100 ശതമാനം സാക്ഷരതയും കുറഞ്ഞ കുറ്റകൃത്യനിരക്കും; മധ്യപ്രദേശിലെ 'മിനി കേരളം'
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഗ്രാമത്തിലുള്ളവരില്‍ ഭൂരിഭാഗം പേരും ഇന്ത്യന്‍ സൈന്യത്തിലും ബാങ്കുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലുമാണ് ജോലി ചെയ്യുന്നത്
100 ശതമാനം സാക്ഷരത, മനോഹരമായ ഭൂപ്രകൃതിയാല്‍ സമ്പന്നമായ 'ദൈവത്തിന്റെ സ്വന്തം നാട്' ഇതൊക്കെയാണ് കേരളം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി വരുന്നത്. എന്നാല്‍, കേരളത്തിന്റെതായ തനത് സ്വഭാവങ്ങളെല്ലാം അടങ്ങിയ ഒരു സ്ഥലമുണ്ട് അങ്ങ് മധ്യപ്രദേശില്‍. മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയിലെ ഇത്‌ഖേഡി എന്ന ഗ്രാമമാണ് 'മിനി കേരളം' എന്ന് അറിയപ്പെടുന്നത്.
1955ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒരു പ്രത്യേക പദ്ധതിയുടെ കീഴില്‍ കേരളത്തില്‍ നിന്നുള്ള 150ലധികം മലയാളി കുടുംബങ്ങളെ ഈ ഗ്രാമത്തില്‍ താമസിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലെ മിക്കവാറും എല്ലാ കുടുംബങ്ങളില്‍ നിന്നുമുള്ള യുവാക്കള്‍ ഇന്ത്യന്‍ സൈന്യം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തുവരുന്നു. മികച്ച സാക്ഷരതാ നിരക്കിന് പേരുകേട്ട സംസ്ഥാനമാണ് കേരളം. ഇത്‌ഖേഡയിലെത്തിയ മലയാളികളും ഇതേ പാത പിന്തുടരുകയാണ്.
ആവശ്യത്തിന് വിഭവങ്ങള്‍ ലഭിക്കാത്തതു കൊണ്ടും സാമ്പത്തിക പ്രയാസങ്ങൾ കാരണവും നിരവധി കുടുംബങ്ങള്‍ കേരളത്തിലേക്ക് തന്നെ മടങ്ങി. എന്നാല്‍, ഏതാനും കുടുംബങ്ങള്‍ അവിടെ നിന്നു. അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.
advertisement
ഗ്രാമത്തിലുള്ളവരില്‍ ഭൂരിഭാഗം പേരും ഇന്ത്യന്‍ സൈന്യത്തിലും ബാങ്കുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലുമാണ് ജോലി ചെയ്യുന്നത്. ആരോഗ്യ മേഖലയിലാണ് സ്ത്രീകളില്‍ അധികവും പ്രവർത്തിക്കുന്നത്. നെഹ്‌റു സര്‍ക്കാര്‍ അന്ന് ഓരോ കുടുംബത്തിനും 12 ഏക്കര്‍ വീതം ഭൂമി നല്‍കിയിരുന്നു. അതില്‍ ചിലര്‍ കൃഷി ചെയ്തു. ഗ്രാമത്തിലെ കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസം വളരെ പ്രധാനമാണ്. ഗ്രാമത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവായതിനാല്‍ ഇതും മികച്ച വിദ്യാഭ്യാസത്തിന് ബലമേകി.
മുമ്പ് കേരളത്തില്‍ നിന്നുള്ള മലയാളി കുടുംബങ്ങള്‍ മാത്രമെ ഇവിടെ താമസിച്ചിരുന്നുള്ളൂ. പിന്നീട് മറ്റ് ഇടങ്ങളില്‍ നിന്നുള്ളവരും ഇവിടെ സ്ഥിരതാമസമാക്കി. 2011ലെ ജനസംഖ്യാ കണക്കുകള്‍ പ്രകാരം ഇത്‌ഖേഡി ഗ്രാമത്തില്‍ 648 പേരാണുള്ളത്. ഇതില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള 117 പേരും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 15 അംഗങ്ങളും ഉള്‍പ്പെടുന്നു. 2011ല്‍ 77.21 ശതമാനമായിരുന്നു ഇവിടുത്തെ സാക്ഷരതാ നിരക്ക്. ഇപ്പോള്‍ അത് 100 ശതമാനത്തിനടുത്താണ്.
advertisement
1955ല്‍ കേന്ദ്ര യന്ത്രവത്കൃത കൃഷി പദ്ധതിയുടെ കീഴില്‍ തീരുവതാംകൂര്‍-കൊച്ചി സംസ്ഥാനത്തുനിന്നുള്ള മലയാളി കുടുംബങ്ങളെയാണ് മധ്യപ്രദേശിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഈ കുടുംബങ്ങളെ റെയ്‌സണ്‍ ജില്ലയിലെ ഇത്‌ഖേഡി, ഇമിലിയ, ഉറുദുമാവോ, മജൂസ് കലാന്‍ എന്നിവടങ്ങളിലാണ് പുനരധിവസിപ്പിച്ചത്. നെഹ്‌റുവിന്റെ രണ്ടാം മന്ത്രിസഭയുടെ കേന്ദ്ര യന്ത്രവത്കൃത കൃഷി പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇന്ത്യയിലെ കൃഷി ആധുനികവത്കരിക്കുകയായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം. എന്നാല്‍, 1956ല്‍ മധ്യപ്രദേശ് സംസ്ഥാനം രൂപീകരിച്ചശേഷം ഈ പദ്ധതി അവസാനിപ്പിച്ചു.
''കേരളത്തില്‍ നിന്നുള്ള ദരിദ്രരായ ജനങ്ങളെയാണ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചത്. ഓരോ കുടുംബത്തിനും ഏകദേശം 12 ഏക്കര്‍ ഭൂമി നല്കി. എന്നാല്‍ അക്കാലത്ത് ഇവിടെയത്തിയ ആളുകള്‍ക്ക് ഇവിടുത്തെ കൃഷിരീതികളെക്കുറിച്ച് അറിയില്ലായിരുന്നു. ഇവിടുത്തെ കാലാവസ്ഥയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും അവര്‍ക്ക് പരിചയമില്ലായിരുന്നു. അതിനാല്‍ കുറച്ചു കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങിപ്പോയി,'' ഗ്രാമവാസിയും മുൻ സൈനികനുമായ ഇ വി തോമസ് പറഞ്ഞതായി ഇടിവി ഭാരത് റിപ്പോര്‍ട്ടു ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
May 31, 2025 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
100 ശതമാനം സാക്ഷരതയും കുറഞ്ഞ കുറ്റകൃത്യനിരക്കും; മധ്യപ്രദേശിലെ 'മിനി കേരളം'