ഏപ്രിൽ 14-ന് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്‌കറിന്റെ നൂറ്റിമുപ്പതാം ജന്മവാർഷികം സമത്വദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പശ്ചിമ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ. അംബേദ്കറിന് ആഗോള തലത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയ്ക്കുള്ള അംഗീകാരമാണ് ബ്രിട്ടീഷ് കൊളംബിയയുടെ ഈ തീരുമാനമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും പ്രബുദ്ധരായ ഇന്ത്യക്കാരും ഒരേ സ്വരത്തിൽ പറയുന്നു.
തങ്ങളുടെ മുത്തച്ഛൻ സമൂഹത്തിലെ അധഃകൃത വിഭാഗങ്ങളുടെ ഐക്കൺ ആണെന്നും ഇപ്പോൾ ലോകം മുഴുവൻ അത് തിരിച്ചറിയുകയാണെന്നും അംബേദ്‌കറിന്റെ പേരക്കുട്ടികളായ വഞ്ചിത്ബഹുജൻ അഗാദി പ്രസിഡന്റ് ഡോ. പ്രകാശ് അംബേദ്കറും റിപ്പബ്ലിക്കൻ സേന പ്രസിഡന്റ് ആനന്ദ് രാജ് അംബേദ്കറും പറഞ്ഞു.
'ബ്രിട്ടീഷ് കൊളംബിയ ഗവൺമെന്റിന്റെ ഈ തീരുമാനം ഇന്ത്യയ്ക്കും അംബേദ്‌കറിന്റെ കുടുംബത്തിനും ലഭിച്ച വലിയൊരു ആദരമാണ്. ഡോ. അംബേദ്‌കറിന്റെ ഇടപെടലിലൂടെ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന സമത്വതത്വങ്ങൾ 1950നു ശേഷം സ്വാതന്ത്ര്യം ലഭിച്ച നിരവധി രാജ്യങ്ങളെ, തങ്ങളുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഈ ആശയങ്ങൾ ഉൾക്കൊള്ളിക്കാൻ പ്രചോദനം നൽകിയിട്ടുണ്ട്' - ഡോ. പ്രകാശ് അംബേദ്‌കർ ഐ എ എൻ എസ്സിനോട് പറയുന്നു.
ബ്രിട്ടീഷ് കൊളംബിയയുടെ തീരുമാനം അഭിമാനകരമായ ഒന്നാണെന്നും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഗൗതമ ബുദ്ധന് ശേഷം സമത്വചിന്ത പ്രചരിപ്പിച്ച ആദ്യത്തെ നേതാവായ അംബേദ്കറുടെ തത്വചിന്തയെ ലോകം മനസിലാക്കുകയും വിലമതിക്കുകയും ചെയ്യുന്നതിന്റെ സൂചനയാണ് ഇതെന്നും അനന്ദ്‌രാജ് അംബേദ്‌കർ പ്രതികരിച്ചു.
ഏപ്രിൽ ഒന്നിന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ലെഫ്റ്റനന്റ് ഗവർണറായ ജാനറ്റ് ഓസ്റ്റിനാണ് 2021 ഏപ്രിൽ 14, പ്രവിശ്യയിൽ 'ഡോ. ബി ആർ അംബേദ്‌കർ സമത്വദിനം' എന്ന പേരിൽ അറിയപ്പെടുമെന്ന പ്രഖ്യാപനം നടത്തിയത്. ബ്രിട്ടീഷ് കൊളംബിയയിലെ തദ്ദേശവാസികളും കറുത്ത ജനതയും നിറമുള്ള ആളുകളും വ്യവസ്ഥാപരമായ വംശീയത, അനീതി, വിവേചനം, വിദ്വേഷം എന്നിവ ഇപ്പോഴും നേരിടുന്നുണ്ടെന്നും എല്ലാ തരത്തിലുമുള്ള വംശീയതയ്ക്കും പരിഹാരം കാണാൻ ബ്രിട്ടീഷ് കൊളംബിയ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപനത്തിൽ പരാമർശിക്കുന്നു.
നിയമവിദഗ്ദ്ധൻ, സാമ്പത്തികശാസ്ത്രജ്ഞൻ, സാമൂഹ്യ പരിഷ്കർത്താവ്, നരവംശശാസ്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലൊക്കെ സുപ്രധാനമായ സംഭാവനകൾ നൽകിയ ഡോ. ബി ആർ അംബേദ്‌കർ 1891 ഏപ്രിൽ 14-നാണ് ജനിച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ട മഹർ എന്ന ജാതിയിൽ ജനിച്ച അദ്ദേഹം ജാതി വിവേചനത്തിന് എതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി മാറുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ തൊട്ടുകൂടായ്മ എന്താണെന്ന് നേരിട്ട് അനുഭവിക്കേണ്ടി വന്ന അംബേദ്‌കർ ആറാം വയസിൽ മുംബൈയിലേക്ക് പോവുകയും അവിടത്തെ പ്രസിദ്ധമായ എൽഫിൻസ്റ്റോൺ സ്‌കൂളിൽ പഠിക്കുന്ന ആദ്യത്തെ അയിത്ത ജാതിക്കാരനായി മാറുകയും ചെയ്തു.
ബോംബെ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയ അംബേദ്‌കർ പിന്നീട് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാല, ലണ്ടനിലെ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് എന്നിവിടങ്ങളിൽ പഠിക്കുകയും രണ്ട് പി എച്ച് ഡികൾ കരസ്ഥമാക്കിക്കൊണ്ട് അഭിഭാഷകനായി തിരിച്ചെത്തുകയും ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മാറിയ അംബേദ്‌കർ സ്വാതന്ത്ര്യത്തിന് ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ മന്ത്രിസഭയിലെ നിയമമന്ത്രിയും ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനുമായി മാറി.
സാധാരണ ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച അംബേദ്‌കർ 1956 ഒക്ടോബർ 14ന് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു. 1956 ഡിസംബർ ആറിന് അന്തരിച്ച അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങിൽ അഞ്ച് ലക്ഷത്തിൽപ്പരം ആളുകളാണ് പങ്കെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ambedkar