മുംബൈ: ശിവസേനക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസ്. ഒരാഴ്ചയായി നീളുന്ന സോഷ്യൽ മീഡിയ വാക്പയറ്റിന് തുടർച്ചയായാണ് ട്വിറ്ററിലൂടെ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയ്ക്കെതിരെ അമൃതയുടെ ഒളിയമ്പ്.
നേരത്തെ സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലും അമൃത ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറയ്ക്കെതിരെ രംഗത്തു വന്നിരുന്നു. എന്റെ പേര് രാഹുൽ ഗാന്ധി എന്നാണ് രാഹുൽ സവർക്കറല്ല എന്ന രാഹുലിന്‍റെ പരാമർശത്തെ എതിര്‍ത്തു കൊണ്ട് ദേവേന്ദ്ര ഫഡ്നവിസ് പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായിട്ടായിരുന്നു ഇത്. പേരിനൊപ്പം താക്കറെ എന്നു ചേർക്കുന്നതു കൊണ്ട് മാത്രം ആരും 'താക്കറെ' ആകില്ലെന്നായിരുന്നു വിമർശനം. ഇതിന് തുടർച്ചയായാണ് പുതിയ ട്വീറ്റെന്നാണ് കരുതപ്പെടുന്നത്.
'മോശം നേതാവിനെ കിട്ടിയത് മഹാരാഷ്ട്രയുടെ തെറ്റല്ല.. എന്നാൽ അയാൾക്കൊപ്പം തുടരുന്നത് തെറ്റാണ്.. ഉണരു മഹാരാഷ്ട്ര..' എന്നായിരുന്നു അമൃതയുടെ ട്വീറ്റ്. ശിവസേനയുടെ ഭരണത്തിലിരിക്കുന്ന താനെ മുന്‍സിപ്പൽ കോര്‍പ്പറേഷൻ അവിടുത്തെ ജീവനക്കാരുടെ സാലറി അക്കൗണ്ട് അമൃത ഫഡ്നവിസ് ഉയർന്ന സ്ഥാനത്തിരിക്കുന്ന ആക്സിസ് ബാങ്കിൽ നിന്നും മറ്റൊരു ദേശസാൽകൃത ബാങ്കിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ വിമർശനമെത്തുന്നത്.
ശിവസേന സർക്കാരിനെതിരെ താൻ ഉന്നയിക്കുന്ന വിമർശനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന ഒരു പത്രവാര്‍ത്ത കൂടി പങ്കു വച്ചു കൊണ്ടാണ് അമൃതയുടെ ട്വീറ്റ്. 'ദേവേന്ദ്ര ഫഡ്നവിസിനെ താൻ വിവാഹം ചെയ്യുന്നതിന് വളരെ മുൻപ് കോൺഗ്രസ്-എൻസിപി ഭരണകാലത്തു തന്നെ സാലറി അക്കൗണ്ടുകൾ ആക്സിസ് ബാങ്കിലായിരുന്നു. പ്രൈവറ്റ് ബാങ്കുകളും ഇന്ത്യൻ ബാങ്കുകൾ തന്നെയാണ്.. ഇപ്പോൾ സാലറി അക്കൗണ്ടുകൾ മാറ്റുന്നതിലൂടെ സർക്കാർ എന്നെയും ദേവേന്ദ്രയെയുമാണ് ലക്ഷ്യം വയ്ക്കുന്ന'തെന്നാണ് ഈ വിഷയത്തിൽ അമൃത പ്രതികരിച്ചത്.
'ദേവേന്ദ്ര ഒരിക്കലും വ്യക്തികളെ ലക്ഷ്യം വച്ചിരുന്നില്ല.. ഇത് അഭിപ്രായ സ്വതന്ത്ര്യത്തിന് എതിരാണ്.. ഞാനും ദേവേന്ദ്രയും നിബ്ദരായിരിക്കില്ല.. തെറ്റു കണ്ടാൽ അല്ലെങ്കിൽ ജനങ്ങളെ മോശമായി ബാധിക്കുന്ന തീരുമാനങ്ങൾ ഉണ്ടായാൽ ഞാൻ ശബ്ദം ഉയർത്തുക തന്നെ ചെയ്യുമെന്നും അമൃത കൂട്ടിച്ചേർത്തു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.