നെറ്റ്ഫ്ലിക്സിൽ ഹിറ്റായി മാറിയ വെബ് സീരീസായ മണി ഹെയ്സ്റ്റിന്റെ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഭിനേതാക്കൾ എല്ലാവരും ഷൂട്ടിങിനായി സെറ്റുകളിലാണുള്ളത്. ഷൂട്ടിങിന്റെ പുരോഗതിയെക്കുറിച്ച് ആരാധകരെ അറിയിക്കാനായി നടീനടന്മാർ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ മണി ഹെയ്‌സ്‌റ്റിൽ പ്രൊഫസറായി വേഷമിടുന്ന അൽവാരോ മോർട്ടെ കഥാപാത്രത്തിന്റെ വേഷമണിഞ്ഞ് നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രൊഫസർ എന്ന കഥാപാത്രത്തിന്റെ പ്രധാന ആകർഷണമായിരുന്ന വലിയ കണ്ണടയും ജാക്കറ്റും ഷർട്ടും ധരിച്ച് കയ്യിൽ ഒരു കപ്പ് കാപ്പിയുമായി ഔട്ട്ഡോർ ലൊക്കേഷനിൽ നിൽക്കുന്ന ചിത്രമാണ് മോർട്ടെ പങ്കുവെച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഷെയർ ചെയ്തതിന് ശേഷം 1,313,669 ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. മണി ഹെയ്‌സ്‌റ്റിന്റെ അടുത്ത സീസണിനായി കാത്തിരിക്കുന്ന ആരാധകരുടെ ആവേശവും പ്രതീക്ഷയും എത്രത്തോളമാണെന്ന് കമന്റ് സെക്ഷനിലൂടെ ഒന്നോടിച്ചു നോക്കിയാൽ അറിയാവുന്നതേയുള്ളൂ.
അതേസമയം, ഈ വെബ് സീരിസിലെ മറ്റൊരു നടിയും ഷൂട്ടിങ്സൈറ്റിൽ നിന്നുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഷോയുടെ പ്രീ - പ്രൊഡക്ഷനെക്കുറിച്ച് സംസാരിക്കവെ ടോക്കിയോ എന്ന കഥാപാത്രമായുള്ള തന്റെ ഏറ്റവും പുതിയ ചിത്രമാണ് ഉർസുല കോർബറോ കഴിഞ്ഞയാഴ്ച പങ്കു വെച്ചത്. ചിത്രത്തിനോടൊപ്പം നൽകിയ ക്യാപ്‌ഷനിലൂടെ ആരാധകരെ കൂടുതൽ ഉദ്വേഗഭരിതരാക്കി മാറ്റിയിരിക്കുകയാണ് താരം. മണി ഹെയ്സ്റ്റിന്റെ അഞ്ചാം സീസൺ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുമെന്നാണ് ഉർസുല തന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
അടുത്ത സീസണ്‍ ചിത്രീകരണത്തിനായി ഒരു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങളാണ് നടത്തിയത് എന്നാണ് ഷോ ക്രിയേറ്ററായ അലക്സ് പിന പറയുന്നത്. 'ലാ കാസ ഡി പാപേല്‍' എന്ന പേരില്‍ സ്പാനിഷ് ഭാഷയില്‍ ഇറങ്ങിയ സീരീസാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മണി ഹെയ്സ്റ്റായി മാറിയത്. പ്രൊഫസര്‍ എന്ന സമര്‍ത്ഥനായ ആസൂത്രകന്‍റെ നേതൃത്വത്തില്‍ വന്‍മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെയ്സ്റ്റ്.
ഫെബ്രുവരിയിൽ റിലീസ് ഉണ്ടെന്നായിരുന്നു തുടക്കത്തിൽ വന്ന അഭ്യൂഹങ്ങൾ. എന്നാൽ അത് സംഭവിച്ചില്ല. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇനിയും പൂർത്തിയാവാത്തതിനാൽ റിലീസ് വൈകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്‌സ്റ്റിന് അവസാനമാകും. സീരീസിലെ ഏറ്റവും സംഘർഷഭരിതമായ എപ്പിസോഡുകൾക്ക് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 2017ലാണ് മണി ഹെയ്‌സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയിൽ ഒരുക്കിയ ഈ സീരീസ് പേരിൽ ആന്റിന 3 എന്ന സ്പാനീഷ് ടെലിവിഷൻ നെറ്റ്‌വർക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്.
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് മണി ഹെയ്‌സ്‌റ്റിന്റെ ഷൂട്ടിങ് പല തവണ നിർത്തി വെക്കേണ്ടതായി വന്നിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയുള്ള ഈ പുതിയ അപ്ഡേറ്റുകൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.