായമുള്ള കൗമാരക്കാരെ ഒരു കമ്പനിയിൽ നിയമിക്കുമ്പോൾ 3 വർഷത്തെ കരാറും നിബന്ധനകളും ബാധകമാക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

"എല്ലാവർക്കും അനുയോജ്യമാകുന്നതും മത്സരബുദ്ധിയോടെ മുന്നേറാൻ കഴിയുന്നതുമായ ഒരു തൊഴിൽ അന്തരീക്ഷം യുഎഇയുടെ അടുത്ത 50 വർഷത്തേയ്ക്കുള്ള യാത്രയിൽ ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശം. ലോകമെമ്പാടുമുള്ളവരുടെ പ്രതിഭയെ ആകർഷിക്കുകയും തൊഴിലാളികളുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയുമാണ്ഞങ്ങൾ ലക്ഷ്യമിടുന്നത്," യുഎഇ മാനവവിഭവശേഷി മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ പറഞ്ഞു

പുതിയ ജോലി മാതൃകകൾ

പാർട്ട് ടൈം ജോലി, താൽക്കാലിക ജോലി, ഫ്ലെക്സിബിൾ ജോലി, ഫ്രീലാൻസിംഗ്, പങ്കുവെച്ച് നിർവഹിക്കാവുന്ന ജോലികൾ, സ്വയം തൊഴിൽ തുടങ്ങിയ പുതിയ ജോലി മാതൃകകൾ നിയമത്തിന്റെ ഭാഗമായി അവതരിപ്പിക്കും. "ജീവനക്കാർക്ക് കരാറിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയ്ക്ക് പകരം മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ 40 മണിക്കൂർ ജോലി പൂർത്തിയാക്കാൻ കഴിയുന്ന ഓപ്‌ഷൻ നൽകും", അൽ അവാർ പറഞ്ഞു. ഷെയേർഡ് ജോലിയിൽ രണ്ട് പേർക്ക് ഒരേ ജോലി പങ്കുവെച്ച് നിർവഹിക്കാനും തൊഴിലുടമയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ശമ്പളം വീതിക്കാനും സാധിക്കുന്നു.

3 വർഷത്തെ കരാറുകൾ

പുതിയ നിയമം നിർവചിക്കുന്ന പ്രത്യേക കരാർ (നിശ്ചിത കാലത്തേക്കുള്ളതോ സ്ഥിരമായതോ ആയ കരാർ) മൂന്ന് വർഷത്തിൽ കവിയാത്തതും ഇരു കക്ഷികളുടെയും ധാരണയുടെ അടിസ്ഥാനത്തിൽ സമാനമായതോ കുറഞ്ഞതോ ആയ കാലയളവിലേക്ക് പുതുക്കി നിശ്ചയിക്കാവുന്നതുമാണ്.

നിയമത്തിലെ വ്യവസ്ഥകൾ 1980 ലെ ഫെഡറൽ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിധിയില്ലാത്ത കരാറുകൾക്ക് ബാധകമായിരിക്കും. നിയമം നടപ്പാക്കി ഒരു വർഷത്തിനകത്തുള്ള തൊഴിൽ കരാറുകൾ പരിധിയില്ലാത്തതാക്കി മാറ്റുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പൊതുതാൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭ ഈ കാലയളവ് നീട്ടിയേക്കാം.

ജുഡീഷ്യൽ ഫീസ് ഇളവുകൾ

100,000 ദിർഹത്തിൽ കവിയാത്ത വേതനമുള്ള തൊഴിലാളികളോ അവരുടെ അനന്തരാവകാശികളോ ഫയൽ ചെയ്യുന്ന നിയമ വ്യവഹാരം, അപേക്ഷകൾ എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും ജുഡീഷ്യൽ ഫീസ് അടയ്ക്കുന്നതിൽ നിന്ന് തൊഴിലാളികളെ ഈ നിയമം ഒഴിവാക്കുന്നു.

