ഭോപ്പാൽ: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേർ മരിച്ചതായി റിപ്പോർട്ട്. സിദ്ധി ജില്ലയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്. അൻപതോളം യാത്രക്കാരുമായെത്തിയ ബസ് നിയന്തണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. സിദ്ധിയിൽ നിന്നും സത്നയിലേക്ക് പുറപ്പെട്ട യാത്രാ ബസ് രാവിലെ ഏഴരയോടെയാണ് രാംപുർ നയ്കിൻ പ്രദേശത്ത് വച്ച് അപകടത്തില്‍പ്പെടുന്നത്.
Also Read-
മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ 16 മരണം; നിരവധി പേർക്ക് പരിക്ക്
ചുയ്യ താഴ്വര വഴി പോകേണ്ടിയിരുന്ന ബസ് അവസാന നിമിഷം റൂട്ട് മാറ്റി ഇതുവഴി പോയതാണെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഡ്രൈവറുടെ വാക്കുകൾ അനുസരിച്ച് ട്രാഫിക് ജാം ഒഴിവാക്കുന്നതിനായാണ് ഈ വഴി തെരഞ്ഞെടുത്തതെന്നാണ് സൂചന.
Also Read-
ആന്ധ്രയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിലിടിച്ച് 8 സ്ത്രീകൾ ഉൾപ്പെടെ14 പേർ മരിച്ചു
യാത്രാമധ്യേ നിയന്ത്രണം വിട്ട വാഹനം കനാലിലേക്ക് പതിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേന ഉടൻ തന്നെ സ്ഥലത്തെത്തി ക്രെയിനിന്‍റെ സഹായത്തോടെ ബസ് പുറത്തെത്തിച്ചു. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ സമീപത്തെ ബൻസാഗർ ഡാമിലെ ജലമൊഴുക്കും നിര്‍ത്തി വച്ചിട്ടുണ്ട്. 32 പേർക്ക് സഞ്ചരിക്കാവുന്ന ബസിൽ അമിത തിരക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഏകദേശം 54 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതിൽ ഏഴ് പേരെ രക്ഷാസംഘം രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാദൗത്യം തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്. അപകടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗതാഗതമന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി, അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തന്‍റെ ഇന്നത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.
മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ വലിയ അപകടം
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ അപകടവാർത്തയാണിത്. ഇന്നത്തെ ദുരന്തക്കണക്കുകൾ കൂടി ചേർത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന വാഹനാപകടങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം 68 പേർക്കാണ് ജീവൻ നഷ്ടമായത്.
ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു
അപകടം. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മൂന്നിനും 3.30നും ഇടയിൽ നടന്ന അപകടത്തിൽ എട്ട് സ്ത്രീകൾ ഉൾപ്പെടെ 14 പേരാണ് മരിച്ചത്. കർണൂൽ ജില്ലയിലെ മടാർപുരം ഗ്രാമത്തിൽ ദേശീയപാത 44ലായിരുന്നു അപകടം
മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ ജാല്‍ഗരൺ ജില്ലയിൽ
ട്രക്ക് അപകടത്തിൽപ്പെട്ടാണ് പതിനഞ്ച് പേർ മരിച്ചത്. ഇതിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. യവലിൽ നിന്നും പപ്പായ ലോഡ് കയറ്റി മടങ്ങുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.