ന്യൂഡൽഹി: യുപി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പ്രിയങ്കയുടെ ലഖ്നൗ സന്ദർശനം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായ വിരമിച്ച ഐപിഎസ് ഓഫീസർ എസ് ആർ ധാരപുരിയെ സന്ദർശിക്കാനെത്തിയതായിരുന്നു കോൺഗ്രസ് നേതാവ്. എന്നാൽ പൊലീസ് ഇവരെ തടഞ്ഞതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
വാഹനത്തിലെത്തിയ പ്രിയങ്ക, പൊലീസ് തടഞ്ഞതിനെ തുടർന്ന് കാല്‍നടയായാണ് തന്റെ ലക്ഷ്യ സ്ഥാനത്തെത്തിയത്. ഇതിനിടെയാണ് പൊലീസ് തന്നെ കയ്യേറ്റം ചെയ്തതെന്നാണ് പ്രിയങ്ക ആരോപിക്കുന്നത്. 'അവർ തടയാൻ ശ്രമിച്ചപ്പോൾ താൻ പ്രതിരോധിച്ചു. ഇതിനെ തുടർന്ന് കഴുത്തിന് കുത്തിപ്പിടിച്ച് തള്ളുകയായിരുന്നു' എന്നാണ് ആരോപണം. 'തന്നെ തടയാൻ അവർക്ക് ഒരു അവകാശവും ഇല്ല.. അവർക്ക് വേണമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു' എന്നും വ്യക്തമാക്കിയ പ്രിയങ്ക, ഭീരുത്വപരമായാണ് യുപി പൊലീസ് പെരുമാറിയതെന്നും വിമർശിച്ചു.
കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ പ്രിയങ്ക വിവരിക്കുന്നത് ഇങ്ങനെയാണ്..' ഞങ്ങൾ പോകുന്ന വഴിയിൽ തടസമായി ഒരു പൊലീസ് വാഹനമെത്തി.. പോകാനാകില്ലെന്നാണ് പൊലീസുകാർ അറിയിച്ചത്. എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് മുന്നോട്ട് പോകാൻ അനുവാദമില്ലെന്നും പറഞ്ഞു.. ഇതിനെ തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി ഞാൻ നടക്കാൻ ആരംഭിച്ചു.. പെട്ടെന്ന് വളഞ്ഞ പൊലീസുകാരിൽ ഒരു വനിതാ പൊലീസുകാരി എന്നെ കഴുത്തിന് കുത്തിപ്പിടിച്ചു.. മറ്റൊരാൾ തള്ളുകയും ചെയ്തതോടെ ഞാൻ നിലത്തു വീണു.. എന്നെ ബലമായി പിടിച്ചു നിർത്തിയ ശേഷം മറ്റൊരു പൊലീസുകാരി കഴുത്തിന് പിടിച്ച് പിറകിലേക്ക് വലിച്ചു. എന്നാൽ ഞാൻ പിന്മാറാൻ തയ്യാറായിരുന്നില്ല.. പൊലീസ് അടിച്ചമർത്തല്‍ നേരിടേണ്ടി വന്ന ഓരോ പൗരനും ഒപ്പമാണ് ഞാൻ നില കൊള്ളുന്നത്.. ഇതാണ് എന്റെ സത്യാഗ്രഹം..'
എന്നാൽ പ്രിയങ്കയുടെ ആരോപണങ്ങളെ തള്ളി യുപി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് ഇവരുടെ വാദം. പ്രിയങ്കയുടെ വാഹനം പറഞ്ഞിരുന്ന വഴിയിൽ നിന്ന് മാറിയാണ് സഞ്ചരിച്ചതെന്നും പൊലീസ് കയ്യേറ്റം ചെയ്തുവെന്നതടക്കമുള്ള ആരോപണങ്ങൾ തെറ്റാണെന്നുമാണ് ലക്നൗ സീനിയർ സൂപ്രണ്ടന്റ് കലാനിധി നൈതിനി അറിയിച്ചിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.