പുതിയ നിയമപ്രകാരം, തൊഴിലുടമകൾക്ക് ജീവനക്കാരുടെ ഔദ്യോഗിക രേഖകൾ കണ്ടുകെട്ടാൻ കഴിയില്ല. കൂടാതെ ജോലി കാലാവധി അവസാനിച്ചതിന് ശേഷം തൊഴിലാളികളെ രാജ്യം വിടാൻ നിർബന്ധിക്കാനും കഴിയില്ല. റിക്രൂട്ട്മെന്റിന്റെയും തൊഴിലിന്റെയും ഫീസും ചെലവുകളും തൊഴിലുടമ വഹിക്കണം. ജീവനക്കാരനിൽ നിന്ന് നേരിട്ടോ പരോക്ഷമായോ അവ തിരിച്ചു വാങ്ങാൻ പാടില്ല എന്നും നിയമം അനുശാസിക്കുന്നു.

സ്വകാര്യ മേഖലയിലെ അവധികൾ

കമ്പനിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചയിലെ വിശ്രമ ദിവസങ്ങൾ വർധിപ്പിക്കാൻ തൊഴിലാളികൾക്ക് കഴിയും. അടുത്ത ബന്ധുക്കൾ മരിച്ചാൽ 3-5 ദിവസങ്ങൾ അവധി ലഭിക്കും. അഞ്ച് ദിവസത്തെ പേരന്റൽ അവധിയും മന്ത്രിസഭ നിശ്ചയിച്ചിട്ടുള്ള മറ്റ് അവധി ദിനങ്ങൾക്കും പുറമെയാണിത്.

രണ്ട് വർഷം ഒരു കമ്പനിയിൽ തുടർച്ചയായി ജോലി ചെയ്താൽ തൊഴിലാളികൾക്ക് പ്രതിവർഷം 10 ദിവസത്തെ പഠന അവധിക്ക് അർഹതയുണ്ട്. യുഎയിലെ ഒരു അക്രഡിറ്റഡ് സ്ഥാപനത്തിൽ എൻറോൾ ചെയ്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

സ്വകാര്യ മേഖലയിൽ പ്രസവാവധി

സ്വകാര്യ മേഖലയിലെ പ്രസവാവധി 60 ദിവസത്തേക്ക് വരെ നീട്ടാം. പൂർണ വേതനത്തോടെ 45 ദിവസവും തുടർന്ന് പകുതി വേതനത്തിൽ 15 ദിവസവും അവധിയെടുക്കാം. അമ്മമാർക്ക് പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങളോ അസുഖങ്ങളോ ഉണ്ടെങ്കിൽ പ്രാരംഭ പ്രസവാവധി കാലയളവ് പൂർത്തിയാക്കിയാൽ ശമ്പളമില്ലാതെ 45 ദിവസം അധികമായി അവധി ലഭിക്കാൻ അർഹതയുണ്ട്. സിക്ക് ലീവായി അധിക ദിവസങ്ങൾ ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകൾ നൽകിയാൽ മതി.

പ്രത്യേക പരിഗണന ആവശ്യമായ ശിശുക്കളുടെ അമ്മമാർക്ക് അവരുടെ പ്രാരംഭ പ്രസവാവധി കാലയളവ് പൂർത്തിയായശേഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്. ശമ്പളമില്ലാതെ 30 ദിവസത്തേക്ക് കൂടി അത് നീട്ടാവുന്നതാണ്.

വിവേചനം ഇല്ലാതാക്കൽ

ജീവനക്കാരെ അവരുടെ തൊഴിലുടമകളും മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും നടത്തുന്നശാരീരികവും മാനസികവുമായ ആയ ആക്രമണങ്ങളിൽ നിന്ന് പുതിയ നിയമം സംരക്ഷിക്കുന്നു.

