കാണാതായ 79കാരിയെ കണ്ടെത്തിയത് ജിപിഎസ് ട്രാക്ക് ചെയ്ത്
- Published by:Sarika N
- news18-malayalam
Last Updated:
സൈറ ബി താജുദ്ദീന്‍ മുല്ല എന്ന സ്ത്രീയെയാണ് സായാഹ്ന നടത്തത്തിനിടെ കാണാതായത്
ജിപിഎസ് ട്രാക്ക് ചെയ്ത് കാണാതായ വസ്തുക്കള്‍ കണ്ടെത്തുന്നത് പുതിയ കാര്യമല്ല. വാച്ചും ഫോണും അടക്കം ഇങ്ങനെ കണ്ടെത്തിയ സംഭവങ്ങൾ നിരവധിയാണ്. എന്നാല്‍ മാലയില്‍ ഘടിപ്പിച്ച ജിപിഎസ് വഴി കാണാതായ ഒരാളെ കണ്ടെത്തിയെന്ന് പറഞ്ഞാലോ? മുംബൈയിലാണ് സംഭവം നടന്നത്. കാണാതായ വയോധികയെ അവരുടെ മാലയിൽ ഘടിപ്പിച്ച ജിപിഎസ് ഉപകരണം ട്രാക്ക് ചെയ്ത് കണ്ടെത്തുകയായിരുന്നു.
ദക്ഷിണ മുംബൈയില്‍ സായാഹ്ന നടത്തത്തിന് ഇറങ്ങിയ 79-കാരിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. ഇതോടെ അവരുടെ കുടുംബം വലിയ ആശങ്കയിലും പരിഭ്രാന്തിയിലുമായി. എന്നാല്‍ ചെറുമകന്‍ അവരുടെ നെക്ലേസില്‍ ഘടിപ്പിച്ച ജിപിഎസ് ട്രാക്ക് ചെയ്ത് സ്ത്രീയെ കണ്ടെത്താനായി.
സൈറ ബി താജുദ്ദീന്‍ മുല്ല എന്ന സ്ത്രീയെയാണ് സായാഹ്ന നടത്തത്തിനിടെ കാണാതായത്. ഡിസംബര്‍ മൂന്ന് വൈകിട്ട് ഇവര്‍ നടക്കാനിറങ്ങിയതായിരുന്നു. സേവ്രീ പ്രദേശത്ത് നടക്കുന്നതിനിടയില്‍ ഇവരെ ഒരു ഇരുച്ചക്ര വാഹനം ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് ചില കാല്‍നട യാത്രക്കാര്‍ അവരെ കെഇഎം ആശുപത്രിയില്‍ എത്തിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഈ വിവരങ്ങളൊന്നും അവരുടെ വീട്ടുകാർ അറിഞ്ഞതുമില്ല.
advertisement
വൈകിട്ട് നടക്കാന്‍ പോയ മുല്ല ഏറെ വൈകിയിട്ടും വീട്ടില്‍ എത്താതായപ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. എന്നാല്‍ നല്ലസൊപാരയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അവരുടെ ചെറുമകന്‍ മുഹമ്മദ് വസീം അയൂബ് മുല്ല മുത്തശ്ശിയുടെ മാലയില്‍ ഘടിപ്പിച്ച ജിപിഎസ് ട്രാക്ക് ചെയ്തപ്പോള്‍ അവര്‍ കെഇഎം ആശുപത്രിയില്‍ ഉണ്ടെന്ന് കുടുംബാംഗങ്ങള്‍ക്ക് മനസ്സിലായി.
ഇതോടെ വീട്ടുകാര്‍ ആശുപത്രിയിലെത്തി അവരെ കണ്ടെത്തി. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ മുല്ലയെ ജെജെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവര്‍ മരുന്നുകളോട് പ്രതികരിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
December 09, 2025 1:11 PM IST


