രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ (Vande Bharat Express train) പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ്ഓഫ് ചെയ്തു. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലുള്ള അംബ് അന്ദൗറ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്‌പ്രസാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഒക്ടോബർ 13-നായിരുന്നു ഫ്ലാഗ് ഓഫ്. മുൻപത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പാണിത്.
ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. ഹിമാചൽ പ്രദേശിലെ അംബ് അന്ദൗറ മുതൽ ന്യൂഡൽഹി വരെയാണ് ട്രെയിൻ ഓടുക. ഡൽഹിക്കും ഉനയ്ക്കും ഇടയിലുള്ള അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ് എന്നീ മൂന്ന് സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക. നാലാമത്തെ വന്ദേ ഭാരത് ട്രെയിൻ എത്തുന്നതോടെ ന്യൂഡൽഹി സ്റ്റേഷനിൽ നിന്ന് ഉനയിലേക്ക് വെറും 5 മണിക്കൂർ കൊണ്ടെത്താം. പുതിയ ട്രെയിൻ ഡൽഹിക്കും ചണ്ഡീഗഢും തമ്മിലുള്ള യാത്രാ സമയം 3 മണിക്കൂറിൽ താഴെയായും കുറയ്ക്കും.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 5.50 ന് പുറപ്പെടുന്ന ട്രെയിൻ 11.05 ന് അംബ് അന്ദൗറ റെയിൽവേ സ്റ്റേഷനിലെത്തും. അംബ് അന്ദൗറ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ട്രെയിൻ ഡൽഹിയിലേക്ക് മടങ്ങുക. ഈ യാത്ര വൈകുന്നേരം 6:25 ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ സമാപിക്കും. 1000 രൂപയിൽ താഴെയാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലെ ടിക്കറ്റ് നിരക്ക്. കറങ്ങുന്ന കസേരയ്ക്ക് (rotating chair) 990 രൂപയും സാധാരണ കസേരയ്ക്ക് 955 രൂപയുമാണ് നിരക്ക്.
മുംബൈ-ഗാന്ധിനഗർ, ഡൽഹി-വാരണാസി, ഡൽഹി-കത്ര (ജമ്മു കശ്മീർ) റൂട്ടുകളിൽ മൂന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഇതിനകം സർവീസ് നടത്തുന്നുണ്ട്.
ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. ഒട്ടനവധി സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും വന്ദേ ഭാരത് എക്സ്പ്രസിൽ ഉണ്ട്. യാത്രക്കാർക്കായി ഏറ്റവും മികച്ച സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെയര്‍ കാര്‍. കറങ്ങുന്ന സീറ്റുകള്‍, മോഡുലാര്‍ ബയോ ടോയ്‌ലെറ്റ് എന്നിവയെല്ലാം ഇതിലുണ്ട്. കൂടാതെ എ സി കോച്ചുകള്‍, വിശാലമായ ജനലുകള്‍, സ്ലൈഡിംഗ് ഡോര്‍ എന്നിവയുണ്ട്. പ്രത്യേക എഞ്ചിൻ ഇല്ല എന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്. പകരം ഒന്നിടവിട്ട് കോച്ചുകള്‍ക്കടിയില്‍ 250 കിലോവാട്ടിന്റെ നാല് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ കരുത്തിലാണ് ട്രെയിൻ ഓടുന്നത്.
Also read : വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ വരുമോ? ഈ ട്രെയിനിന്‍റെ പ്രത്യേകതകൾ അറിയാം
ആകെ 16 കോച്ചുകളാണ് വന്ദേ ഭാരത് എക്സ്പ്രസിലുള്ളത്. ഇതിൽ രണ്ടെണ്ണം എക്സിക്യൂട്ടീവ് കോച്ചുകളാണ്. മെക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.