'സാമൂഹ്യ സേവനത്തിൽ വിശ്വസിക്കുന്നു'; വീരപ്പന്‍റെ മകളും യുവമോർച്ച തമിഴ്നാട് വൈസ്പ്രസിഡന്‍റുമായ വിദ്യാറാണി
- Published by:Asha Sulfiker
- news18-malayalam
Last Updated:
അച്ഛനായ വീരപ്പനെക്കുറിച്ച് തനിക്ക് വലിയ ഓര്‍മകളൊന്നുമില്ലെന്നാണ് വിദ്യ പറയുന്നത്. ആറോ-ഏഴോ വയസുള്ളപ്പോൾ ആകെ ഒരുതവണ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്.
ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ കഠിന ശ്രമങ്ങൾ നടത്തുകയാണ് ബിജെപി. ഇതിന് മുന്നോടിയായി വിദ്യ വീരപ്പനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാർട്ടി യുവജനസംഘടന വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തിച്ചിരുന്നു. വനം കൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകളാണ് 29കാരിയായ വിദ്യ. യുവജന സംഘടനയുടെ നേതൃനിരയിലേക്കെത്തിയ വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ച വിദ്യ, സാമൂഹ്യ സേവനത്തിൽ വിശ്വസിക്കുന്നു എന്നാണ് പ്രതികരിച്ചത്.
സ്കൂൾ നടത്തി വരുന്ന വിദ്യ, ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി പരിചയപ്പെട്ടതിന് ശേഷമാണ് പാർട്ടിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നതും അംഗത്വം എടുക്കുന്നതും. സാമൂഹ്യ സേവനമാണ് തന്‍റെ ലക്ഷ്യമെന്ന് മനസിലാക്കിയ കേന്ദ്രമന്ത്രി തന്നെയാണ് തന്നെ പാർട്ടിയിൽ ചേരാൻ നിർദേശിച്ചതെന്നാണ് വിദ്യ പറയുന്നത്. എൻഡിഎ സഖ്യത്തിൽ ഉൾപ്പെട്ട PMKയുടെ ഘടകകക്ഷിയായ തമിഴക വാഴ്വ്മുറൈ കക്ഷി അംഗമാണ് വിദ്യയുടെ അമ്മ മുത്തുലക്ഷ്മി.
അച്ഛനായ വീരപ്പനെക്കുറിച്ച് തനിക്ക് വലിയ ഓര്‍മകളൊന്നുമില്ലെന്നാണ് വിദ്യ പറയുന്നത്. ആറോ-ഏഴോ വയസുള്ളപ്പോൾ ആകെ ഒരുതവണ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. 'വെക്കേഷനായി മുത്തച്ഛന്‍റെ വീട്ടിലെത്തിയപ്പോൾ അച്ഛൻ കാണാൻ വന്നിരുന്നു.. ഞങ്ങൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വന്നത്. കുറച്ച് സമയം സംസാരിച്ചു.. എന്നിട്ട് മടങ്ങിപ്പോയി' വിദ്യ പറയുന്നു. ഡോക്ടറായി സാമൂഹ്യ സേവനം നടത്തണമെന്ന് അച്ഛൻ പറയാറുണ്ടായിരുന്നുവെന്ന കാര്യവും നിയമബിരുദധാരി കൂടിയായ യുവതി ഓർത്തെടുക്കുന്നു.
advertisement
TRENDING:Gold Smuggling | ആദ്യം ഡമ്മി പരീക്ഷണം; സ്വപ്നയും കൂട്ടരും 23 തവണയായി കടത്തിയത് 230 കിലോ സ്വർണമെന്ന് കസ്റ്റംസ്[NEWS]'രാവണന്റെ വൈമാനിക നേട്ടങ്ങൾ എന്തൊക്കെ?'; നഷ്ടമായ പാരമ്പര്യത്തേക്കുറിച്ച് ഗവേഷണവുമായി ശ്രീലങ്ക[NEWS]വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു; അധ്യാപകൻ അറസ്റ്റിൽ[NEWS]
'അച്ഛന് രാഷ്ട്രീയത്തിൽ താത്പ്പര്യമുണ്ടായിരുന്നില്ല.. തന്‍റെ ചുറ്റുപാടുമുള്ള ലോകം മനസിലാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തികൾ.. വാണിയാർ സമൂഹത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ പല തരത്തിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്നും വിദ്യ കൂട്ടിച്ചേർത്തു.
advertisement
തമിഴ്നാട്, കേരളം, കർണാടക വനാന്തരങ്ങളില്‍ വിഹരിച്ച് നടന്ന കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്നു വീരപ്പൻ. ആനക്കൊമ്പ് കടത്തൽ, ചന്ദനക്കൊള്ള, പ്രമുഖരെ തട്ടിക്കൊണ്ടു പോയി വിലപേശൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് വീരപ്പൻ നടത്തിയിട്ടുള്ളത്. ഏതാണ്ട് 150 പേരുടെ മരണത്തിനും ഇയാൾ കാരണക്കാരനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാടു വിറപ്പിച്ച് നടന്ന വീരപ്പനെ 2004 ൽ തമിഴ്നാട് പൊലീസ് പ്രത്യേക ദൗത്യസംഘം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
ദൗത്യ സംഘത്തെ നയിച്ച കെ.വിജയകുമാർ പിന്നീട് വീരപ്പന്‍റെ ജീവിതത്തെക്കുറിച്ചെഴുതിയ പുസ്തകത്തിൽ വിദ്യയെക്കുറിച്ച് പറയുന്നുണ്ട്.. വീരപ്പന്‍റെ ഭാര്യ മുത്തുലക്ഷ്മി പൊലീസിൽ കീഴടങ്ങിയ ശേഷമാണ് മകളുടെ ജനനം. പ്രത്യേക ദൗത്യസംഘത്തിലെ തന്നെ ഒരു ഉദ്യോഗസ്ഥനാണ് ആ കുഞ്ഞിന് വിദ്യാ റാണി എന്ന പേര് നൽകിയതെന്നും പുസ്തകത്തിൽ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2020 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'സാമൂഹ്യ സേവനത്തിൽ വിശ്വസിക്കുന്നു'; വീരപ്പന്‍റെ മകളും യുവമോർച്ച തമിഴ്നാട് വൈസ്പ്രസിഡന്‍റുമായ വിദ്യാറാണി