വാക്ക് പറഞ്ഞാൽ പറഞ്ഞതാ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റു; രാജസ്ഥാൻ മന്ത്രി രാജിവച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
തന്‍റെ മേല്‍നോട്ടത്തിലുള്ള ഏഴു സീറ്റുകളിൽ ഏതെങ്കിലും ഒന്ന് ബിജെപിക്ക് നഷ്ടമായാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ലോകാസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ ബിജെപി നേതാവ് കിരോഡി ലാല്‍ മീണ മന്ത്രിസ്ഥാനം രാജിവച്ചു. തന്‍റെ മേല്‍നോട്ടത്തിലുള്ള ഏഴു സീറ്റുകളിൽ ഏതെങ്കിലും ഒന്ന് ബിജെപിക്ക് നഷ്ടമായാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തന്റെ കഠിനാധ്വാനം കൊണ്ട് കിഴക്കൻ രാജസ്ഥാനിലെ ഏഴ് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് അവസരം നൽകിയതെന്നും മീണ പറഞ്ഞിരുന്നു.
എന്നാൽ ജൂൺ 4 ന് വന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ മീണയുടെ സ്വദേശമായ ദൗസ ഉൾപ്പടെയുള്ള സീറ്റുകളിൽ ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ദൗസയിൽ കോൺഗ്രസിൻ്റെ മുരാരി ലാൽ മീണയാണ് വിജയിച്ചത്. 2.37 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ആണ് അദ്ദേഹം ബിജെപിയുടെ കനയ്യ ലാൽ മീണയെ പരാജയപ്പെടുത്തിയത്. മൊത്തം 25 ലോക്‌സഭാ സീറ്റുകളിൽ 14 സീറ്റാണ് ബിജെപി നേടിയത്. 2019ലെ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യപ്പെടുത്തുമ്പോൾ ബിജെപിക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. 2019ലെ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിൽ 24 ഉം ബിജെപി പിടിച്ചെടുത്തിരുന്നു.
advertisement
"എൻ്റെ പാർട്ടിയെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ഞാൻ പ്രഖ്യാപിച്ചിരുന്നു. അത് ഞാൻ പാലിച്ചു. പാർട്ടി വിജയിച്ചില്ലെങ്കിൽ രാജിവയ്ക്കേണ്ടത് എൻ്റെ ധാർമിക കടമയാണ്. ഞാൻ മുഖ്യമന്ത്രിയെ കണ്ടു. അദ്ദേഹം എൻ്റെ രാജി നിരസിച്ചു, പിന്നീട് ഞാൻ എൻ്റെ രാജിക്കത്ത് തപാൽ വഴി അയച്ചു. ഞാൻ നാളെ ഡൽഹിയിലേക്ക് പോകും ”കിരോഡി ലാല്‍ മീണ വാർത്താ ഏജൻസിയായ എഎൻഐയോട്പറഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കിരോഡി ലാൽ മീണയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ പാർട്ടി ഹൈക്കമാൻഡ് ആദ്യമായി എംഎൽഎയായ ഭജൻലാൽ ശർമ്മയെ തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം മുൻ രാജ്യസഭാ എംപി കൂടിയാണ്. ദൗസ, സവായ് മധോപൂർ എന്നിവിടങ്ങളിൽ നിന്ന് ലോക്‌സഭാ എംപിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
July 04, 2024 5:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വാക്ക് പറഞ്ഞാൽ പറഞ്ഞതാ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റു; രാജസ്ഥാൻ മന്ത്രി രാജിവച്ചു