തൊഴിലുടമകൾ ബലപ്രയോഗത്തിലൂടെ ജീവനക്കാരിൽ നിന്ന് ഒന്നും നേടിയെടുക്കാൻ ശ്രമിക്കരുത്. ജീവനക്കാരെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തരുത്. അവരെ തൊഴിലുടമകൾ നിർബന്ധിക്കുകയോ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒന്നും അടിച്ചേൽപ്പിക്കുകയോ ചെയ്യരുത്.

വംശം, നിറം, ലിംഗം, മതം, ദേശീയത അല്ലെങ്കിൽ വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്നത് നിയമം പൂർണ്ണമായും നിരോധിക്കുന്നു.

ജോലി ചെയ്യുന്ന സ്ത്രീകളോട് വിവേചനം പാടില്ല

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഒരു വിവേചനവും പാടില്ലെന്ന് നിയമം നിഷ്കർഷിക്കുന്നു. ഒരേ ജോലിയോ തുല്യ മൂല്യമുള്ള മറ്റ് ചുമതലകളോ നിർവഹിക്കുമ്പോൾ സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ വേതനം നിയമം നിർബന്ധിതമാക്കുന്നു.

കൗമാരക്കാരുടെ ജോലി

തൊഴിലുടമകൾക്ക് 15 വയസ്സിൽ താഴെ പ്രായമുള്ളവരെ ജോലിക്കായി റിക്രൂട്ട് ചെയ്യാൻ കഴിയില്ല.

പുതിയ നിയമമനുസരിച്ച്, കൗമാരക്കാർക്ക് ഒരു മണിക്കൂർ ഇടവേളയോടെ ദിവസത്തിൽ ആറ് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ അനുവാദമില്ല. ഒരു രക്ഷാകർത്താവിന്റെ രേഖാമൂലമുള്ള സമ്മതവും മെഡിക്കൽ ഫിറ്റ്നസ് റിപ്പോർട്ടും സമർപ്പിച്ചതിന് ശേഷം മാത്രമേ ജോലി ചെയ്യാൻ അനുവദിക്കൂ.

കൗമാരക്കാർക്ക് രാത്രി 7 മുതൽ രാവിലെ 7 വരെ ഷിഫ്റ്റുകളിൽ ജോലി ചെയ്യാനോ അവരുടെ ശാരീരിക ആരോഗ്യത്തിനും ക്ഷേമത്തിനും ദോഷം വരുത്തുന്ന അപകടകരമായ ജോലികളിൽ ഏർപ്പെടാനോ അനുവാദമില്ല.

ജോലി സമയവും ഓവർടൈം സാലറിയും

പുതിയ നിയമപ്രകാരം, കുറഞ്ഞത് ഒരു മണിക്കൂർ ഇടവേളയില്ലാതെ ജീവനക്കാർ തുടർച്ചയായി അഞ്ച് മണിക്കൂറിലധികം ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. തൊഴിലാളികൾക്ക് ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർടൈം അനുവദിക്കില്ല.

ജോലിയുടെ സ്വഭാവത്തിന് അനുസരിച്ച് രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർടൈം ആവശ്യമാണെങ്കിൽ ഓരോ മണിക്കൂറിലും ജീവനക്കാർക്ക് 25 ശതമാനം അധിക വേതനം നൽകണം. രാത്രി 10 നും രാവിലെ 4 നും ഇടയിൽ ജീവനക്കാർ ഓവർടൈം ജോലി ചെയ്യേണ്ടതുണ്ടെന്ന് നിർബന്ധമാണെങ്കിൽ 50 ശതമാനം ശമ്പള വർദ്ധനവോടെ അവർക്ക് ജോലി ചെയ്യാം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളുകളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അവധി ദിവസങ്ങളിൽ ജോലി ചെയ്യാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടാൽ, പകരമായി അവർക്ക് ഒരു ദിവസത്തെ അവധിയോ 50 ശതമാനം വർദ്ധനവോടെ ശമ്പളമോ നൽകണം.
Published by:Rajesh V
First published: